ഗുവാഹത്തി : അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ 150-ാം മത്സരത്തില്‍ പന്തുതട്ടാനൊരുങ്ങി ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി (Sunil Chhetri). ചൊവ്വാഴ്‌ച അഫ്‌ഗാനിസ്ഥാനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത (FIFA World Cup 2026) മത്സരത്തില്‍ നീലക്കുപ്പായമണിഞ്ഞ് ഛേത്രി ഇറങ്ങുന്നത് കരിയറിലെ സുപ്രധാന നാഴികക്കല്ലിലേക്കാണ്. പ്രായം 39 ആണെങ്കിലും പഴകും തോറും വീര്യമേറുന്ന വീഞ്ഞുപോലെയാണ് ഇന്ത്യന്‍ ഫുട്‌ബോളിന് ഛേത്രി.
താരത്തിന്‍റെ ബൂട്ടുകളില്‍ രാജ്യത്തിന്‍റെ പ്രതീക്ഷ ഏറെയാണ്. എന്നാല്‍ രാജ്യത്തിന് വേണ്ടി കളിക്കുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണിപ്പോള്‍ ഛേത്രി. എഐഎഫ്എഫിന് നൽകിയ അഭിമുഖത്തിലാണ് ബ്ലൂ ടൈഗേഴ്‌സ് നായകൻ ഇതേക്കുറിച്ച് സംസാരിച്ചത്. ഛേത്രിയുടെ വാക്കുകള്‍ ഇങ്ങനെ....
"ഡല്‍ഹിയില്‍ സുബ്രതോ കപ്പില്‍ അരങ്ങേറ്റം നടത്തുമ്പോള്‍, രാജ്യത്തിന് വേണ്ടി കളിക്കുമെന്ന് ഞാന്‍ ചിന്തിക്കുകയോ, അല്ലെങ്കില്‍ അത്തരത്തില്‍ സ്വപ്‌നം കാണുകയോ ചെയ്‌തിരുന്നില്ല. എന്നെ സംബന്ധിച്ച് ഒരു പ്രൊഫഷണല്‍ ക്ലബിന്‍റെ സജ്ജീകരണത്തിന് എത്തുകയെന്നത് തന്നെ പ്രയാസകരമായിരുന്നു. കാരണം ലക്ഷ്യസ്ഥാനവുമായി എന്‍റെ പ്രവർത്തനങ്ങളെ നേരിട്ട് ബന്ധിപ്പിക്കുന്ന യാതൊന്നും തന്നെ ഉണ്ടായിരുന്നില്ല.
പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ഏതെങ്കിലും ക്ലബ്ബിൽ കളിക്കുന്ന ഒരു കുട്ടിക്ക്, അവനോ അല്ലെങ്കില്‍ അവളോ ആഗ്രഹിക്കുന്നിടത്ത് എത്താൻ എന്താണ് ചെയ്യേണ്ടതെന്ന് അറിയാം. എന്നാല്‍ എന്‍റെ തുടക്ക കാലം അങ്ങനെ ആയിരുന്നില്ല. അതുകൊണ്ട് തന്നെ രാജ്യത്തിന് വേണ്ടി കളിക്കുമെന്ന് ഞാൻ ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല" - സുനില്‍ ഛേത്രി പറഞ്ഞു.
അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ 150 മത്സരങ്ങളെന്ന റെക്കോഡിന്‍റെ വക്കിലാണ് താനുള്ളതെന്ന് അടുത്ത ദിസങ്ങളിലാണ് മനസിലാക്കിയതെന്നും ഛേത്രി വെളിപ്പെടുത്തി. "നേരത്തെ പറഞ്ഞതുപോലെ തന്നെ, ഒരു ദിവസം രാജ്യത്തിന് വേണ്ടി കളിക്കാൻ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. സത്യം പറഞ്ഞാല്‍ അന്താരാഷ്‌ട്ര കരിയറില്‍ 150 മത്സരമെന്ന നാഴികക്കല്ലിന് അരികെയാണ് ഞാനുള്ളതെന്ന് കുറച്ച് ദിനങ്ങള്‍ക്ക് മുമ്പ് എനിക്ക് അറിയില്ലായിരുന്നു. തീര്‍ത്തും ഇതൊരു അവിശ്വസനീയമായ നേട്ടമാണ്"- സുനില്‍ ഛേത്രി കൂട്ടിച്ചേര്‍ത്തു.
2005 ജൂൺ 12-ന് പാകിസ്ഥാനെതിരെ ക്വറ്റയിൽ നടന്ന സൗഹൃദ മത്സരത്തിലാണ് ഛേത്രി ആദ്യമായി സീനിയർ ദേശീയ ടീമിന്‍റെ ജഴ്‌സി അണിയുന്നത്. 1-1ന് സമനിലയില്‍ അവസാനിച്ച മത്സരത്തില്‍ ഇന്ത്യന്‍ ഗോള്‍ പട്ടികയില്‍ തന്‍റെ പേര് ചേര്‍ത്തുകൊണ്ടായിരുന്നു താരം വരവറിയിച്ചത്. തുടര്‍ന്ന് രാജ്യത്തിനായി ഇതേവരെ കളിച്ച 149 മത്സരങ്ങളില്‍ നിന്നും 93 ഗോളുകളാണ് 39-കാരന്‍ അടിച്ചുകൂട്ടിയിട്ടുള്ളത്. ഇന്ത്യയുടെ 11 കിരീട നേട്ടങ്ങളില്‍ താരം സുപ്രധാന പങ്കും വഹിച്ചിട്ടുണ്ട്.