ജയ്‌പൂര്‍ : ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാൻ റോയല്‍സിന്‍റെ ഹീറോയായി മാറിയത് കഴിഞ്ഞ സീസണുകളില്‍ പഴികള്‍ ഒരുപാട് കേട്ട റിയാൻ പരാഗ് ആയിരുന്നു. ഇന്നലെ, സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ പേരുകേട്ട റോയല്‍സിന്‍റെ ടോപ് ഓര്‍ഡറിനെ ഡല്‍ഹിയുടെ ബൗളര്‍മാര്‍ വെള്ളം കുടിപ്പിച്ചപ്പോള്‍ അവര്‍ക്കുമേല്‍ വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ പരാഗിന് സാധിച്ചു. മത്സരത്തില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാൻ ക്രീസിലെത്തിയ 22കാരനായ താരം പുറത്താകാതെ 84 റണ്‍സാണ് അടിച്ചുകൂട്ടിയത്.
45 പന്തില്‍ ആറ് സിക്‌സറും ഏഴ് ഫോറും അടങ്ങിയതായിരുന്നു പരാഗിന്‍റെ ഇന്നിങ്‌സ്. ഐപിഎല്‍ കരിയറിലെ തന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണ് പരാഗ് ഡല്‍ഹിക്കെതിരെ നേടിയത്. ഡല്‍ഹി കാപിറ്റല്‍സിനെതിരായി സൂപ്പര്‍ ബാറ്റിങ് പ്രകടനം കാഴ്‌ചവച്ചതിന് പിന്നാലെ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് പരാഗിന്‍റെ പഴയ ഒരു എക്‌സ് പോസ്റ്റാണ്.
ഈ ഐപിഎല്ലില്‍ ഒരു ഓവറില്‍ തനിക്ക് നാല് സിക്‌സുകള്‍ അടിക്കാൻ സാധിക്കുമെന്ന് തോന്നുന്നുവെന്ന് പരാഗ് കുറിച്ച പോസ്റ്റാണ് തരംഗമാകുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിനിടെയാണ് താരം എക്‌സില്‍ ഇങ്ങനെ കുറിച്ചത്. എന്നാല്‍, അവസാന സീസണില്‍ ഏഴ് മത്സരം കളിച്ചെങ്കിലും റോയല്‍സിനായി ബാറ്റുകൊണ്ട് കാര്യമായ സംഭാവനകള്‍ നല്‍കാൻ പരാഗിന് സാധിച്ചിരുന്നില്ല.
കഴിഞ്ഞ വര്‍ഷം ഏഴ് മത്സരങ്ങളില്‍ നിന്നും 13 ശരാശരിയില്‍ 78 റണ്‍സ് മാത്രമാണ് പരാഗിന്‍റെ ബാറ്റില്‍ നിന്നും പിറന്നത്. 20 ആയിരുന്നു ഐപിഎല്‍ പതിനാറാം പതിപ്പില്‍ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റ്. എന്നാല്‍, ഇപ്രാവശ്യം അവസരം ലഭിച്ച രണ്ട് മത്സരങ്ങള്‍ കൊണ്ടുതന്നെ കഴിഞ്ഞ സീസണുകളില്‍ കേള്‍ക്കേണ്ടി വന്ന പഴിയ്‌ക്ക് മറുപടി നല്‍കാൻ പരാഗിനായി.
സീസണിലെ ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ 29 പന്തില്‍ 43 ആയിരുന്നു പരാഗ് നേടിയത്. രണ്ടാം മത്സരത്തില്‍ ഡല്‍ഹിക്കെതിരെയും മികവ് തുടരാൻ താരത്തിനായി. ഇന്നലെ നടന്ന മത്സരത്തില്‍ ആൻറിച്ച് നോര്‍ക്യ എറിഞ്ഞ രാജസ്ഥാൻ ഇന്നിങ്‌സിന്‍റെ അവസാന ഓവറില്‍ 25 റണ്‍സായിരുന്നു പരാഗ് അടിച്ചെടുത്തത്.
അതേസമയം, ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 12 റണ്‍സിനായിരുന്നു രാജസ്ഥാൻ റോയല്‍സിന്‍റെ ജയം. രാജസ്ഥാൻ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിയ്‌ക്ക് 173 റണ്‍സ് ആയിരുന്നു നേടാൻ സാധിച്ചത്.