ഹൈദരാബാദ്: ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ തകര്‍പ്പൻ ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഉപ്പല്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് ലഖ്‌നൗ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം ഹൈദരാബാദ് 9.4 ഓവറില്‍ വിക്കറ്റ് നഷ്‌ടം കൂടാതെ മറികടക്കുകയായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ് 30 പന്തില്‍ 89 റണ്‍സും അഭിഷേക് ശര്‍മ 28 പന്തില്‍ 75 റണ്‍സും നേടി.
ജയത്തോടെ ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മൂന്നാം സ്ഥാനത്തേക്ക് എത്തി. ആറാം സ്ഥാനത്താണ് ലഖ്‌നൗവിന്‍റെ സ്ഥാനം.
മറുപടി ബാറ്റിങ്ങില്‍ ആദ്യ ഓവറില്‍ ഏഴ് റണ്‍സ് മാത്രായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നേടിയത്. രണ്ടാം ഓവര്‍ മുതലായിരുന്നു അവരുടെ കടന്നാക്രമണം. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ 107 റണ്‍സായിരുന്നു ഹൈദരാബാദ് സ്കോര്‍ ബോര്‍ഡില്‍.
പവര്‍പ്ലേയ്‌ക്ക് ശേഷവും ഇരുവരും അടി തുടര്‍ന്നു. ആയുഷ് ബഡോണി പന്തെറിയാനെത്തിയ ഏഴാം ഓവറില്‍ 19 റണ്‍സും രവി ബിഷ്‌ണോയ് എറിഞ്ഞ എട്ടാം ഓവറില്‍ 17 റണ്‍സുമാണ് ഹെഡ് അഭിഷേക് സഖ്യം നേടിയത്. പിന്നാലെയെത്തിയ നവീൻ ഉള്‍ ഹഖ് 14 റണ്‍സും വിട്ടുകൊടുത്തു. യാഷ് താക്കൂര്‍ എറിഞ്ഞ പത്താം ഓവറിലെ നാലാം പന്തില്‍ സിക്‌സറിലൂടെയാണ് ഹൈദരാബാദ് ജയത്തിലേക്ക് എത്തിയത്.
മത്സരത്തില്‍ നേരിട്ട 16-ാം പന്തിലാണ് ട്രാവിസ് ഹെഡ് അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇന്നിങ്സില്‍ ആകെ 30 പന്ത് നേരിട്ട താരം 8 സിക്‌സും അത്ര തന്നെ ഫോറും അടിച്ചാണ് 89 റണ്‍സ് നേടിയത്. 18-ാം പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച അഭിഷേക് ശര്‍മ ആറ് സിക്‌സറുകളുടെയും എട്ട് ഫോറുകളുടെയും അകമ്പടിയോണെയാണ് 75 റണ്‍സ് അടിച്ചെടുത്തത്.
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് 165 റണ്‍സ് നേടിയത്. അഞ്ചാം വിക്കറ്റിലെ നിക്കോളസ് പുരാൻ (48), ആയുഷ് ബഡോണി (55) കൂട്ടുകെട്ടാണ് സൂപ്പര്‍ ജയന്‍റ്‌്സിനെ തകര്‍ച്ചയില്‍ നിന്നും കരയകറ്റിയത്. മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ ഭുവനേശ്വര്‍ കുമാര്‍ 12 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് ഹൈദരാബാദിനായി നേടിയത്.