മുംബൈ : ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ ചരിത്രം തന്നെ മാറ്റിയെഴുതിയ നായകനാണ് വിരാട് കോലി (Virat Kohli). ടെസ്റ്റില്‍ ലോകത്തെ മറ്റേതൊരു ടീമും ഭയപ്പെടുന്ന സംഘമായി കോലിക്ക് കീഴിലാണ് ഇന്ത്യ വളര്‍ന്നത്. ഇപ്പോഴിതാ എംഎസ് ധോണിയിൽ (MS Dhoni) നിന്ന് വിരാട് കോലിയിലേക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റൻസി മാറ്റത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അന്നത്തെ പരിശീലകന്‍ രവി ശാസ്‌ത്രി (Ravi Shastri).
കോലിയുടെ നേതൃശേഷി താൻ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. ധോണി നായകസ്ഥാനം ഒഴിഞ്ഞാൽ ഇന്ത്യയെ നയിക്കാൻ ഏറ്റവും അനുയോജ്യൻ കോലിയാണെന്ന് താന്‍ ഉറച്ചുവിശ്വസിച്ചിരുന്നെന്നും രവി ശാസ്‌ത്രി വെളിപ്പെടുത്തി. "വ്യക്തിഗതമായി മിടുക്കുള്ള ഒരുപാട് താരങ്ങള്‍ ഇന്ത്യയ്‌ക്കുണ്ടായിരുന്നു. എന്നാല്‍ എനിക്ക് വേണ്ടിയിരുന്നത് ടീമിന്‍റെ മൊത്തത്തിലുള്ള മികവായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിനെ പരമപ്രധാനമാക്കാനും അതില്‍ വിജയിക്കാനും ഞാൻ ആഗ്രഹിച്ചു. കൂടാതെ വിരാട് കോലിയിൽ മിനുക്കപ്പെടാത്ത ഒരു വജ്രം ഞാന്‍ കണ്ടെത്തി. എംഎസ് ധോണി എന്‍റെ ക്യാപ്റ്റനായിരിക്കുമ്പോള്‍, എന്‍റെ കണ്ണ് മുഴുവനും കോലിയിലായിരുന്നു. സമയം എടുക്കുമെങ്കിലും എല്ലാം നിരീക്ഷിക്കാനും ക്യാപ്റ്റന്‍സിക്കായി തയ്യാറാവാനും നേരത്തെ തന്നെ ഞാന്‍ അവനോട് പറയുകയും ചെയ്‌തിരുന്നു"- ഒരു സംഭാഷണത്തിനിടെ രവി ശാസ്‌ത്രി പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ സമീപനം തന്നെ മാറ്റിയത് വിരാട് കോലിയാണെന്ന് പറഞ്ഞ ശാസ്‌ത്രി, ക്രിക്കറ്റിന്‍റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റിലുള്ള കോലിയുടെ സമർപ്പണത്തെ അകമഴിഞ്ഞ് അഭിനന്ദിക്കുകയും ചെയ്‌തു. 2014-ല്‍ ധോണിയില്‍ നിന്നും ചുമതല ഏറ്റെടുത്ത വിരാട് കോലിക്ക് കീഴില്‍ 68 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിച്ചിട്ടുള്ളത്.
ഇതില്‍ 40 എണ്ണത്തിലും വിജയം നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. 11 മത്സരങ്ങള്‍ സമനിലയിലായപ്പോള്‍ 17 ടെസ്റ്റുകളില്‍ മാത്രമായിരുന്നു ടീം തോല്‍വി വഴങ്ങിയത്. ഇതോടെ ഇന്ത്യയുടെ ഏറ്റവും വിജയകരമായ ടെസ്റ്റ് ക്യാപ്റ്റനായി.
വിരാട് കോലിയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ തങ്ങളുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയിച്ചത്. 2018/19 സീസണിലായിരുന്നു ഇന്ത്യ ഓസ്‌ട്രേലിയയില്‍ ചരിത്രം തീര്‍ത്തത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ പ്രഥമ പതിപ്പില്‍ ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാനും കോലിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ടെസ്റ്റ് ടീമിന്‍റെ നായക സ്ഥാനത്ത് നിന്നുമുള്ള കോലിയുടെ പടിയിറക്കം ഏറെ വിവാദങ്ങളുയര്‍ത്തി.
2021/22 സീസണിൽ ദക്ഷിണാഫ്രിക്കയിൽ ഇന്ത്യയുടെ 2-1 പരമ്പര തോൽവിക്ക് പിന്നാലെയാണ് താരം ടെസ്റ്റ് ടീമിന്‍റെയും ചുമതല ഒഴിയുന്നത്. 2021-ലെ ടി20 ലോകകപ്പിന് പിന്നാലെ ഫോര്‍മാറ്റില്‍ ടീമിന്‍റെ നായക സ്ഥാനം ഒഴിഞ്ഞ കോലിയെ ഏകദിന ടീം നായക സ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരം ടെസ്റ്റ് ടീം നായക സ്ഥാനം രാജിവയ്‌ക്കുന്നത്.
അതേസമയം 2014 -ൽ ഡയറക്‌ടറായാണ് രവി ശാസ്‌ത്രി ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നത്. 2017 -ൽ ഹെഡ് കോച്ചായി അദ്ദേഹം പിന്നീട് 2021-ലെ ടി20 ലോകകപ്പിന് ശേഷമാണ് സ്ഥാനം ഒഴിയുന്നത്.