ജയ്‌പൂര്‍: കഴിഞ്ഞ സീസണുകളില്‍ മോശം ബാറ്റിങ് പ്രകടനത്തിന്‍റെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്ന താരമാണ് രാജസ്ഥാൻ റോയല്‍സിന്‍റെ റിയാൻ പരാഗ് (Riyan Parag). ഫിനിഷര്‍ റോളില്‍ പലപ്പോഴും ക്രീസിലേക്ക് എത്തിയിരുന്ന താരത്തിന് മുൻ സീസണുകളില്‍ ടീമിനായി ബാറ്റുകൊണ്ട് കാര്യമായ സംഭവാനകള്‍ ഒന്നും നല്‍കാൻ സാധിച്ചിരുന്നില്ല. എന്നാല്‍, ഐപിഎല്‍ പതിനേഴാം പതിപ്പില്‍ (IPL 2024) ആദ്യ രണ്ട് മത്സരം കൊണ്ട് തന്നെ രാജസ്ഥാൻ റോയല്‍സ് (Rajasthan Royals) നിരയിലെ പ്രധാനിയായി മാറിയിരിക്കുകയാണ് പരാഗ്.
തകര്‍പ്പൻ ഫോമിലാണ് 22കാരനായ താരം നിലവില്‍. ഈ സീസണില്‍ രാജസ്ഥാൻ കളിച്ച രണ്ട് മത്സരങ്ങളിലും ബാറ്റുകൊണ്ട് മികച്ച പ്രകടനം പുറത്തെടുക്കാൻ പരാഗിന് സാധിച്ചു. ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ 29 പന്തില്‍ 43 റണ്‍സാണ് പരാഗ് അടിച്ചെടുത്തത്.
ഡല്‍ഹിക്കെതിരായ രണ്ടാം മത്സരത്തില്‍ രാജസ്ഥാൻ ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നത് പരാഗിന്‍റെ അര്‍ധസെഞ്ച്വറി പ്രകടനമായിരുന്നു. തകര്‍ച്ചയോടെ തുടങ്ങിയ രാജസ്ഥാന് വേണ്ടി നാലാം നമ്പറില്‍ ക്രീസിലെത്തിയ പരാഗ് പുറത്താകാതെ 84 റണ്‍സ് നേടി (Riyan Parag Scores In IPL 2024). ആറ് സിക്‌സറും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്.
മത്സരത്തില്‍ രാജസ്ഥാൻ റോയല്‍സ് 12 റണ്‍സിന്‍റെ ജയം നേടിയതിന് പിന്നാലെ യുവ ബാറ്ററിന് പ്രശംസയുമായി അവരുടെ നായകൻ സഞ്ജു സാംസൺ തന്നെ രംഗത്തെത്തി. ഇന്ത്യൻ ക്രിക്കറ്റിന് പ്രത്യേകമായ സംഭാവന നല്‍കാൻ കെല്‍പ്പുള്ള ബാറ്ററാണ് പരാഗ് എന്നായിരുന്നു സഞ്ജു സാംസണ്‍ അഭിപ്രായപ്പെട്ടത് (Sanju Samson On Riyan Parag).
'കഴിഞ്ഞ നാല് അഞ്ച് വര്‍ഷങ്ങളായി ഐപിഎല്‍ വരുമ്പോഴുള്ള പ്രധാനപ്പെട്ട ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നാണ് റിയാൻ പരാഗ്. എപ്പോഴൊക്കെ ഞാൻ കേരളത്തിലേക്ക് ചെന്നാലും പലരും പരാഗിനെ കുറിച്ച് എന്നോട് സംസാരിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ അവൻ ടീമിനായി മികച്ച രീതിയില്‍ കളിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്.
സീസണ്‍ തുടങ്ങിയിട്ടാണുള്ളത്. വരും മത്സരങ്ങളിലും അവൻ ഇതേ ഫോമില്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിനായി സവിശേഷമായ പല കാര്യങ്ങളും ചെയ്യാൻ കഴിവുള്ള ഒരു താരമാണ് അവൻ'- സഞ്ജു സാംസണ്‍ അഭിപ്രായപ്പെട്ടു.
Read More : ജയ്പൂരിൽ ജയിച്ച് രാജസ്ഥാൻ ; 12 റൺസിന് ഡൽഹിയെ തോൽപ്പിച്ചു - IPL 2024 RR VS DC HIGHLIGHTS
അതേസമയം, ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 185 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹിയുടെ പോരാട്ടം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 173 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. മത്സരത്തില്‍ യുസ്‌വേന്ദ്ര ചഹാലും നാന്ദ്രേ ബര്‍ഗറും രണ്ട് വീതം വിക്കറ്റുകള്‍ നേടി.