ഫ്ലോറിഡ : മയാമി ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ കിരീടം ചൂടി രോഹൻ ബൊപ്പണ്ണ, ഓസ്‌ട്രേലിയയുടെ മാത്യു എഡ്‌ബെൻ സഖ്യം. ഒരു മണിക്കൂര്‍ 42 മിനിറ്റ് നീണ്ട് നിന്ന കലാശപ്പോരാട്ടത്തില്‍ ലോക രണ്ടാം സീഡായ ഇവാൻ ഡോഡിഗ്-ഓസ്റ്റിൻ ക്രാജിസെക്ക് സഖ്യത്തെയാണ് ബൊപ്പണ്ണ-എഡ്‌ബെൻ ജോഡി തകര്‍ത്തത്. തുടക്കത്തില്‍ പിറകിലായ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ഇന്തോ-ഓസീസ് സഖ്യം ഫൈനലില്‍ ജയം നേടിയത്.
ഇവാൻ ഡോഡിഗ്-ഓസ്റ്റിൻ ക്രാജിസെക്ക് സഖ്യത്തിനെതിരായ ഫൈനലില്‍ ആദ്യ സെറ്റ് ടൈ ബ്രേക്കറിലാണ് ബൊപ്പണ്ണയും എഡ്‌ബെനും കൈവിട്ടത്. എന്നാല്‍, നിര്‍ണായകമായ രണ്ടാം സെറ്റില്‍ ശക്തമായി തന്നെ കളിയിലേക്ക് തിരിച്ചെത്താൻ ഇരുവര്‍ക്കുമായി. 6-3 എന്ന സ്കോറിനായിരുന്നു രണ്ടാം സെറ്റ് ബൊപ്പണ്ണ-എഡ്‌ബെൻ ജോഡി തങ്ങളുടെ പേരിലാക്കിയത്. 10-6ന് മുന്നാം സെറ്റും സ്വന്തമാക്കിക്കൊണ്ടായിരുന്നു ലോക ഒന്നാം നമ്പര്‍ പുരുഷ ജോഡികള്‍ മയാമി ഓപ്പണ്‍ കിരീടം നേടിയെടുത്തത്.
നേരത്തെ, മയാമി ഓപ്പണ്‍ ടെന്നീസിന്‍റെ സെമി ഫൈനലില്‍ സ്‌പെയിൻ താരം മാര്‍സെല്‍ ഗ്രാനെല്ലേഴ്‌സ് അര്‍ജന്‍റീനയുടെ ഹൊറാസിയോ സെബല്ലോസ് എന്നിവരെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു ബൊപ്പണ്ണയുടെയും സഹതാരത്തിന്‍റെയും ഫൈനല്‍ പ്രവേശം. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സെമിയില്‍ ഇവരുടെ ജയം.
അതേസമയം, രോഹൻ ബൊപ്പണ്ണ - മാത്യു എഡ്‌ബെൻ സഖ്യത്തിന്‍റെ ഈ വര്‍ഷത്തെ മൂന്നാം ഫൈനലിലെ രണ്ടാമത്തെ കിരീട നേട്ടമാണിത്. നേരത്തെ, ഇക്കൊല്ലം ആദ്യം ഓസ്‌ട്രേലിയൻ ഓപ്പണില്‍ ചരിത്ര നേട്ടം സ്വന്തമാക്കാൻ ഇരുവര്‍ക്കുമായി. ഈ ജയത്തോടെ ഓസ്‌ട്രേലിയൻ ഓപ്പണ്‍ ഡബിള്‍സ് കിരീടം നേടുന്ന ആദ്യ ഇന്ത്യനും ഏറ്റവും പ്രായം കൂടിയ താരവുമായും രോഹൻ ബൊപ്പണ്ണ മാറിയിരുന്നു. അതേസമയം, മയാമി ഓപ്പണ്‍ ഡബിള്‍സിലെ ജയത്തോടെ മാസ്റ്റേഴ്‌സ് 1000 കിരീടം നേടുന്ന പ്രായം കൂടിയ താരമെന്ന തന്‍റെ റെക്കോഡ് ഒരു വട്ടം കൂടി മറികടക്കാൻ രോഹൻ ബൊപ്പണ്ണയ്‌ക്കായി.