രാജ്‌കോട്ട് : ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ (India vs England 3rd Test) ഇന്ത്യയുടെ റെക്കോഡ് വിജയത്തില്‍ നിര്‍ണായകമായി മാറാന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്‌ക്ക് (Ravindra Jadeja) കഴിഞ്ഞിരുന്നു. സെഞ്ചുറിയും പിന്നീട് അഞ്ച് വിക്കറ്റ് പ്രകടനമുള്‍പ്പെടെ നടത്തിയാണ് രവീന്ദ്ര ജഡേജ ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. പ്രകടനത്തോടെ കളിയിലെ താരമാകാനും ലോക്കല്‍ ബോയ് ആയ 35-കാരന് കഴിഞ്ഞിരുന്നു.
തനിക്ക് ലഭിച്ച പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഭാര്യ റിബാവയ്‌ക്കാണ് (Rivaba Jadeja) താരം സമര്‍പ്പിച്ചിരിക്കുന്നത്. അവാര്‍ഡ് സ്വീകരിച്ചതിന് ശേഷം ഇതു സംബന്ധിച്ച ജഡേജയുടെ വാക്കുകള്‍ ഇങ്ങനെ.....
"ഒരു ടെസ്റ്റ് മത്സരത്തില്‍ തന്നെ സെഞ്ചുറിയും അഞ്ച് വിക്കറ്റും നേടാന്‍ കഴിഞ്ഞു എന്നത് സന്തോഷകരമായ കാര്യമാണ്. എന്‍റെ ഹോം ഗ്രൗണ്ടില്‍ ലഭിച്ച ഈ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് ഏറെ സ്പെഷ്യലാണ്. ഈ അവാര്‍ഡ് എന്‍റെ ഭാര്യയ്‌ക്ക് സമര്‍പ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എനിക്ക് വേണ്ടി അവള്‍ തിരശീലയ്‌ക്ക് പിന്നില്‍ മാനസികമായി ഏറെ കഠിനാധ്വാനം ചെയ്യുന്നുണ്ട്. എപ്പോഴും ആത്മവിശ്വാസം നല്‍കുന്നതും അവളാണ്"- രവീന്ദ്ര ജഡേജ പറഞ്ഞു.
ജഡേജയുടെ ഭാര്യയും ബിജെപി എംഎല്‍എയുമായ റിവാബയ്‌ക്ക് എതിരെ താരത്തിന്‍റെ പിതാവ് അനിരുദ്ധ്‌സിൻഹ ജഡേജ (Anirudhsinh Jadeja) അടുത്തിടെ രംഗത്ത് എത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. റിവാബയുമായുള്ള ജഡേജയുടെ വിവാഹത്തിന് ശേഷം തങ്ങളുടെ കുടുംബം ശിഥിലമായി എന്നായിരുന്നു ഒരു അഭിമുഖത്തില്‍ അനിരുദ്ധ്‌സിൻഹ ജഡേജ പറഞ്ഞത്. തനിക്കിപ്പോള്‍ രവീന്ദ്ര ജഡേജയും ഭാര്യ റിവാബയുമായി യാതൊരു ബന്ധവുമില്ല.
ഇരുവരും തമ്മിലുള്ള വിവാഹത്തിന് കഴിഞ്ഞ് രണ്ടോ -മൂന്നോ മാസങ്ങൾക്കുള്ളിലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഒരേ നഗരത്തില്‍ താമസിച്ചിട്ടും തന്‍റെ മകനെയോ പേരക്കുട്ടിയേയോ കാണാന്‍ തനിക്ക് കഴിയാറില്ല. അവനെ മയക്കാന്‍ എന്ത് തന്ത്രമാണ് അവള്‍ പ്രയോഗിച്ചതെന്ന് തനിക്ക് അറിയില്ല. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരി റിവാബയാണ്.
ഇരുവരും തമ്മിലുള്ള വിവാഹം നടക്കാതിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിക്കുന്നു. റിവാബയ്‌ക്ക് കുടുംബത്തിലെ എല്ലാവരോടും വെറുപ്പാണ്. ജഡേജയുടെ അമ്മായിയമ്മയാണ് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് എന്നായിരുന്നു അനിരുദ്ധ്‌സിൻഹ ആരോപിച്ചിരുന്നത്. ഇതിന് മറുപടിയുമായി കടുത്ത ഭാഷയില്‍ തന്നെ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ജഡേജ രംഗത്ത് എത്തുകയും ചെയ്‌തിരുന്നു.
പ്രസ്‌തുത അഭിമുഖം അസംബന്ധമാണ്. അതില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും അസത്യവും അർഥശൂന്യവുമാണ്. ഏകപക്ഷീയമായുള്ള അഭിമുഖത്തിലുള്ള എല്ലാ കാര്യങ്ങളും താന്‍ നിഷേധിക്കുന്നു. തന്‍റെ ഭാര്യയുടെ പ്രതിച്ഛായ തകർക്കുന്നതിനായുള്ള ഇത്തരം ശ്രമങ്ങൾ അപലപനീയവും നീചവുമാണെന്നായിരുന്നു താരം തുറന്നടിച്ചത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് റിവാബ ക്ഷുഭിതയായതും വാര്‍ത്തയായിരുന്നു.
ALSO READ: 'ആ രണ്ടര മിനിറ്റ്, ജീവിതം അവസാനിച്ചെന്ന് തോന്നിയ നിമിഷം' : വെളിപ്പെടുത്തലുമായി ടോം ലോക്കിയര്‍