ഹൈദരാബാദ് : ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിനെതിരായ നിര്‍ണായക മത്സരത്തില്‍ പരാജയപ്പെട്ടതോടെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ പ്ലേ ഓഫ് സാധ്യതകളും ആശങ്കയിലായിരിക്കുകയാണ്. ഹൈദരാബാദിലെ ഉപ്പല്‍ സ്റ്റേഡിയത്തില്‍ ഇന്നലെ സണ്‍റൈസേഴ്‌സിനോട് 10 വിക്കറ്റിന്‍റെ തോല്‍വിയായിരുന്നു ലഖ്‌നൗ വഴങ്ങിയത്. മത്സരത്തില്‍ സൂപ്പര്‍ ജയന്‍റ്‌സ് ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം 9.4 ഓവറില്‍ ഹൈദരാബാദ് മറികടക്കുകയായിരുന്നു.
മത്സരശേഷം, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകൻ കെഎല്‍ രാഹുലും ടീം ഉടമ സഞ്ജീവ് ഗോയങ്കയും ഗ്രൗണ്ടില്‍ വച്ച് നടത്തിയ സംഭാഷണത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. നിര്‍ണായക മത്സരത്തിലെ ടീമിന്‍റെ നിരാശപ്പെടുത്തുന്ന പ്രകടനത്തിലുള്ള അതൃപ്‌തി ടീം ഉടമയുടെ മുഖത്ത് പ്രകടമായിരുന്നു. രാഹുല്‍ പറയുന്നത് മുഴുവൻ കേള്‍ക്കാൻ കൂട്ടാക്കാതെ മത്സരത്തെക്കുറിച്ചുള്ള തന്‍റെ അഭിപ്രായങ്ങള്‍ ഗോയങ്ക ചൂണ്ടിക്കാട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഹൈദരാബാദിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ ആദ്യം ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. പതിഞ്ഞ തുടക്കമായിരുന്നു മത്സരത്തില്‍ ലഖ്‌നൗവിന്‍റേത്. ക്വിന്‍റണ്‍ ഡി കോക്ക് (2), മാര്‍ക്കസ് സ്റ്റോയിനിസ് (3) എന്നിവരെ പവര്‍പ്ലേയില്‍ തന്നെ അവര്‍ക്ക് നഷ്‌ടമായി.
ബാറ്റിങ്ങില്‍ ക്യാപ്‌റ്റൻ കെഎല്‍ രാഹുലിന്‍റെ മെല്ലെപ്പോക്കും ലഖ്‌നൗ സ്കോറിങ്ങിന്‍റെ വേഗത കുറച്ചു. 33 പന്ത് നേരിട്ട രാഹുല്‍ 29 റണ്‍സ് നേടിയായിരുന്നു പുറത്തായത്. കൃണാല്‍ പാണ്ഡ്യ 21 പന്തില്‍ 24 റണ്‍സ് നേടി.
11.2 ഓവറില്‍ 66-4 എന്ന നിലയിലേക്ക് വീണ ലഖ്‌നൗവിനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത് ആയുഷ് ബഡോണിയുടെയും നിക്കോളസ് പുരാന്‍റെയും പ്രകടനങ്ങളാണ്. മത്സരത്തില്‍ 30 പന്ത് നേരിട്ട ബഡോണി പുറത്താകാതെ 55 റണ്‍സ് നേടി. 26 പന്തില്‍ 48 റണ്‍സായിരുന്നു പുരാന്‍റെ സമ്പാദ്യം.
മറുപടി ബാറ്റിങ്ങില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ഓപ്പണര്‍മാര്‍ രണ്ടുപേരും കളം നിറഞ്ഞാടി. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് ബൗളര്‍മാരെ നിലം തൊടാതെയായിരുന്നു ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ചേര്‍ന്ന് അടിച്ചുപറത്തിയത്. ട്രാവിസ് ഹെഡ് 30 പന്തില്‍ 89 റണ്‍സ് നേടിയപ്പോള്‍ 28 പന്തില്‍ 75 റണ്‍സായിരുന്നു അഭിഷേക് സ്വന്തമാക്കിയത്.
തോല്‍വിയോടെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് എത്താനുള്ള അവസരമാണ് ലഖ്‌നൗവിന് നഷ്‌ടമായത്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനക്കാരാണ് ലഖ്‌നൗ. പ്ലേഓഫില്‍ സ്ഥാനം ഉറപ്പിക്കാൻ ശേഷിക്കുന്ന മത്സരങ്ങളിലെല്ലാം സൂപ്പര്‍ ജയന്‍റ്‌സിന് മികച്ച ജയം ആവശ്യമാണ്.