ബെംഗളൂരു: ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ സൺറൈസേഴ്‌സ് ഹൈദരാബാദ് പടുത്തുയര്‍ത്തിയ റണ്‍മലയ്‌ക്ക് മുന്നില്‍ പൊരുതി വീണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 288 എന്ന റെക്കോഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആര്‍സിബിയ്‌ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 262 റണ്‍സ് നേടാനാണ് സാധിച്ചത്. സീസണില്‍ ആര്‍സിബിയുടെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണിത്.
ഹൈദരാബാദ് ഉയര്‍ത്തിയ കൂറ്റൻ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ആര്‍സിബിക്ക് ക്യാപ്‌റ്റൻ ഫാഫ് ഡുപ്ലെസിസും വിരാട് കോലിയും ചേര്‍ന്ന് വെടിക്കെട്ട് തുടക്കം തന്നെ സമ്മാനിച്ചു. ആദ്യ വിക്കറ്റില്‍ 80 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. 20 പന്തില്‍ 42 റണ്‍സ് നേടിയ വിരാട് കോലിയെ മത്സരത്തിന്‍റെ ഏഴാം ഓവറില്‍ പുറത്താക്കി മായങ്ക് മാര്‍കണ്ഡെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കി.
പിന്നാലെ, വില്‍ ജാക്‌സിന്‍റെ നിര്‍ഭാഗ്യകരമായ പുറത്താകല്‍ ആര്‍സിബിയ്‌ക്ക് തിരിച്ചടിയായി. ജയദേവ് ഉനദ്‌ഘട്ട് എറിഞ്ഞ എട്ടാം ഓവറില്‍ 4 പന്തില്‍ 7 റണ്‍സ് നേടിയ ജാക്‌സ് റണ്‍ഔട്ടാകുകയായിരുന്നു. 9-ാം ഓവറില്‍ രജത് പടിദാറിനെയും (9) ആര്‍സിബിയ്‌ക്ക് നഷ്‌ടമായി.
28 പന്തില്‍ 68 റണ്‍സ് നേടിയ ഫാഫ് ഡുപ്ലെസിസിനെയും സൗരവ് ചൗഹാനെയും ഒരോവറില്‍ വീഴ്‌ത്തി പാറ്റ് കമ്മിൻസ് ആര്‍സിബിയെ പ്രതിരോധത്തിലാക്കി. ഇതോടെ, 10 ഓവറില്‍ 122-5 എന്ന നിലയിലേക്ക് ആര്‍സിബി വീണു. ആറാം നമ്പറില്‍ ക്രീസിലെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്കാണ് മത്സരം പിന്നീട് ആവേശമാക്കിയത്.
മഹിപാല്‍ ലോംറോറിനൊപ്പം ആറാം വിക്കറ്റില്‍ 59 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉണ്ടാക്കാൻ കാര്‍ത്തിക്കിനായി. 15-ാം ഓവറില്‍ സ്കോര്‍ 181ല്‍ നില്‍ക്കെ ലോംറോറിനെ (11 പന്തില്‍ 19) മടക്കി പാറ്റ് കമ്മിൻസ് വീണ്ടും ആര്‍സിബി കുതിപ്പിന് തടയിട്ടു. എന്നാല്‍, മറുവശത്ത് തകര്‍ത്തടിച്ച കാര്‍ത്തിക്ക് തന്‍റെ പേരാട്ടം തുടര്‍ന്നെങ്കിലും തോല്‍വി ഭാരം കുറയ്‌ക്കാൻ മാത്രമാണ് ആ ഇന്നിങ്‌സിനായത്.
35 പന്തില്‍ 83 റണ്‍സ് നേടിയ കാര്‍ത്തിക്കിനെ 19-ാം ഓവറിലായിരുന്നു ആര്‍സിബിയ്‌ക്ക് നഷ്‌ടപ്പെടുന്നത്. അനൂജ് റാവത്തും (14 പന്തില്‍ 25), വൈശാഖ് വിജയകുമാറും (1) പുറത്താകാതെ് നിന്നു.
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മൂന്ന് വിക്കറ്റ് നഷ്‌ടത്തിലാണ് 287 റണ്‍സ് നേടിയത്. ട്രാവിസ് ഹെഡ് (41 പന്തില്‍ 102) സെഞ്ച്വറി നേടിയ മത്സരത്തില്‍ ഹെൻറിച്ച് ക്ലാസൻ (31 പന്തില്‍ 67), അബ്‌ദുല്‍ സമദ് (10 പന്തില്‍ 37), എയ്‌ഡൻ മാര്‍ക്രം (17 പന്തില്‍ 32), അഭിഷേക് ശര്‍മ (22 പന്തില്‍ 34) എന്നിവരും ബാറ്റ് കൊണ്ട് തിളങ്ങി. ആര്‍സിബിക്കായി ലോക്കി ഫര്‍ഗൂസണ്‍ രണ്ടും റീസ് ടോപ്ലി ഒരു വിക്കറ്റും നേടി.