രാജ്‌കോട്ട് : ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ അവസാന ഘട്ട ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീമുള്ളത് (India vs England 3rd Test). നാളെ രാജ്‌കോട്ടിലാണ് മത്സരം ആരംഭിക്കുന്നത്. മത്സരത്തില്‍ ശ്രദ്ധാ കേന്ദ്രങ്ങളില്‍ ഒരാളാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma). കാരണം ടെസ്റ്റില്‍ സമീപകാലത്ത് തന്‍റെ മികവിലേക്ക് എത്താന്‍ 36-കാരന് കഴിഞ്ഞിട്ടില്ല.
ഇംഗ്ലണ്ടിനെതിരെ കളിച്ച രണ്ട് ടെസ്റ്റുകളിലും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഹിറ്റ്‌മാന്‍ നടത്തിയത്. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പരമ്പരയിലെ രണ്ട് ടെസ്റ്റുകളിലും സ്ഥിതി സമാനമായിരുന്നു. കഴിഞ്ഞ നാല് ടെസ്റ്റുകളിലെ എട്ട് ഇന്നിങ്‌സുകളില്‍ 5, 0, 39, 16, 24, 39, 14, 13 എന്നിങ്ങനെയാണ് താരത്തിന് നേടാന്‍ കഴിഞ്ഞിട്ടുള്ളത്.
വിരാട് കോലി (Virat Kohli), കെഎല്‍ രാഹുല്‍ (KL Rahul), ശ്രേയസ് അയ്യര്‍ (Shreyas Iyer) എന്നിവരുടെ അഭാവത്തില്‍ ബാറ്റിങ് ഓർഡറിൽ ഇന്ത്യയ്ക്ക് മറ്റ് പരിചയസമ്പന്നരില്ല. ഇതോടെ ഹിറ്റ്‌മാന്‍റെ പ്രകടനം ടീമിന് ഏറെ നിര്‍ണായകമാണ്. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളിലെ രോഹിത്തിന്‍റെ പ്രകടനം ആശങ്കയ്‌ക്ക് വക നല്‍കുന്നതാണ്.
ചൊവ്വാഴ്‌ച നടന്ന പരിശീലനത്തിനിടെ ഒരു നെറ്റ് ബോളര്‍ക്ക് എതിരെ രോഹിത് ഏറെ പ്രയാസപ്പെട്ടുവെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. മൂർച്ചയുള്ള ഒരു ഇൻ സ്വിംഗറില്‍ താരത്തിന്‍റെ കുറ്റി തെറിച്ചതായും പ്രസ്‌തുത റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നെറ്റ് സെഷനുകൾക്ക് ഒരിക്കലും ഒരു കളിക്കാരന്‍റെ ഫോമുമായി ബന്ധമില്ല.
എന്നാല്‍ നെറ്റ് സെഷനുകളില്‍ പോലും പ്രയാസപ്പെടുന്നത് താരം സമ്മര്‍ദത്തിലാണെന്ന സൂചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പക്ഷെ സ്വന്തം മൈതാനങ്ങളില്‍ മികച്ച ടെസ്റ്റ് റെക്കോഡുള്ള താരമാണ് ഹിറ്റ്‌മാന്‍. ഇതുവരെ കളിച്ച 26 മത്സരങ്ങളില്‍ നിന്നും 61.53 എന്ന മികച്ച ശരാശരിയില്‍ 2092 റണ്‍സാണ് താരം നേടിയിട്ടുള്ളത്. ഇതോടെ രാജ്‌കോട്ട് രോഹിത്തിന്‍റെ തിരിച്ചുവരവിന് വേദിയാവുമെന്ന് പ്രതീക്ഷിക്കാം.
അതേസമയം വ്യക്തിപരമായ കാരണങ്ങളാലാണ് വിരാട് കോലി ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നിന്നും വിട്ടുനിന്നത്. കെഎല്‍ രാഹുലിന് പരിക്ക് തിരിച്ചടിയായപ്പോള്‍ ശ്രേയസിനെ പുറത്തിരുത്തിയതിന് പിന്നില്‍ മോശം ഫോമാണെന്നാണ് സൂചന.
ALSO READ: രാജ്‌കോട്ടില്‍ ജഡേജ കളിക്കുമോ?; പ്രതികരണവുമായി കുല്‍ദീപ് യാദവ്
ഇന്ത്യ ടെസ്റ്റ് സ്ക്വാഡ് : രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍) യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, ദേവ്‌ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), രജത് പടിദാര്‍, സര്‍ഫറാസ് ഖാന്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്. (India Squad For Last 3 Test Against England).