മുംബൈ : ഐപിഎല്‍ പതിനേഴാം പതിപ്പിന് മുന്‍പ് ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു രോഹിത് ശര്‍മയെ മുംബൈ ഇന്ത്യൻസിന്‍റെ ക്യാപ്‌റ്റൻ സ്ഥാനത്ത് നിന്നും നീക്കി പകരം ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കി നിയോഗിച്ചത്. ഫ്രാഞ്ചൈസിയുടെ ഈ തീരുമാനം ആരാധകര്‍ക്കും അംഗീകരിക്കാൻ സാധിച്ചിരുന്നില്ല. ഹാര്‍ദിക്കിനെതിരെയും മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസിക്കെതിരെയും ആരാധകര്‍ രോഷം പ്രകടിപ്പിച്ചും രംഗത്ത് എത്തിയിരുന്നു.
ക്യാപ്‌റ്റൻ സ്ഥാനത്ത് നിന്നും തന്നെ നീക്കിയത് ഏറെ വിവാദമായെങ്കിലും വിഷയത്തില്‍ പരസ്യമായ പ്രതികരണത്തിന് രോഹിത് ശര്‍മ തയ്യാറായിരുന്നില്ല. എന്നാല്‍, ഐപിഎല്‍ പതിനേഴാം പതിപ്പില്‍ നിന്നും മുംബൈ ഇന്ത്യൻസ് പുറത്താകലിന്‍റെ വക്കില്‍ നില്‍ക്കെ വിഷയത്തില്‍ മനസ് തുറന്നിരിക്കുകയാണ് ഇപ്പോള്‍ രോഹിത് ശര്‍മ. ടി20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ക്യാപ്‌റ്റൻ സ്ഥാനത്ത് നിന്നും തന്നെ നീക്കിയതിലുള്ള തന്‍റെ നിരാശ പരസ്യമാക്കുന്നതായിരുന്നു രോഹിത് ശര്‍മയുടെ പ്രതികരണം. ജീവിതത്തില്‍ എല്ലാ കാര്യങ്ങളും നമ്മള്‍ വിചാരിക്കുന്ന രീതിയില്‍ വരില്ലെന്നായിരുന്നു രോഹിത് പറഞ്ഞത്. താരത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ...
'ക്യാപ്‌റ്റനായിട്ടും അല്ലാതെയും ടീമില്‍ കളിച്ചിട്ടുള്ള വ്യക്തിയാണ് ഞാൻ. ഇതെല്ലാം ജീവിതത്തിന്‍റെ ഭാഗങ്ങള്‍ മാത്രമാണ്. അവിടെ നമ്മള്‍ കരുതുന്നത് പോലെ തന്നെ എല്ലാം നടക്കണമെന്നില്ല. ഇത് നല്ലൊരു അനുഭവമായിരുന്നു.
ഞാൻ ആദ്യം ക്യാപ്‌റ്റൻ ആയിരുന്നില്ല. നിരവധി പേര്‍ക്ക് കീഴില്‍ എനിക്ക് കളിക്കാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് വ്യത്യസ്‌തമായതോ പുതിയതോ ആയ ഒരു അനുഭവമായിരുന്നില്ല എനിക്ക്'- രോഹിത് വ്യക്തമാക്കി.ഇന്ത്യൻ ടീമില്‍ എംഎസ് ധോണി, വിരേന്ദര്‍ സെവാഗ്, വിരാട് കോലി എന്നിവര്‍ക്ക് കീഴിലും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ആദം ഗില്‍ക്രിസ്റ്റ്, ഹര്‍ഭജൻ സിങ്, റിക്കി പോണ്ടിങ് എന്നിവര്‍ക്ക് കീഴിലുമാണ് രോഹിത് ശര്‍മ കളിച്ചിട്ടുള്ളത്.
ഐപിഎല്ലിലെ എക്കാലത്തെയും മികച്ച നായകൻമാരില്‍ മുൻപന്തിയിലുള്ള താരം കൂടിയാണ് രോഹിത്. 2013-2023 വരെയുള്ള കാലയളവിലാണ് രോഹിത് മുംബൈ ഇന്ത്യൻസിന്‍റെ നായകനായി കളിച്ചത്. ഇക്കാലയളവില്‍ ഫ്രാഞ്ചൈസി അഞ്ച് തവണയാണ് ഐപിഎല്‍ കിരീടം നേടിയത്.
അതേസമയം, ഗുജറാത്ത് ടൈറ്റൻസിനെ ആദ്യ സീസണില്‍ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് അതേ മികവ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനൊപ്പം ആവര്‍ത്തിക്കാനായില്ല. ഹാര്‍ദിക്കിന് കീഴില്‍ കളത്തിലിറങ്ങിയ മുംബൈ സീസണിലെ ആദ്യ പത്ത് കളിയില്‍ ഏഴിലും പരാജയപ്പെടുകയായിരുന്നു.