ബെംഗളൂരു : ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ബാറ്റിങ്ങില്‍ താളം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഗ്ലെൻ മാക്‌സ്‌വെല്ലിന് പിന്തുണയുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ബാറ്റിങ് പരിശീലകൻ നീല്‍ മക്കെൻസി. മികച്ച രീതിയില്‍ തുടങ്ങാൻ ആയിട്ടില്ലെങ്കിലും ടൂര്‍ണമെന്‍റ് പുരോഗമിക്കുമ്പോള്‍ ആര്‍സിബിയ്‌ക്ക് ജയം നേടിക്കൊടുക്കാൻ മാക്‌സ്‌വെല്ലിന് സാധിക്കുമെന്ന് മക്കെൻസി അഭിപ്രായപ്പെട്ടു. സീസണിലെ മൂന്നാം മത്സരത്തില്‍ ബെംഗളൂരു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനൊരുങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
ഈ സീസണില്‍ ഇതുവരെ ആറ് പന്ത് മാത്രം നേരിട്ട ഗ്ലെൻ മാക്‌സ്‌വെല്ലിന് ആകെ മൂന്ന് റണ്‍സ് മാത്രമാണ് നേടാൻ സാധിച്ചത്. ആര്‍സിബി ബാറ്റിങ് തകര്‍ച്ച നേരിട്ട ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ആദ്യ മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ മാക്‌സ്‌വെല്‍ പുറത്തായി. പഞ്ചാബ് കിങ്‌സിനെതിരായ രണ്ടാമത്തെ കളിയില്‍ അഞ്ച് പന്ത് നേരിട്ടെങ്കിലും മൂന്ന് റണ്‍സ് മാത്രമായിരുന്നു താരത്തിന് നേടാൻ സാധിച്ചത്.
'ഇത് ക്രിക്കറ്റാണ്, ഇവിടെ ഉയര്‍ച്ചയും താഴ്‌ചയും പതിവാണ്. രണ്ടേ രണ്ട് കളികള്‍ മാത്രമാണ് ഇവിടെ കഴിഞ്ഞത്. മാക്‌സ്‌വെല്ലിനെ കുറിച്ച് നമുക്ക് കൃത്യമായി തന്നെ അറിയാം. ഉറപ്പായും ഞങ്ങളെ വിജയത്തിലേക്ക് എത്തിക്കാൻ അവന് സാധിക്കും.
പറയത്തക്ക മികച്ച തുടക്കമല്ല മാക്‌സിക്ക് ലഭിച്ചത്. പക്ഷെ പുരോഗമിക്കുന്തോറും അവൻ ഞങ്ങള്‍ക്കായി മത്സരങ്ങള്‍ സ്വന്തമാക്കുമെന്ന് ഉറപ്പാണ്. അത് എപ്പോള്‍ സംഭവിക്കുമെന്ന് മാത്രം അറിഞ്ഞാല്‍ മതി. ഐപിഎല്‍ പോലെ വലിയൊരു ടി20 ടൂര്‍ണമെന്‍റിന്‍റെ പ്രാരംഭ ഘട്ടത്തിലാണ് ഇപ്പോള്‍ നമ്മള്‍ ഉള്ളത്. ഇവിടെ കാര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറി മറിയാം - നീല്‍ മക്കെൻസി അഭിപ്രായപ്പെട്ടു.
അതേസമയം, സീസണിലെ മൂന്നാം മത്സരത്തില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനുള്ള ഒരുക്കത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം തുടങ്ങുന്നത്. മത്സരത്തില്‍ ഗ്ലെൻ മാക്‌സ്‌വെല്ലിന്‍റെ പ്രകടനം ആര്‍സിബിയ്‌ക്ക് ഏറെ നിര്‍ണായകമാണ്.
Also Read : വീണ്ടുമൊരു കോലി-ഗംഭീര്‍ പോരാട്ടം ; ചിന്നസ്വാമിയിലേക്ക് ഉറ്റുനോക്കി ആരാധകര്‍ - Virat Kohli Vs Gambhir Rivalry
ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റുകൊണ്ട് പരാജയപ്പെട്ട താരം കെകെആറിനെതിരെ ഫോം വീണ്ടെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കൂടാതെ, നൈറ്റ് റൈഡേഴ്‌സിന്‍റെ ഓസീസ് സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ മാക്‌സ്‌വെല്‍ എങ്ങനെ ബാറ്റ് വീശുമെന്നും കളിയാസ്വാദകര്‍ ഉറ്റുനോക്കുന്നു.