രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ ഒന്നാം ദിനത്തില്‍ സെഞ്ച്വറിയുമായി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഇന്ത്യന്‍ നായകൻ രോഹിത് ശര്‍മ (Rohit Sharma) കാഴ്‌ചവെച്ചത്. മത്സരത്തിന്‍റെ തുടക്കത്തില്‍ തകര്‍ച്ച നേരിട്ട ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്ന പ്രകടനമായിരുന്നു രോഹിതിന്‍റേത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയ്‌ക്ക് ആദ്യ പത്ത് ഓവറിനുള്ളില്‍ തന്നെ മൂന്ന് വിക്കറ്റാണ് നഷ്‌ടമായത്.
ഫോമിലുള്ള യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാൻ ഗില്‍ എന്നിവര്‍ക്കൊപ്പം രജത് പടിദാറിനെയുമായിരുന്നു രാജ്‌കോട്ട് ടെസ്റ്റിന്‍റെ ഒന്നാം ദിനത്തില്‍ ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. പിന്നീട് ക്ഷമയോടെ ബാറ്റ് വീശിയ രോഹിത് ശര്‍മ നാലാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം 204 റണ്‍സിന്‍റെ നിര്‍ണായക കൂട്ടുകെട്ട് പടുത്തുയര്‍ത്താനും രോഹിത് ശര്‍മയ്‌ക്കായി. 196 പന്ത് നേരിട്ട രോഹിത് 131 റണ്‍സ് നേടിയായിരുന്നു മടങ്ങിയത് (Rohit Sharma Test Century at Rajkot against England 2024).
14 ഫോറും മൂന്ന് സിക്‌സറും അടങ്ങിയതായിരുന്നു രോഹിത് ശര്‍മയുടെ ഇന്നിങ്‌സ്. പിന്നാലെ, രോഹിതിന്‍റെ ഇന്നിങ്‌സിനെ പ്രശംസിച്ച് മുന്‍ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ രംഗത്തെത്തിയിരുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ വലിയൊരു ഇന്നിങ്സ് കളിക്കാന്‍ രോഹിത് കാണിച്ച മനോധൈര്യം പ്രശംസനീയമാണെന്ന് സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.
'20 അല്ലെങ്കില്‍ 30 റണ്‍സ് മാത്രമല്ല, വലിയൊരു ഇന്നിങ്‌സാണ് ഇവിടെ കളിക്കേണ്ടത് എന്ന കാര്യം രോഹിത് ശര്‍മയ്‌ക്ക് അറിയാമായിരുന്നു. തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്‌ടപ്പെട്ടതോടെ ക്രീസില്‍ കൂടുതല്‍ നേരം ചെലവഴിക്കുക എന്ന ഉത്തരവാദിത്തം രോഹിതിലേക്ക് എത്തി.
ലഭിച്ച അവസരങ്ങള്‍ എല്ലാം രോഹിത് ശര്‍മ മുതലെടുത്തു. സ്ലിപ്പില്‍ ജോ റൂട്ട് രോഹിതിന്‍റെ ക്യാച്ച് നഷ്‌ടപ്പെടുത്തിയത് ഒരു ഭാഗ്യമായിരുന്നു. അതിന് ശേഷം സാഹചര്യത്തിന് അനുസരിച്ച് കളിക്കാനായിരുന്നു അവനും ജഡേജയും ശ്രമിച്ചത്'- സഞ്ജയ് മഞ്ജരേക്കര്‍ ഇഎസ്‌പിഎൻ ക്രിക് ഇൻഫോയോട് പറഞ്ഞു (Sanjay Manjrekar Praised Rohit Sharma).
അതേസമയം, രാജ്‌കോട്ട് ടെസ്റ്റിന്‍റെ ഒന്നാം ദിനത്തില്‍ രോഹിത് ശര്‍മയുടെയും രവീന്ദ്ര ജഡേജയുടെയും സെഞ്ച്വറിയുടെ കരുത്തില്‍ 5 വിക്കറ്റ് നഷ്‌ടത്തില്‍ 326 റണ്‍സാണ് ടീം ഇന്ത്യ നേടിയത്. കന്നി ടെസ്റ്റ് കളിക്കാനിറങ്ങിയ സര്‍ഫറാസ് ഖാന്‍ 66 പന്തില്‍ 62 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയിരുന്നു.
Also Read : ആചാരവെടിയ്‌ക്ക് ഇതാ ബെസ്റ്റ്..! സര്‍ഫറസ് ഖാന്‍റെ 'അതിവേഗ അര്‍ധ സെഞ്ച്വറി' റെക്കോഡ് ബുക്കില്‍