മുംബൈ: ഇംഗ്ലണ്ടിനെതിരെ (India vs England) കളിച്ച രണ്ട് ടെസ്റ്റുകളിലും തിളങ്ങാന്‍ കഴിയാതെ വന്നതോടെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ് ഇന്ത്യയുടെ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ (Shreyas Iyer). വിരാട് കോലിയുടെ അഭാവത്തില്‍ മധ്യനിരയില്‍ ഇന്ത്യയ്‌ക്ക് കരുത്താവുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും 29-കാരനായ ശ്രേയസ് അയ്യര്‍ തീര്‍ത്തും നിരാശപ്പെടുത്തി. കളിച്ച രണ്ട് ടെസ്റ്റുകളിലെ നാല് ഇന്നിങ്‌സുകളിലായി വെറും 104 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്.
2022 ഡിസംബറിന് ശേഷം ടെസ്റ്റില്‍ ഒരു അര്‍ധ സെഞ്ചുറി പോലും 29-കാരന് നേടാന്‍ കഴിഞ്ഞിട്ടില്ല. അവസാനം കളിച്ച ഏഴ് ടെസ്റ്റുകളിലെ 12 ഇന്നിങ്‌സുകളില്‍ നിന്നും വെറും 17.00 ശരാശരിയില്‍ 187 റണ്‍സ് മാത്രമണ് ശ്രേയസിന്‍റെ സമ്പാദ്യം. ഇപ്പോഴിതാ ടെസ്റ്റ് ക്രിക്കറ്റില്‍ തുടരുന്നതിന് ശ്രേയസിന് കനപ്പെട്ട നിര്‍ദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍ (Sanjay Manjrekar).
ടെസ്റ്റില്‍ തന്‍റെ ഡിഫന്‍സീവ് ഗെയിം താരം മെച്ചപ്പെടുത്തണമെന്നാണ് സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്. "തനിക്ക് കളിക്കാനും തിളങ്ങാന്‍ കഴിയുന്ന ഫോര്‍മാറ്റ് ഏതെന്ന് ശ്രേയസ് തന്നെ തീരുമാനിക്കേണ്ടതുണ്ട്. ടെസ്റ്റ് മത്സരങ്ങള്‍ മുൻഗണനയായി തുടരുകയാണെങ്കിൽ, പേസര്‍മാരെന്നോ സ്‌പിന്നര്‍മാരെന്നോ വ്യത്യാസമില്ലാതെ തന്‍റെ ഡിഫന്‍സീവ് ഗെയിമില്‍ അവന്‍ പ്രവർത്തിക്കേണ്ടതുണ്ട്.
ഡിഫന്‍സില്‍ ആത്മവിശ്വാസമുള്ള ഒരു ഗെയിം വികസിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പിന്നീട് ആക്രമണത്മക സമീപനത്തിലേക്ക് മാറുമ്പോള്‍ അവിടെ നടക്കുന്നത് ഡിഫന്‍സീവ് ഗെയിമിന്‍റെ വിപുലീകരണമാണ്. നിലവില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ആധിപത്യം സ്ഥാപിക്കാനാണ് അവന്‍ ശ്രമിക്കുന്നത്. എന്നാല്‍ അതുവഴി സമ്മര്‍ദം അകറ്റാന്‍ അവന് കഴിയുന്നില്ല"- സഞ്ജയ് മഞ്ജരേക്കര്‍ വ്യക്തമാക്കി.
അതേസമയം ഇംഗ്ലണ്ടിനെതിരെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം പിടിക്കാന്‍ ശ്രേയസിന് കഴിഞ്ഞിട്ടില്ല. വിശാഖപട്ടണം ടെസ്റ്റിന് പിന്നാലെ ശ്രേയസിന് പുറം വേദന അനുഭവപ്പെട്ടിരുന്നു. ഇതിനാലാവാം താരത്തിന് സ്‌ക്വാഡില്‍ ഇടം ലഭിക്കാതിരുന്നതെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ മോശം ഫോമിന്‍റെ അടിസ്ഥാനത്തിലാണ് ശ്രേയസിന് പുറത്തിരിക്കേണ്ടി വന്നതെന്നാണ് നിലവിലെ റിപ്പോര്‍ട്ട്.
പരിക്കുമായി ബന്ധപ്പെട്ടാണ് ശ്രേയസിനെ പ്ലേയിങ് ഇലവനില്‍ നിന്നും ഒഴിവാക്കിയതെങ്കില്‍ ബിസിസിഐ ഇക്കാര്യം തങ്ങളുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുകമായിരുന്നു. എന്നാല്‍ ശ്രേയസിന്‍റെ കാര്യത്തില്‍ ഇതു ഉണ്ടായിട്ടില്ലെന്നുമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം അഞ്ച് മത്സരങ്ങളടങ്ങിയ ഇന്ത്യ- ഇംഗ്ലണ്ട് പരമ്പര നിലവില്‍ 1-1ന് സമനിലയിലാണ്.
ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 28 റണ്‍സിന് തോല്‍വി വഴങ്ങിയ ഇന്ത്യ, വിശാഖപട്ടണത്ത് അരങ്ങേറിയ രണ്ടാം ടെസ്റ്റില്‍ 106 റണ്‍സിന് ജയിച്ചാണ് ഇംഗ്ലണ്ടിന് ഒപ്പമെത്തിയത്. രാജ്‌കോട്ടില്‍ ഫെബ്രുവരി 15-ാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക. ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നും ശ്രേയസ് പുറത്തായപ്പോള്‍ കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവരെ ബിസിസിഐ സെലക്‌ടര്‍മാര്‍ തിരിച്ച് വിളിച്ചിട്ടുണ്ട്. എന്നാല്‍ ഫിറ്റ്‌നസിന് വിധേയമായി ആയിരിക്കും ഇരു താരങ്ങളും കളത്തിലിറങ്ങുകയെന്നും സെലക്‌ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ: കുല്‍ദീപിനെ വിലമതിക്കണം, ശ്രേയസില്‍ അമിത പ്രതീക്ഷ വേണ്ട...ചാപ്പല്‍ ഇങ്ങനെയൊക്കെ പറയാൻ കാരണമുണ്ട്...