മുംബൈ : ഐപിഎല്‍ ആവേശങ്ങള്‍ക്കിടയിലും ടി20 ലോകകപ്പ് ചര്‍ച്ചകളും ക്രിക്കറ്റ് ലോകത്ത് തകൃതിയായി തന്നെ പുരോഗമിക്കുകയാണ്. ആഴ്ചകള്‍ മാത്രമാണ് ഐസിസി ടി20 ലോകകപ്പ് പൂരം കൊടിയേറാൻ ഇനി ശേഷിക്കുന്നതും. അതുകൊണ്ട് തന്നെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ ആരെല്ലാം ഇടം പിടിക്കുമെന്ന ചര്‍ച്ചകളും ആരാധകര്‍ക്കിടയില്‍ സജീവമായി തുടങ്ങിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ഏപ്രില്‍ 30ന് ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഇതിനിടെയാണ് ടീം സെലക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ പരിശീലകൻ രാഹുല്‍ ദ്രാവിഡ്, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്നിവരുമായി മുംബൈയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഈ ചര്‍ച്ചയില്‍ വിരാട് കോലിയെയും രോഹിത് ശര്‍മയെയും ഓപ്പണറാക്കാൻ തീരുമാനിച്ചെന്നുള്ള റിപ്പോര്‍ട്ടും പുറത്തുവന്നു.
കൂടാതെ, മറ്റ് നിരവധി സര്‍പ്രൈസുകളും ടീമില്‍ ഉണ്ടായേക്കുമെന്നുമായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഈ റിപ്പോര്‍ട്ടുകളെയെല്ലാം തള്ളി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശര്‍മ. ടീം സെലക്ഷനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി താൻ ആരുമായും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് ആദം ഗിൽക്രിസ്റ്റ്, മൈക്കല്‍ വോണ്‍ എന്നിവരോട് ക്ലബ് പ്രേയര്‍ ഫയർ എന്ന പോഡ്കാസ്റ്റിലൂടെയാണ് രോഹിത് ശര്‍മ വ്യക്തമാക്കിയത്.
'ഞാൻ ആരെയും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. അജിത് അഗാര്‍ക്കര്‍ ദുബായില്‍ എവിടെയോ ഗോള്‍ഫ് കളിക്കുകയാണ്. രാഹുല്‍ ദ്രാവിഡ് മകനൊപ്പം ബെംഗളൂരുവിലാണ്. ഞങ്ങള്‍ ആരും തന്നെ ഇതുവരെയും ഒരു കൂടിക്കാഴ്ചയും നടത്തിയിട്ടില്ലെന്നതാണ് സത്യം. ഞങ്ങള്‍ മൂന്ന് പേരും ക്യാമറയ്ക്ക് മുന്നില്‍ വന്ന് പറയുന്നത് അല്ലാതെ, നിങ്ങള്‍ കേട്ട കാര്യങ്ങളെല്ലാം വ്യാജമാണ്'- രോഹിത് ശര്‍മ പറഞ്ഞു.
Also Read : ഹിറ്റ്മാനൊപ്പം കിങ്; ടി20 ലോകകപ്പില്‍ വിരാട് കോലി ഓപ്പണറായേക്കുമെന്ന് സൂചന - Kohli Rohit To Open T20 WC
ജൂണ്‍ ഒന്നിനാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായിട്ടാണ് ടൂര്‍ണമെന്റ് നടക്കുക. ഐപിഎല്ലില്‍ തകര്‍പ്പൻ ഫോമിലുള്ള വിരാട് കോലി വരുന്ന ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുമെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്. കൂടാതെ, ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നാല് ഓവര്‍ പന്തെറിയണം എന്ന ആവശ്യം രോഹിത് അജിത് അഗാര്‍ക്കറോട് ഉന്നയിക്കുകയും ചെയ്തിരുന്നു എന്നുമായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്.