ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തിയ അട്ടിമറി ഭീഷണി മറികടന്ന് ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. നാസോ കൗണ്ടി അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തിയ 104 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്ത് ശേഷിക്കെയാണ് പ്രോട്ടീസ് മറികടന്നത്.
ഡേവിഡ് മില്ലറുടെ അര്‍ധസെഞ്ച്വറി പ്രകടനമാണ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കൻ ജയത്തില്‍ നിര്‍ണായകമായത്. ആറാം നമ്പറില്‍ ക്രീസിലെത്തിയ മില്ലര്‍ പുറത്താകാതെ 51 പന്ത് നേരിട്ട് 59 റണ്‍സ് നേടി. 33 റണ്‍സ് നേടി ട്രിസ്റ്റണ്‍ സ്റ്റബ്‌സും ദക്ഷിണാഫ്രിക്കയുടെ ജയത്തില്‍ നിര്‍ണായകമായി.
104 എന്ന കുഞ്ഞൻ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്കയെ തുടക്കത്തില്‍ തന്നെ വിറപ്പിക്കാൻ നെതര്‍ലന്‍ഡ്‌സിനായി. സ്കോര്‍ ബോര്‍ഡില്‍ 12 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റാണ് പ്രോട്ടീസിന് നഷ്‌ടമായത്. ഇന്നിങ്സിലെ ആദ്യ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്‍റണ്‍ ഡി കോക്ക് (0) റണ്‍ ഔട്ടാകുകയായിരുന്നു.
പിന്നാലെ റീസ ഹെൻഡ്രിക്‌സ് (3) അടുത്ത ഓവറില്‍ മടങ്ങി. മൂന്നാം ഓവറില്‍ എയ്‌ഡൻ മാര്‍ക്രമിന്‍റെ (0) വിക്കറ്റും വീണു. പിന്നാലെ വന്ന ഹെൻറിച്ച് ക്ലാസനും (4) നിലയുറപ്പിക്കാനായില്ല.
തകര്‍ച്ചയുടെ പടുകുഴിയിലേക്ക് പോയ ദക്ഷിണാഫ്രിക്കയെ അവിടെ നിന്നും കൈപിടിച്ചുയര്‍ത്തിയത് സ്റ്റബ്‌സ് - മില്ലര്‍ സഖ്യമാണ്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ട്രിസ്റ്റണ്‍ സ്റ്റബ്‌സും മാര്‍കോ യാൻസനും അടുത്തടുത്ത ഓവറുകളില്‍ വീണെങ്കിലും മില്ലര്‍ ദക്ഷിണാഫ്രിക്കയെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. കേശവ് മഹാരാജ് (0) പുറത്താകാതെ നിന്നു.
നേരത്തെ, ആദ്യം ബാറ്റ് ചെയ്‌ത നെതര്‍ലന്‍ഡ്‌സിന് 40 റണ്‍സെടുത്ത സിബ്രാന്‍ഡ് ഏങ്കല്‍ബ്രഷിന്‍റെ പ്രകടന മികവായിരുന്നു തുണയായത്. ഓറ്റ്‌നീല്‍ ബാര്‍ട്‌മാന്‍റെ നാല് വിക്കറ്റ് പ്രകടനമായിരുന്നു മത്സരത്തില്‍ ഓറഞ്ച് പടയെ എറിഞ്ഞിടാൻ ദക്ഷിണാഫ്രിക്കയെ സഹായിച്ചത്.
വാന്‍ ബീക്ക് (23), വിക്രംജിത് സിങ് (12), സ്‌കോട്ട് എഡ്വേര്‍ഡ്‌സ് (10) എന്നിവരാണ് മത്സരത്തില്‍ രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍. മൈക്കല്‍ ലെവിറ്റ് (0), മാക്‌സ് ഒഡൗഡ് (2), ബാസ് ഡീ ലീഡെ (6), തേജാ നിഡമാനുരു (0), ടിം പ്രിന്‍ഗില്‍ (0) എന്നിവരാണ് നെതര്‍ലന്‍ഡ്സ് നിരയില്‍ പുറത്തായ മറ്റ് താരങ്ങള്‍.