അഹമ്മദാബാദ് : മുംബൈ ഇന്ത്യന്‍സിന്‍റെ (Mumbai Indians) ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിനായിരുന്നു ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) തന്‍റെ പഴയ ടീമായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ (Gujarat Titans) അഹമ്മദാബാദില്‍ ഇറങ്ങിയത്. അഞ്ച് കിരീടങ്ങള്‍ നേടിക്കൊടുത്ത രോഹിത് ശര്‍മയെ (Rohit Sharma) മാറ്റിയായിരുന്നു ഫ്രാഞ്ചൈസി ഹാര്‍ദിക്കിന് ക്യാപ്റ്റന്‍റെ ചുമതല നല്‍കിയത്.
മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തിനെതിരെ ആരാധകര്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ ടീമിനുള്ളില്‍ നിന്നും തന്നെ അതൃപ്‌തി പരസ്യമായിരുന്നു. സൂപ്പര്‍ താരങ്ങളായ സൂര്യകുമാര്‍ യാദവ് (Suryakumar Yadav), ജസ്‌പ്രീത് ബുംറ (Jasprit bumrah) എന്നിവരായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ നേരിട്ടല്ലെങ്കിലും ഇതുസംബന്ധിച്ച് പ്രതികരിച്ചത്. ഇതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഗുജറാത്തിനെതിരെ മുംബൈ ഇന്ത്യന്‍സിനെ നയിക്കാന്‍ ഹാര്‍ദിക് ഇറങ്ങിയത്.
മത്സരത്തില്‍ ടോസ് നേടിയ മുംബൈ ആദ്യം ബോള്‍ ചെയ്യാനായിരുന്നു തീരുമാനിച്ചത്. ഗ്രൗണ്ടില്‍ രോഹിത്തിന്‍റെ ഫീല്‍ഡിങ് പൊസിഷനില്‍ പലതവണയാണ് ഹാര്‍ദിക് മാറ്റം വരുത്തിയത്. ഒരു ഘട്ടത്തില്‍ രോഹിത്തിനെ ഹാര്‍ദിക് ബൗണ്ടറി ലൈനിന് അടുത്തേക്ക് ഹാര്‍ദിക് പറഞ്ഞ് അയയ്‌ക്കുകയും ചെയ്‌തു. ക്യാപ്റ്റന്‍ പഞ്ഞത് തന്നോടുതന്നെ ആണോയെന്ന് ഒരല്‍പം ആശ്ചര്യത്തോടെ സ്ഥിരീകരിക്കുന്ന ഹിറ്റ്‌മാന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ക്യാപ്റ്റന്‍റെ നിര്‍ദേശം അതേപടി പാലിക്കുന്ന രോഹിത്തിനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യവെ രോഹിത്തിന് ഹാര്‍ദിക് പലവട്ടം നിര്‍ദേശം നല്‍കുകയും ചെയ്‌തിരുന്നു. മുംബൈയുടെ പുതിയ നായകന്‍റെ പ്രവര്‍ത്തി ആരാധകരെ ഏറെ ചൊടിപ്പിക്കുകയും ചെയ്‌തു. രോഹിത്തിനോട് യാതൊരു ബഹുമാനവുമില്ലാതെയാണ് ഹാര്‍ദിക് പെരുമാറുന്നതെന്നാണ് ആരാധകരുടെ പരാതി.
അതേസമയം മത്സരത്തിന്‍റെ ടോസ് സമയത്ത് കൂവലോടെയായിരുന്നു ഹാര്‍ദിക്കിനെ ആരാധകര്‍ വരവേറ്റത്. സംസാരിക്കാനെത്തിയപ്പോള്‍ ഗ്യാലറിയില്‍ നിന്നും രോഹിത് ചാന്‍റുകളാണ് മുഴങ്ങിയത്. മത്സരത്തില്‍ മുംബൈ തോല്‍ക്കുക കൂടി ചെയ്‌തതോടെ ആരാധകരുടെ വിമര്‍ശനം കടുക്കുകയും ചെയ്‌തു. ആറ് റണ്‍സിനായിരുന്നു ഗുജറാത്തിനെതിരെ മുംബൈ തോല്‍വി വഴങ്ങിയത്.
ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയര്‍ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 168 റൺസായിരുന്നു നേടിയത്. സായ് സുദര്‍ശന്‍ (39 പന്തില്‍ 45), ശുഭ്‌മാന്‍ ഗില്‍ (22 പന്തില്‍ 31) എന്നിവരാണ് തിളങ്ങിയത്. മറുപടിയ്‌ക്ക് ഇറങ്ങിയ മുംബൈയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്‌ടത്തിൽ 162 റൺസെടുക്കാനേ സാധിച്ചുള്ളൂ.രോഹിത് ശര്‍മ (29 പന്തില്‍ 43), ഡെവാള്‍ഡ് ബ്രെവിസ് (38 പന്തില്‍ 46) എന്നിവര്‍ മാത്രമാണ് പൊരുതി നോക്കിയത്.