മുംബൈ: സോഷ്യല്‍ മീഡിയയില്‍ ബോഡി ഷെയിമിങ് കമന്‍റിട്ടയാള്‍ക്ക് ചുട്ട മറുപടി നല്‍കി ടെലിവിഷന്‍ അവതാരകയും മോഡലുമായ സഞ്ജന ഗണേശന്‍ (Sanjana Ganesan ). ഇന്ത്യന്‍ ക്രിക്കറ്റര്‍ ജസ്‌പ്രീത് ബുംറയുടെ (Jasprit Bumrah) ജീവിത പങ്കാളിയാണ് സഞ്ജന ഗണേശന്‍. വാലന്‍റൈന്‍സ് ഡേയ്‌ക്ക് മുന്നോടിയായി ഇരുവരും ചേര്‍ന്നുള്ള ഒരു വീഡിയോ ജസ്‌പ്രീത് ബുംറ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു.
ഒരു ബ്യൂട്ടി ബ്രാന്‍ഡിന്‍റെ പരസ്യവുമായി ബന്ധപ്പെട്ടതായിരുന്നു പ്രസ്‌തുത വീഡിയോ. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയെക്കുറിച്ച് നിരവധി പേരാണ് ഇതിന് കമന്‍റിട്ടത്. എന്നാല്‍ ഒരു ആരാധകനിട്ട മോശം കമന്‍റില്‍ സഞ്ജന ഗണേശനെ ചൊടിപ്പിച്ചു.
കാണാന്‍ 'തടിച്ചി' ആയിരിക്കുന്നു എന്നായിരുന്നു ഇയാളിട്ട കമന്‍റ്. ഇതിനോട് ഒരല്‍പം രൂക്ഷമായി തന്നെയാണ് 32-കാരി പ്രതികരിച്ചത്. "സ്കൂളിലെ സയന്‍സ് ടെക്സ്റ്റ് ബുക്ക് ഓര്‍ക്കാന്‍ പോലും നിങ്ങള്‍ക്ക് കഴിയുന്നില്ല. ഇവിടെ നിങ്ങള്‍ കമന്‍റ് ചെയ്‌തിരിക്കുന്നത് ഒരു സ്‌ത്രീ ശരീരത്തെക്കുറച്ചാണ്. വേഗം തന്നെ ഇവിടെ നിന്നും സ്‌കൂട്ടായിക്കോ" എന്നായിരുന്നു സഞ്‌ജനയുടെ മറുപടി.
ആരാധകരില്‍ നിന്നും ഇതിന് വലിയ പിന്തുണ ലഭിച്ചുവെങ്കിലും സഞ്‌ജന പിന്നീട് തന്‍റെ കമന്‍റ് ഡിലീറ്റ് ചെയ്‌തു. 2014-ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റായിരുന്ന വ്യക്തിയാണ് സഞ്‌ജന. നേരത്തെ ഐപിഎല്ലിലും പ്രീമിയര്‍ ബാഡ്‌മിന്‍റണ്‍ ലീഗിലും അവതാരകയായി ഇവര്‍ എത്തിയിട്ടുണ്ട്.
2021 മാർച്ചിൽ വിവാഹിതരായതു മുതൽ തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ ബുംറയും സഞ്ജനയും പങ്കുവയ്‌ക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറില്‍ ഇരുവരും തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേറ്റിരുന്നു. സന്തോഷം ആരാധകരുമായി പങ്കുവച്ച ബുംറ കുഞ്ഞിന് അങ്കദ് ജസ്പ്രീത് ബുംറ (Angad Jasprit Bumrah) എന്നാണ് പേരിട്ടിരിക്കുന്നതെന്നും അറിയിച്ചിരുന്നു.
അതേസമയം നിലവില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെ തിരക്കുകളിലാണ് ബുംറയുള്ളത്. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ മിന്നും പ്രകടനം നടത്താന്‍ ബുംറയ്‌ക്ക് കഴിഞ്ഞിരുന്നു. പേസര്‍മാരെ പിന്തുണയ്‌ക്കാതിരുന്നു വിശാഖപട്ടണത്ത് ആദ്യ ഇന്നിങ്‌സില്‍ ആറും രണ്ടാം ഇന്നിങ്‌സില്‍ മൂന്നും ഉള്‍പ്പെടെ ആകെ ഒമ്പത് വിക്കറ്റുകളാണ് ബുംറ വീഴ്‌ത്തിയത്. ഇന്ത്യയുടെ വിജയത്തില്‍ പ്രധാനിയായ പ്രകടനത്തിലൂടെ മത്സരത്തിലെ താരമായി മാറാനും ബുംറയ്‌ക്ക് കഴിഞ്ഞു.
ALSO READ: മൂന്നാം ടെസ്റ്റിന് രാഹുലില്ല; പകരമെത്തുന്നത് ലഖ്‌നൗവിലെ സഹതാരം- റിപ്പോര്‍ട്ട്
രാജ്‌കോട്ടില്‍ ഫെബ്രുവരി 15-ാണ് മൂന്നാം ടെസ്റ്റ ആരംഭിക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഓരോ ടെസ്റ്റുകള്‍ വീതം ഇന്ത്യയും ഇംഗ്ലണ്ടും വിജയിച്ചിരുന്നു. ഹൈദാരാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യയെ 28 റണ്‍സിന് തോല്‍പ്പിക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിരുന്നു. എന്നാല്‍ വിശാഖപട്ടണത്ത് ഇന്ത്യ കനത്ത തിരിച്ചടി നല്‍കി. 106 റണ്‍സിന് കളിപിടിച്ചാണ് ആതിഥേയര്‍ തിരിച്ചടി നല്‍കിയത്.
ALSO READ: ഐപിഎല്ലില്‍ രാഹുല്‍ ചെയ്യേണ്ടത് ഇതാണ്...; നിര്‍ദേശവുമായി ഇര്‍ഫാന്‍ പഠാന്‍