ചെന്നൈ : ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ ഇടം പിടിക്കാൻ സാധിക്കാതിരുന്നതിന് പിന്നാലെ ഐപിഎല്‍ പതിനേഴാം പതിപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് എത്തി റിതുരാജ് ഗെയ്‌ക്‌വാദ്. ചെപ്പോക്കില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് - പഞ്ചാബ് കിങ്‌സ് മത്സരത്തിലെ പ്രകടനത്തോടെയാണ് ഓറഞ്ച് ക്യാപ്പ് ലിസ്റ്റില്‍ താരം ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. ബാറ്റിങ് ദുഷ്‌കരമായ മത്സരത്തില്‍ 48 പന്തില്‍ 68 റണ്‍സ് ആയിരുന്നു ചെന്നൈ നായകൻ അടിച്ചെടുത്തത്.
ഇതോടെ, 10 മത്സരങ്ങളില്‍ നിന്നും 509 റണ്‍സായി താരത്തിന്‍റെ അക്കൗണ്ടില്‍. 63.63 ശരാശരിയില്‍ 146.68 ആണ് താരത്തിന്‍റെ സ്ട്രൈക്ക് റേറ്റ്. ഈ സീസണില്‍ താരത്തിന്‍റെ നാലാമത്തെ അര്‍ധസെഞ്ച്വറി കൂടിയായിരുന്നു പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ പിറന്നത്.
റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ പ്രകടനമായിരുന്നു പഞ്ചാബിനെതിരെ ചെന്നൈയ്‌ക്ക് തരക്കേടില്ലാത്ത സ്കോര്‍ സമ്മാനിച്ചത്. അഞ്ച് ഫോറും രണ്ട് സിക്‌സും അടങ്ങിയതായിരുന്നു മത്സരത്തില്‍ കരുതലോടെ ബാറ്റ് വീശിയ താരത്തിന്‍റെ ഇന്നിങ്‌സ്. ഗെയ്‌ക്‌വാദിന്‍റെ അര്‍ധസെഞ്ച്വറിയുടെ കരുത്തില്‍ ചെന്നൈ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം 18-ാം ഓവറിലായിരുന്നു പഞ്ചാബ് കിങ്‌സ് മറികടന്നത്.
അതേസമയം, ഐപിഎല്‍ പതിനേഴാം പതിപ്പില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനായ വിരാട് കോലി 10 കളിയില്‍ 500 റണ്‍സാണ് നേടിയിട്ടുള്ളത്. ഗുജറാത്ത് ടൈറ്റൻസിന്‍റെ സായ് സുദര്‍ശനാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 10 മത്സരങ്ങളില്‍ നിന്നും 418 റണ്‍സാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ ഇടം ലഭിക്കാതെ പോയ കെഎല്‍ രാഹുലാണ് നിലവില്‍ പട്ടികയില്‍ നാലാം സ്ഥാനത്ത്. 10 മത്സരത്തില്‍ നിന്നും 418 റണ്‍സാണ് താരം ഇതുവരെ നേടിയത്. 11 കളിയില്‍ 398 റൺസ് സ്വന്തമാക്കിയ റിഷഭ് പന്താണ് അഞ്ചാം സ്ഥാനത്ത്.
9 മത്സരങ്ങളില്‍ നിന്നും 398 റൺസ് അടിച്ചുകൂട്ടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണര്‍ ഫില്‍ സാള്‍ട്ടാണ് പട്ടികയില്‍ ആറാം സ്ഥാനത്ത്. സാള്‍ട്ടിന് പിന്നില്‍ ഏഴാം സ്ഥാനക്കാരാനാണ് രാജസ്ഥാൻ റോയല്‍സ് നായകൻ സഞ്ജു സാംസണ്‍. 9 കളിയില്‍ 385 ആണ് സഞ്ജുവിന്‍റെ സമ്പാദ്യം. സുനില്‍ നരെയ്‌ൻ (372), ശിവം ദുബെ (350), തിലക് വര്‍മ (343) എന്നിവരാണ് എട്ട് മുതല്‍ പത്ത് വരെ സ്ഥാനങ്ങളില്‍.