ധര്‍മ്മശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ (India vs England 5th Test) ഇന്ത്യയ്‌ക്കായി സെഞ്ചുറി നേടിയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) തിരിച്ചുകയറിയത്. 162 പന്തുകളില്‍ നിന്നും 13 ബൗണ്ടറികളും മൂന്ന് സിക്‌സറും സഹിതം 103 റണ്‍സാണ് രോഹിത് നേടിയത്. ഇതോടെ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ പട്ടികയില്‍ തലപ്പത്തുണ്ടായിരുന്ന സുനില്‍ ഗവാസ്‌കര്‍ക്ക് (Sunil Gavaskar) ഒപ്പം പിടിച്ചിരിക്കുകയാണ് ഹിറ്റ്‌മാന്‍.
നാല് സെഞ്ചുറികള്‍ വീതമാണ് ഇരുവരുടേയും അക്കൗണ്ടിലുള്ളത്. മൂന്ന് വീതം സെഞ്ചുറികളുള്ള വിജയ് മര്‍ച്ചന്‍റ് (Vijay Merchant), മുരളി വിജയ് (Murali Vijay), കെഎല്‍ രാഹുല്‍ (KL Rahul) എന്നിവരാണ് പിന്നില്‍. മറ്റ് ചില എലൈറ്റ് പട്ടികയിലും രോഹിത് മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. അവ ഏതെന്ന് അറിയാം (Rohit Sharma Records)....
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഓപ്പണര്‍മാരില്‍ മൂന്നാം സ്ഥാനം. പ്രസ്‌തുത റോളില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 43 സെഞ്ചുറികളാണ് ഹിറ്റ്‌മാന്‍റെ പട്ടികയിലുള്ളത്. ഇതോടെ വെസ്റ്റ് ഇന്‍ഡീസിന്‍റെ ക്രിസ് ഗെയ്‌ലാണ് (Chris Gayle) പിന്നിലായത്. 42 സെഞ്ചുറികളായിരുന്നു താരത്തിന്‍റെ അക്കൗണ്ടിലുണ്ടായിരുന്നത്. ഡേവിഡ് വാര്‍ണര്‍ (David Warner- 49), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (Sachin Tendulkar- 45) എന്നിവരാണ് ഇനി രോഹിത്തിന് മുന്നിലുള്ളത്.
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളുള്ള ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രാഹുല്‍ ദ്രാവിഡിനൊപ്പം (Rahul Dravid) മൂന്നാം സ്ഥാനം പിടിക്കാനും രോഹിത്തിന് കഴിഞ്ഞു. 48 സെഞ്ചുറികള്‍ വീതമാണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ രോഹിത്തിന്‍റേയും രാഹുല്‍ ദ്രാവിഡിന്‍റെയും അക്കൗണ്ടിലുള്ളത്.
100 സെഞ്ചുറികളുമായി സച്ചന്‍ ടെണ്ടുല്‍ക്കറും 80 സെഞ്ചുറികളുമായി വിരാട് കോലിയുമാണ് (Virat Kohli) ഇരുവര്‍ക്കും മുന്നിലുള്ളത്. 38 സെഞ്ചുറികള്‍ വീതമുള്ള വിരേന്ദര്‍ സെവാഗ് (Virender Sehwag), സൗരവ് ഗാംഗുലി (Sourav Ganguly) എന്നിവരാണ് പിന്നില്‍.
അതേസമയം അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുകയാണ്. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ടിനെ 218 റണ്‍സില്‍ ഓള്‍ഔട്ടാക്കാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞിരുന്നു. സ്‌പിന്നര്‍മാരുടെ മികവിലാണ് ഇംഗ്ലീഷ് ബാറ്റിങ് നിരയെ ഇന്ത്യ ചുരുട്ടിക്കൂട്ടിയത്. കുല്‍ദീപ് യാദവ് അഞ്ചും അര്‍ അശ്വിന്‍ നാലും വിക്കറ്റുകള്‍ വീഴ്‌ത്തി. മറുപടിക്ക് ഇറങ്ങിയ ഇന്ത്യയ്‌ക്കായി രോഹിത്തിനെ കൂടാതെ ശുഭ്‌മാന്‍ ഗില്ലും സെഞ്ചുറി നേടിയിരുന്നു. 150 പന്തില്‍ 110 റണ്‍സായിരുന്നു ഗില്ലിന്‍റെ സമ്പാദ്യം.