ന്യൂഡല്‍ഹി: ബിസിസിഐയുടെ കരാറില്‍ (BCCI Annual Contract) നിന്നും ഇഷാന്‍ കിഷനും (Ishan Kishan) ശ്രേയസ് അയ്യരും (Shreyas Iyer) പുറത്ത്. ബിസിസിഐ ബുധനാഴ്‌ച പുറത്ത് വിട്ട 2023-24 വര്‍ഷത്തെ (2023 ഒക്ടോബർ 1 മുതൽ 2024 സെപ്റ്റംബർ 30 വരെ) സീനിയര്‍ പുരുഷ ടീമിന്‍റെ കരാര്‍ പട്ടികയില്‍ ഇരുവര്‍ക്കും ഇടം പിടിക്കാനായില്ല. ബിസിസിഐ മാര്‍ഗ നിര്‍ദേശം ലംഘിച്ച് രഞ്ജി ട്രോഫി മത്സരങ്ങളില്‍ വിട്ടുനിന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഇഷാന്‍ കിഷനും ശ്രേയസും വാര്‍ഷിക കരാറില്‍ നിന്നും പുറത്താവുന്നത്.
2022-23 കേന്ദ്ര കരാറില്‍ ശ്രേയസ് അയ്യർ ബി വിഭാഗത്തിലും ഇഷാൻ കിഷൻ സി വിഭാഗത്തിലുമാണ് ഇടം നേടിയിരുന്നത്. എ പ്ലസ്, എ, ബി, സി വിഭാഗങ്ങളിലായി ആകെ 30-കളിക്കാരാണ് ബിസിസിഐയുടെ പുതിയ വാര്‍ഷിക കരാറിലുള്ളത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിങ്ങിനെ നാല് താരങ്ങളാണ് എ പ്ലസ് വിഭാഗത്തിലുള്ളത്. എ പ്ലസ് കരാറില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഏഴ് കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം.
ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെഎല്‍ രാഹുല്‍, ശുഭ്‌മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ എ വിഭാഗത്തിലാണ്. എയില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഞ്ച് കോടി രൂപയാണ് പ്രതിഫലം. കെഎല്‍ രാഹുല്‍, ശുഭ്‌മാന്‍ ഗില്‍ എന്നിവര്‍ സ്ഥാനക്കയറ്റം കിട്ടിയാണ് എയിലേക്ക് എത്തിയത്.
സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ ബി വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. മൂന്ന് കോടി രൂപയാണ് ഈ വിഭാഗത്തിലെ പ്രതിഫലം. സ്ഥാനക്കയറ്റം കിട്ടിയാണ് കുല്‍ദീപ് ഈ വിഭാഗത്തിലേക്ക് എത്തിയിരിക്കുന്നത്.
ഒരു കോടി രൂപ പ്രതിഫലമുള്ള സി കാറ്റഗറിയില്‍ മലയാളി താരം സഞ്ജു സാംസണെ ബിസിസിഐ നിലനിര്‍ത്തി. റിങ്കു സിങ്, തിലക് വര്‍മ, റിതുരാജ് ഗെയ്ക്‌വാദ്, ശാര്‍ദൂല്‍ താക്കൂര്‍, ശിവം ദുബെ, രവി ബിഷ്ണോയ്, ജിതേഷ് ശര്‍മ, വാഷിങ്‌ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, അര്‍ഷ്‌ദീപ് സിങ്, കെഎസ് ഭരത്, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, രജത് പടിദാര്‍ എന്നിവരാണ് സി കാറ്റഗറിയിലുള്ള മറ്റ് താരങ്ങള്‍.
ഈ കാലയളവില്‍ കുറഞ്ഞത് 3 ടെസ്റ്റുകളോ 8 ഏകദിനങ്ങളോ അല്ലെങ്കിൽ 10 ടി20കളോ കളിക്കുന്ന താരങ്ങള്‍ക്ക് സി വിഭാഗം കരാറില്‍ ഉള്‍പ്പെടാമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്. നിലവിലെ ഇംഗ്ലണ്ടിനെതിരെ പുരോഗമിക്കുന്ന പരമ്പരയില്‍ ധ്രുവ് ജുറെലും സർഫറാസ് ഖാനും രണ്ട് ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. പരമ്പരയില്‍ ശേഷിക്കുന്ന ഒരു മത്സരത്തിനും കളിക്കാന്‍ കഴിഞ്ഞാല്‍ ഇരുവര്‍ക്കും സി ഗ്രേഡ് കരാറിന് അര്‍ഹത ലഭിക്കും.
ALSO READ: തിരിച്ചുവരവിൽ വമ്പന്‍ ഫ്ലോപ്പായി ഇഷാൻ കിഷൻ ; ടീമിന് 89 റൺസിന്‍റെ തോൽവി
ഉമേശ് യാദവ്, ശിഖര്‍ ധവാന്‍, ദീപക് ഹൂഡ, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് കരാറില്‍ നിന്നും പുറത്തായ മറ്റ് താരങ്ങള്‍. അതേസമയം ബോളിങ് കാറ്റഗറിയില്‍ ഒരു പുതിയ കരാറിന് സെലക്‌ടര്‍മാര്‍ ശുപാര്‍ശ ചെയ്‌തിട്ടുണ്ട്. ആകാശ് ദീപ്, വിജയ്‌കുമാർ വൈശാഖ്, ഉമ്രാൻ മാലിക്, യഷ് ദയാൽ, വിദ്വത് കവേരപ്പ എന്നിവരുടെ പേരാണ് ശുപാര്‍ശയിലുള്ളത്.