ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പുതിയ സീസണിനായി അടവുകളെല്ലാം ഒരിക്കല്‍ കൂടി രാകിമിനുക്കുന്ന തിരക്കിലാണ് മലയാളി താരം സഞ്‌ജു സാംസണ്‍ (Sanju Samson). മുമ്പൊരിക്കല്‍ കയ്യകലത്തില്‍ നഷ്‌ടമായ കിരീടം നേടിയെടുക്കാന്‍ ഉറപ്പിച്ചാവും സഞ്‌ജുവും സംഘവും ഇക്കുറി ടൂര്‍ണമെന്‍റിനിറങ്ങുക. ടി20 ലോകകപ്പ് കൂടി മുന്നില്‍ നില്‍ക്കെ ഐപിഎല്ലിലെ (IPL 2024) പ്രകടനം രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ക്യാപ്റ്റന് ഏറെ നിര്‍ണായകമാണ്.
ഇപ്പോഴിതാ സഞ്‌ജുവിന്‍റെ പരിശീലന വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരത്തിന്‍റെ രാജസ്ഥാന്‍ റോയല്‍സ്. ബോളര്‍മാരെ അനായാസം നേരിടുന്ന സഞ്‌ജുവിനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ഐപിഎല്ലിലും മിന്നും പ്രകടനം നടത്താന്‍ കഴിഞ്ഞാല്‍ പിന്നാലെ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് അവകാശവാദം ഉന്നയിക്കാന്‍ 29-കാരന് കഴിയും.
ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതെയുള്ള അനുസരണക്കേടിന് ഇഷാന്‍ കിഷന്‍ സെലക്‌ടര്‍മാരുടെ ഗുഡ് ബുക്കില്‍ നിന്ന് പുറത്തായതും സഞ്‌ജുവിന്‍റെ സാധ്യത ഉയര്‍ത്തുന്നതാണ്. ഐപിഎല്ലില്‍ ഇതേവരെ കളിച്ച 152 മത്സരങ്ങളില്‍ നിന്നും 29.23 ശരാശരിയിലും 137.19 പ്രഹരശേഷിയിലും 3888 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയിട്ടുള്ളത്. മൂന്ന് സെഞ്ചുറികളും 20 അര്‍ധ സെഞ്ചുറികളും താരത്തിന്‍റെ അക്കൗണ്ടിലുണ്ട്.
ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണില്‍ അഞ്ചാമതായാണ് രാജസ്ഥാന് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞിരുന്നത്. തുടക്കം മിന്നിച്ചുവെങ്കിലും പിന്നീട് മികവ് പുലര്‍ത്താന്‍ കഴിയാതിരുന്നാതായിരുന്നു രാജസ്ഥാന് തിരിച്ചടിയായത്. 14 മത്സരങ്ങളില്‍ നിന്നും ഏഴ് വിജയം നേടിയ ടീമിന് 14 പോയിന്‍റാണുണ്ടായിരുന്നത്.
ALSO READ: ഇനി മൂന്ന് ഫോര്‍മാറ്റിലും നമ്പര്‍ വണ്‍; ടെസ്റ്റ് റാങ്കിങ്ങിലും ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഇന്ത്യ
പുതിയ സീസണിനായുള്ള ജഴ്‌സി നേരത്തെ തന്നെ രാജസ്ഥാന്‍ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. തങ്ങളുടെ സിഗ്നേച്ചർ നിറങ്ങളായ പിങ്കും നീലയും നിലനിര്‍ത്തിയ ഫ്രാഞ്ചൈസി മുൻ സീസണിലെ ജഴ്‌സിയില്‍ നേരിയ മാറ്റം മാത്രമാണ് പുതിയതില്‍ വരുത്തിയിരിക്കുന്നത്. രാജസ്ഥാന്‍റെ സംസ്‌കാരം, വാസ്‌തു വിദ്യ, രാജസ്ഥാനി സ്‌ത്രീകളുടെ പരമ്പരാഗത വസ്‌ത്രധാരണ രീതി തുടങ്ങിവയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് തയ്യാറാക്കിയ ജഴ്‌സി രാജസ്ഥാനിലെ യോദ്ധാക്കളുടെ പോരാട്ടവീര്യത്തിനുള്ള ട്രിബ്യൂട്ടാണ്.
രാജസ്ഥാന് റോയല്‍സ് സ്ക്വാഡ്: സഞ്ജു സാംസൺ (ക്യാപ്റ്റന്‍), ജോസ് ബട്‌ലർ, ആര്‍ അശ്വിൻ, ധ്രുവ് ജുറെൽ, റിയാൻ പരാഗ്, ഡൊനോവൻ ഫെരേര, ഷിമ്രോണ്‍ ഹെറ്റ്‌മെയർ, യുസ്‌വേന്ദ്ര ചാഹൽ, യശസ്വി ജയ്‌സ്വാൾ, കുനാൽ റാത്തോഡ്,കുൽദീപ് സെൻ, നവ്ദീപ് സൈനി, പ്രസിദ്ധ് കൃഷ്‌ണ, സന്ദീപ് ശർമ, ട്രെന്‍റ് ബോൾട്ട്, ആദം സാംപ , അവേഷ് ഖാൻ, റോവ്മാൻ പവൽ, ശുഭം ദുബെ, ടോം കോഹ്‌ലർ കാഡ്‌മോർ, ആബിദ് മുഷ്‌താഖ്, നാന്ദ്രെ ബർഗർ.
ALSO READ: പന്തിന്‍റെ തിരിച്ചുവരവില്‍ വമ്പന്‍ ട്വിസ്റ്റ് ; ഡല്‍ഹിക്ക് ആശങ്ക