വിശാഖപട്ടണം : കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെട്ടതിന് പിന്നാലെ ഡല്‍ഹി കാപിറ്റല്‍സ് ടീമിന് വമ്പൻ പണി. മത്സരത്തില്‍ 106 റണ്‍സിന്‍റെ വമ്പൻ പരാജയം ആയിരുന്നു ഡല്‍ഹിക്ക് വഴങ്ങേണ്ടി വന്നത്. ഇതിന് പിന്നാലെ കുറഞ്ഞ ഓവര്‍ നിരക്കിന് ടീമിന് പിഴയിട്ടിരിക്കുകയാണ് അധികൃതര്‍.
ഐപിഎല്‍ പതിനേഴാം പതിപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഡല്‍ഹി കാപിറ്റല്‍സ് നായകൻ റിഷഭ് പന്ത് കുറഞ്ഞ ഓവര്‍ നിരക്കിന് നടപടി നേരിടുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഡല്‍ഹി കാപിറ്റല്‍സിന്‍റെ കഴിഞ്ഞ മത്സരത്തിന് പിന്നാലെയായിരുന്നു താരത്തിന് നേരത്തെ പിഴയൊടുക്കേണ്ടി വന്നത്. അന്ന് 12 ലക്ഷം രൂപ പിഴയായി നല്‍കണമെന്നായിരുന്നു മാച്ച് റഫറിയുടെ നിര്‍ദേശം.
എന്നാല്‍, കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് താരം 24 ലക്ഷം രൂപയാണ് നല്‍കേണ്ടത്. ടീമിലെ മറ്റ് അംഗങ്ങള്‍ക്കും ഐപിഎല്‍ അധികൃതര്‍ പിഴ ചുമത്തിയിട്ടുണ്ട്. ഇംപാക്‌ട് പ്ലെയര്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ ആറ് ലക്ഷം രൂപയോ അല്ലെങ്കില്‍ മാച്ച് ഫീയുടെ 25 ശതമാനമോ പിഴയടയ്‌ക്കണം എന്നാണ് നിര്‍ദേശം.
അതേസമയം, കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ വമ്പൻ തോല്‍വി വഴങ്ങേണ്ടി വന്നതോടെ ഡല്‍ഹി കാപിറ്റല്‍സ് പോയിന്‍റ് പട്ടികയില്‍ 9-ാം സ്ഥാനത്തേക്കും കൂപ്പുകുത്തി. ഇന്നലെ, വിശാഖപട്ടണത്ത് നടന്ന മത്സരം 106 റണ്‍സിനായിരുന്നു ഡല്‍ഹി കൈവിട്ടത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത കെകെആര്‍ 272 റണ്‍സാണ് നിശ്ചിത 20 ഓവറില്‍ അടിച്ചെടുത്തത്.
സുനില്‍ നരെയ്‌ൻ (39 പന്തില്‍ 85), അംഗ്‌കൃഷ് രഘുവൻഷി (27 പന്തില്‍ 54), ആന്ദ്രേ റസല്‍ (19 പന്തില്‍ 41) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങിന്‍റെ കരുത്തിലാണ് കൊല്‍ക്കത്ത ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങില്‍ റിഷഭ് പന്ത് (25 പന്തില്‍ 55), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (32 പന്തില്‍ 54) എന്നിവരൊഴികെ മറ്റാര്‍ക്കും ഡല്‍ഹി നിരയില്‍ തിളങ്ങാനായില്ല. ഇതോടെ, 273 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹി 17.2 ഓവറില്‍ 166 റണ്‍സില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു.
മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു ജയം മാത്രമാണ് ഡല്‍ഹിയുടെ അക്കൗണ്ടില്‍. സീസണിലെ അടുത്ത മത്സരത്തില്‍ മുംബൈ ഇന്ത്യൻസാണ് അവരുടെ എതിരാളികള്‍. ഏപ്രില്‍ ഏഴിന് വാങ്കഡെയിലാണ് ഈ മത്സരം.