ലണ്ടൻ: ചരിത്രപ്രസിദ്ധമായ വെംബ്ലി സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി യൂറോപ്പിലെ യഥാര്‍ഥ രാജാക്കന്മാര്‍ തങ്ങള്‍ തന്നെയാണെന്ന് ഒരു വട്ടം കൂടി തെളിയിച്ചിരിക്കുകയാണ് റയല്‍ മാഡ്രിഡ്. 27 വര്‍ഷങ്ങള്‍ക്ക് ശേഷം ചാമ്പ്യൻസ് ലീഗ് കിരീടം എന്ന മോഹവുമായി ജര്‍മൻ ക്ലബ് ബൊറൂസിയ ഡോര്‍ട്‌മുണ്ടിന്‍റെ പടയാളികള്‍ പൊരുതി നോക്കിയെങ്കിലും അവസാന ജയം നിന്നത് സ്‌പാനിഷ് വമ്പന്മാര്‍ക്കൊപ്പം. ഡാനി കര്‍വാഹലും വിനീഷ്യസ് ജൂനിയറും കലാശക്കളിയില്‍ നേടിയ രണ്ട് ഗോളുകളാണ് റയലിന്‍റെ ഷെല്‍ഫിലേക്ക് 15-ാം ചാമ്പ്യൻസ് ലീഗ് കിരീടം എത്തിച്ചിരിക്കുന്നത്.
ഡോര്‍ട്‌മുണ്ടിന്‍റെ ആക്രമണങ്ങളായിരുന്നു വെംബ്ലിയിലെ ആദ്യ മിനിറ്റുകള്‍. എന്നാല്‍, ക്ഷമയോടെ പന്ത് കൈവശം വച്ച് മുന്നേറാനായിരുന്നു റയലിന്‍റെ ശ്രമം. കളിയുടെ 20-ാം മിനിറ്റില്‍ ലീഡ് പിടിക്കാൻ ലഭിച്ച സുവര്‍ണാവസരം മുതലെടുക്കാൻ ഡോര്‍ട്‌മുണ്ടിന് സാധിക്കാതെ പോയി.
ത്രൂ ബോള്‍ പിടിച്ചെടുത്ത് വിങ്ങര്‍ കരിം അഡെയെമി റയല്‍ ഗോള്‍ കീപ്പര്‍ കോര്‍ട്ടോയെ ഉള്‍പ്പടെ മറികടന്നെങ്കിലും ഷോട്ടുതിര്‍ക്കുന്നതിന് മുന്‍പ് പ്രതിരോധ താരങ്ങള്‍ ഡോര്‍ട്‌മുണ്ട് താരത്തിന്‍റെ ഗോള്‍ ശ്രമം വിഫലമാക്കി. 22-ാം മിനിറ്റില്‍ സ്ട്രൈക്കര്‍ ഫുള്‍ക്‌ബര്‍ഗിന്‍റെ ഷോട്ട് പോസ്റ്റില്‍ ഇടിച്ച് മടങ്ങി. ഇതിന് പിന്നാലെ റയലും ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി തുടങ്ങി. എന്നാല്‍, ഗോളുകളൊന്നും തന്നെ ആദ്യ പകുതിയില്‍ വന്നിരുന്നില്ല.
രണ്ടാം പകുതിയില്‍ റയല്‍ മുന്നേറ്റം ശക്തമാക്കി. ഒന്നിന് പിറകെ ഒന്നായി ഗോള്‍ അവസരങ്ങള്‍ അവര്‍ സൃഷ്‌ടിച്ചു. എന്നാല്‍, ഡോര്‍ട്‌മുണ്ടിന്‍റെ പ്രതിരോധക്കോട്ട തകര്‍ക്കാൻ അവര്‍ക്ക് സാധിച്ചിരുന്നില്ല.
മറുവശത്ത് തകര്‍പ്പൻ ഷോട്ടുകളുമായി ഡോര്‍ട്‌മുണ്ടും ഗോളടിക്കാനുള്ള ശ്രമം തുടര്‍ന്നു. എന്നാല്‍, ഗോള്‍ പോസ്റ്റിന് മുന്നില്‍ കോട്ട കെട്ടി നിന്ന കോര്‍ട്ടോ ഡോര്‍ട്‌മുണ്ടിന്‍റെ ഗോള്‍ ശ്രമങ്ങള്‍ തട്ടിയകറ്റിക്കൊണ്ടിരുന്നു.
74-ാം മിനിറ്റിലാണ് മത്സരത്തില്‍ റയലിന്‍റെ ആദ്യ ഗോള്‍ പിറക്കുന്നത്. കോര്‍ണര്‍ കിക്കില്‍ നിന്നും ഹെഡറിലൂടെയായിരുന്നു കര്‍വാഹല്‍ ഡോര്‍ട്‌മുണ്ടിന്‍റെ വലകുലുക്കിയത്. തുടര്‍ന്നും റയല്‍ ആക്രമണങ്ങള്‍ കടുപ്പിച്ചു.
ലീഡ് നേടി പത്ത് മിനിറ്റ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് രണ്ടാം ഗോളും റയല്‍ നേടി. ഡോര്‍ട്‌മുണ്ട് പ്രതിരോധത്തിലെ പിഴവ് മുതലെടുത്തുകൊണ്ട് വിനീഷ്യസ് ജൂനിയര്‍ നടത്തിയ ശ്രമമാണ് ഗോളായി മാറിയത്. ഈ ഗോളോടെ തന്നെ റയല്‍ ജയം ഉറപ്പിച്ചിരുന്നു. അവസാന നിമിഷം ഡോര്‍ട്‌മുണ്ട് ഒരു ഗോള്‍ മടക്കിയെങ്കിലും ഓഫ്‌സൈഡ് ആയതിനാല്‍ ആ ഗോളും നിഷേധിക്കപ്പെട്ടു. ഇതിന് പിന്നാലെ വെംബ്ലിയില്‍ റഫറി അവസാന വിസില്‍ മുഴക്കിയതോടെ ഒരു സീസണിന്‍റെ ഇടവേളയ്‌ക്ക് ശേഷം റയല്‍ മാഡ്രിഡ് വീണ്ടും ചാമ്പ്യൻസ് ലീഗിലെ ചാമ്പ്യന്മാരായി.