ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ തിരക്കിലാണ് മുംബൈ ഇന്ത്യന്‍സിന്‍റെ മുന്‍ നായകന്‍ രോഹിത് ശര്‍മ. ഇതിനിടെ കളത്തിന് പുറത്ത് നിന്നുള്ള രോഹിത്തിന്‍റെ ഒരു വീഡിയോ ആരാധക ഹൃദയം കീഴടക്കുകയാണ്. തന്‍റെ മകളോടുള്ള വാത്സല്യം എത്രത്തോളമെന്ന് ഹിറ്റ്‌മാന്‍ പ്രകടമാക്കുന്ന വീഡിയോയാണിത്.
ഭാര്യ റിതികയ്‌ക്കും മകള്‍ സമൈറയ്‌ക്കുമൊപ്പമുള്ള ഒരു യാത്രയില്‍ നിന്നുള്ളതാണ് പ്രസ്‌തുത വീഡിയോ. എയര്‍പോര്‍ട്ടില്‍ നിന്നും രാത്രി ഏറെ വൈകി പുറത്തേക്കിറങ്ങുമ്പോള്‍ സമൈറ രോഹിത്തിന്‍റെ ചുമലില്‍ ചാഞ്ഞുകിടുന്ന് ഉറങ്ങുകയായിരുന്നു. ഇക്കാരണത്താല്‍ ചുറ്റുമുള്ള ആൾക്കൂട്ടത്തിന്‍റെ ബഹളം രോഹിത്തിനെ ഏറെ അസ്വസ്ഥപ്പെടുത്തി.
ഇതോടെ തന്‍റെ ചുണ്ടില്‍ വിരല്‍ വച്ച് എല്ലാവരോടും നിശബ്‌ദത പാലിക്കാൻ 36-കാരന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമയം കളിക്കളത്തില്‍ മുംബൈക്കും രോഹിത്തിനും അത്ര മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് കളിച്ച മൂന്ന് മത്സരങ്ങളിലും തോല്‍വി വഴങ്ങി.
ഇത്രയും മത്സരങ്ങളില്‍ നിന്നും 69 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാന്‍ കഴിഞ്ഞത്. ഇതിനിടെ ക്യാപ്റ്റന്‍സി വിവാദവും ആളിക്കത്തുന്നുണ്ട്. അഞ്ച് കിരീടങ്ങള്‍ നേടിക്കൊടുത്ത രോഹിത്തിനെ പുതിയ സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യുകയായിരുന്നു. പ്ലെയര്‍ ട്രേഡിലൂടെ ടീമിലേക്ക് തിരികെ എത്തിച്ച ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് ചുമതല നല്‍കുന്നതിനായിരുന്നു രോഹിത്തിനെ തെറിപ്പിച്ചത്.
സംഭവത്തില്‍ ടീമിന് അകത്ത് നിന്നും നേരിട്ടല്ലെങ്കിലും അതൃപ്‌തി വെളിപ്പെട്ടപ്പോള്‍ ആരാധകര്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത് എത്തി. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിരവധി പേരാണ് മുംബൈ ഇന്ത്യന്‍സിനെ അണ്‍ ഫോളോ ചെയ്‌തത്. വിഷയത്തില്‍ രോഹിത് നേരിട്ട് പ്രതികരിച്ചിരുന്നില്ലെങ്കിലും ക്യാപ്റ്റന്‍സി മാറ്റത്തെ ന്യായീകരിച്ച മുംബൈ പരിശീകനെതിരെ റിതിക രംഗത്ത് എത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു.
കളിക്കളത്തിലേക്ക് എത്തിയപ്പോള്‍ ആരാധകരില്‍ നിന്നും കടുത്ത പ്രതിഷേധമാണ് ഹാര്‍ദിക്കിന് നേരിടേണ്ടി വന്നത്. സ്വന്തം മൈതാനമായ വാങ്കഡെയില്‍ പോലും കൂവലോടെയാണ് ആരാധകര്‍ ഹാര്‍ദിക്കിനെ സ്വീകരിച്ചത്. കളിച്ച മത്സരങ്ങളില്‍ തോല്‍വി വഴങ്ങുക കൂടി ചെയ്‌തതോടെ പ്രതിഷേധത്തിന്‍റെയും വിമര്‍ശനങ്ങളുടെയും മൂര്‍ച്ച കൂടുന്നതാണ് കാണാന്‍ കഴിയുന്നത്.
ഹാര്‍ദിക്കിനെ മാറ്റി രോഹിത്തിന് ക്യാപ്റ്റന്‍ സ്ഥാനം തിരികെ നല്‍കണമെന്നാണ് ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഭാവി മുന്നില്‍ കണ്ടുകൊണ്ടാണ് ഹാര്‍ദിക്കിന് ചുമതല നല്‍കിയതെന്ന് പലകുറി മുംബൈ മാനേജ്‌മെന്‍റ് ആവര്‍ത്തിച്ചിരുന്നു.