റാഞ്ചി : ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്‍റെ (India vs England 4th Test) ആദ്യ ദിനത്തില്‍ 10 ഓവറുകള്‍ മാത്രമാണ് ചൈനമാന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവിന് (Kuldeep Yadav) ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) നല്‍കിയത്. പേസര്‍മാരായ ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവരെയും രവീന്ദ്ര ജഡേജയേയും ആര്‍ അശ്വിനേയും പന്തെറിയിച്ച രോഹിത് 42-ാമത്തെ ഓവര്‍ എത്തിയപ്പോഴാണ് കുല്‍ദീപിന് അവസരം നല്‍കിയത്. ഇപ്പോഴിതാ ഇതിനെ ചോദ്യം ചെയ്‌തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസര്‍ ആര്‍പി സിങ്.
ഇന്ത്യൻ നായകൻ ജഡേജയെയും അശ്വിനെയും അമിതമായി ആശ്രയിക്കുന്നുവെന്നാണ് ആര്‍പി സിങ്ങിന്‍റെ വിമര്‍ശനം. "തീര്‍ച്ചയായും ഇന്ത്യന്‍ ബോളര്‍മാര്‍ ഒരുപാട് പ്രയത്നിച്ചു. അശ്വിനും രവീന്ദ്ര ജഡേജയും ഒപ്പം രണ്ട് ഫാസ്റ്റ് ബൗളർമാരും ഒരുപാട് പ്രയത്നിച്ചു. തന്‍റെ ആദ്യ സ്പെല്ലിനെക്കാൾ മികച്ച രീതിയിൽ രണ്ടാം സ്പെല്ലിൽ പന്തെറിയാന്‍ സിറാജിന് കഴിഞ്ഞു.
എന്നാല്‍ കുൽദീപ് യാദവിനെ വേണ്ടതുപോലെ ഉപയോഗിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. ജഡേജയും അശ്വിനും ഏറെ ഓവറുകള്‍ എറിഞ്ഞു. അതുകൊണ്ട് കുൽദീപിന് കുറച്ച് ഓവറുകള്‍ മാത്രമാണ് പന്തെറിയാൻ കഴിഞ്ഞത്. വിക്കറ്റ് വീഴ്‌ത്താന്‍ കഴിവുള്ള മൂന്ന് സ്‌പിന്നര്‍മാരാണ് നിങ്ങള്‍ക്കുള്ളത്. എന്നാല്‍ അതില്‍ ഒരാള്‍ക്ക് കുറച്ച് ഓവറുകള്‍ മാത്രമാണ് ലഭിച്ചത്. ഇവിടെ കുല്‍ദീപിന്‍റെ കാര്യത്തിലാണ് അതു സംഭവിച്ചിരിക്കുന്നത്" ആര്‍പി സിങ് പറഞ്ഞു.
മത്സരത്തിന്‍റെ ആദ്യ ദിനത്തില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 302 റണ്‍സായിരുന്നു ഇംഗ്ലണ്ട് നേടിയത്. ഇന്ത്യയ്‌ക്കായി ആകാശ് ദീപ് (Akash Deep) മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ മുഹമ്മദ് സിറാജ് രണ്ടും ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകളുമാണ് സ്വന്തമാക്കിയിരുന്നത്. രണ്ടാം ദിനത്തില്‍ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകള്‍ക്ക് 51 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ സന്ദര്‍ശകര്‍ക്ക് കഴിഞ്ഞിരുന്നു. രവീന്ദ്ര ജഡേജയായിരുന്നു ഇംഗ്ലീഷ് ടീമിന്‍റെ ശേഷിച്ച മൂന്ന് വിക്കറ്റുകളും വീഴ്‌ത്തിയത്. 274 പന്തുകളില്‍ പുറത്താവാതെ 128 റണ്‍സ് നേടിയ ജോ റൂട്ട് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോററായി.
ALSO READ: സെവാഗിന്‍റെ ആ റെക്കോഡ് ഇനി ഇല്ല; പൊളിച്ചടുക്കി യശസ്വി ജയ്‌സ്വാള്‍
ഇന്ത്യ പ്ലെയിങ് ഇലവൻ : രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാൻ ഗില്‍, രജത് പടിദാര്‍, സര്‍ഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രൻ അശ്വിൻ, ആകാശ് ദീപ്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് (India Playing XI For 4th Test).
ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ : ബെൻ ഡക്കറ്റ്, സാക്ക് ക്രാവ്‌ലി, ഒലീ പോപ്പ്, ജോ റൂട്ട്, ബെൻ സ്റ്റോക്‌സ് (ക്യാപ്‌റ്റൻ), ജോണി ബെയര്‍സ്റ്റോ, ബെൻ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ടോം ഹാര്‍ട്‌ലി, ഒലീ റോബിൻസണ്‍, ജെയിംസ് ആൻഡേഴ്‌സണ്‍, ഷൊയ്‌ബ് ബഷീര്‍ (England Playing XI For 4th Test Against India).