ഗയാന: ഇന്ത്യൻ ടീം പന്തിൽ കൃത്രിമം കാണിച്ചുവെന്ന മുന്‍ പാകിസ്‌താന്‍ താരം ഇന്‍സമാം ഉള്‍ ഹഖിന്‍റെ ആരോപണത്തില്‍ മറുപടിയുമായി രോഹിത് ശര്‍മ. ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ ഇന്ത്യ ഓസ്‌ട്രേലിയ മത്സരം ചൂണ്ടിക്കാട്ടിയായിരുന്നു ഇന്‍സമാം ഉള്‍ ഹഖിന്‍റെ പ്രതികരണം. ഇൻസമാം ഉള്‍ ഹഖിന്‍റെ ആരോപണത്തിന് മറുപടി പറഞ്ഞ രോഹിത് ഇവിടെയല്ലെങ്കില്‍ വേറെയെവിടെ പന്ത് റിവേഴ്‌സ് സ്വിങ് ചെയ്യുമെന്നും ചോദിച്ചു.
ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തിന്‍റെ 16-ാം ഓവറില്‍ അര്‍ഷ്‌ദീപ് സിങ്ങിന് റിവേഴ്‌സ് സ്വിങ് ലഭിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്‍സമാം ഉള്‍ ഹഖ് ഇന്ത്യൻ ടീമിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. പുതിയ പന്തില്‍ ഇത്രയും നേരത്തെ സ്വിങ് ലഭിക്കില്ല. റിവേഴ്‌സ് സ്വിങ് കണ്ടെത്താൻ ഇന്ത്യൻ ടീം നന്നായി പണിയെടുത്തുവെന്നും പാക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുകയായിരുന്നു.
'ഇവിടെ ചൂട് കാലാവസ്ഥയാണ്, പിച്ചുകളെല്ലാം തന്നെ വരണ്ട നിലയിലാണ് ഉള്ളത്. ഇവിടെ റിവേഴ്‌സ് സ്വിങ് ആയില്ലെങ്കില്‍ പിന്നെ എവിടെയാകും' എന്നായിരുന്നു ഇൻസമാമിന്‍റെ പ്രതികരണത്തിന് മറുപടിയായി രോഹിത് ചോദിച്ചത്. ഞങ്ങള്‍ ഇംഗ്ലണ്ടിലോ ഓസ്‌ട്രേലിയയിലോ അല്ല കളിക്കുന്നത് എന്നും ഇന്ത്യൻ നായകൻ കൂട്ടിച്ചേര്‍ത്തിരുന്നു.
അതേസമയം, മാത്യു വെയ്‌ഡ്, ഡേവിഡ് വാർണർ, ടിം ഡേവിഡ് എന്നിവരുടെ വിക്കറ്റുകള്‍ ഈ മത്സരത്തില്‍ സ്വന്തമാക്കാൻ അര്‍ഷ്‌ദീപ് സിങ്ങിനായി. 24 റണ്‍സിന്‍റെ ജയമാണ് ഇന്ത്യ മത്സരത്തില്‍ നേടിയത്. ഈ ജയത്തോടെ ഗ്രൂപ്പ് ഒന്ന് ചാമ്പ്യന്മാരായി സെമി ഫൈനലില്‍ കടന്ന ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെയാണ് നേരിടുക.
Also Read: സ്‌പിന്നര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായേക്കും, ടോസ് നിര്‍ണായകം; ഗയാനയിലെ പിച്ച് റിപ്പോര്‍ട്ട്