ന്യൂഡല്‍ഹി : ഐപിഎല്‍ പതിനേഴാം പതിപ്പില്‍ കളത്തിലിറങ്ങുന്ന ഓരോ മത്സരങ്ങളിലും പുത്തൻ റെക്കോഡുകള്‍ സ്വന്തം പേരിലാക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. സീസണില്‍ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തോടെ റണ്‍വേട്ടയ്‌ക്കൊപ്പം തുടങ്ങിയ റെക്കോഡ് വേട്ട ഡല്‍ഹി കാപിറ്റല്‍സിനെതിരായ അവസാന മത്സരത്തിലും ആവര്‍ത്തിക്കാൻ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി. ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത എസ്ആര്‍എച്ച് ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 266 റണ്‍സായിരുന്നു അടിച്ചെടുത്തത്.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ സ്കോറാണ് ഇത്. ഈ നാല് സ്കോറുകളില്‍ മൂന്നും ഹൈദരാബാദ് ഈ സീസണില്‍ നേടിയതാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ നേടിയ 287 റണ്‍സാണ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോര്‍.
മുംബൈ ഇന്ത്യൻസിനെതിരെ 277 റണ്‍സും ഹൈദരാബാദ് ഈ സീസണില്‍ നേടിയിരുന്നു. ഡല്‍ഹി കാപിറ്റല്‍സിനെതിരെ 272 റണ്‍സ് അടിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ഇതിന് പിന്നിലാണ് ഇപ്പോള്‍ ഡല്‍ഹിക്കെതിരായ ഹൈദരാബാദിന്‍റെ 266 റണ്‍സിന്‍റെ സ്ഥാനം.
ഇത് കൂടാതെ, ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സറുകള്‍ എന്ന സ്വന്തം നേട്ടം വീണ്ടും ആവര്‍ത്തിക്കാനും ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ഹൈദരാബാദിന് കഴിഞ്ഞിരുന്നു. ഡല്‍ഹിക്കെതിരെ 22 സിക്‌സറുകളാണ് ഹൈദരാബാദ് പറത്തിയത്. നേരത്തെ, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയും ഹൈദരാബാദ് ഇത്രയും സിക്‌സറുകള്‍ ഗാലറിയിലേക്ക് എത്തിച്ചിരുന്നു.
ഈ റെക്കോഡ് പട്ടികയില്‍ ആര്‍സിബിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് പിന്നിലുള്ള ടീം. 2013ല്‍ പൂനെ വാരിയേഴ്‌സിനെതിരെ 2 സിക്‌സറുകളായിരുന്നു ആര്‍സിബി നേടിയത്.
അതേസമയം, ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 67 റണ്‍സിന്‍റെ ജയമായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഹൈദരാബാദ് ഉയര്‍ത്തിയ 267 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 19.1 ഓവറില്‍ 199 റണ്‍സില്‍ ഓള്‍ഔട്ടാകുകയായിരുന്നു. ഹൈദരാബാദിനായി പേസര്‍ നടരാജൻ നാല് വിക്കറ്റാണ് മത്സരരത്തില്‍ നേടിയത്.
Read More : ഡല്‍ഹിയിലും 'ഹൈദരാബാദ് ഷോ'; അഞ്ചാം ജയം സ്വന്തമാക്കി പാറ്റ് കമ്മിൻസും സംഘവും - DC Vs SRH Match Highlights
18 പന്തില്‍ 68 റണ്‍സ് നേടിയ ജേക്ക് ഫ്രേസര്‍ മക്‌ഗുര്‍ക് ആയിരുന്നു ഡല്‍ഹിയുടെ ടോപ് സ്കോറര്‍. റിഷഭ് പന്ത് 35 പന്തില്‍ 44 റണ്‍സും അഭിഷേക് പോറെല്‍ 22 പന്തില്‍ 42 റണ്‍സും നേടി. മറ്റാര്‍ക്കും ഡല്‍ഹി നിരയില്‍ ബാറ്റുകൊണ്ട് തിളങ്ങാനായില്ല. നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഹൈദരാബാദിനായി ട്രാവിസ് ഹെഡ് (89), ഷഹബാസ് അഹമ്മദ് (59), അഭിഷേക് ശര്‍മ (46) എന്നിവര്‍ തിളങ്ങി.