വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിലും പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ യുവതാരം ശുഭ്‌മാന്‍ ഗില്ലിന് മുന്നറിയിപ്പുമായി മുന്‍ പരിശീലകനും കമന്‍റേറ്റേറുമായ രവി ശാസ്ത്രി (Ravi Shastri Warns Shubman Gill). കിട്ടുന്ന അവസരങ്ങളില്‍ യുവതാരങ്ങള്‍ ടീമിനായി മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കണമെന്നും ആഭ്യന്തര ക്രിക്കറ്റില്‍ ചേതേശ്വര്‍ പുജാര (Cheteshwar Pujara) ഉള്‍പ്പടെയുള്ള താരങ്ങള്‍ തകര്‍പ്പന്‍ ഫോമിലുള്ള കാര്യം മറക്കരുതെന്നും രവി ശാസ്‌ത്രി പറഞ്ഞു. ഇന്നലെ വിശഖാപട്ടണത്ത് ആരംഭിച്ച ഇന്ത്യ ഇംഗ്ലണ്ട് ടെസ്‌റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ ഗില്‍ 34 റണ്‍സ് നേടി പുറത്തായതിന് പിന്നാലെയാണ് ശാസ്‌ത്രിയുടെ പ്രതികരണം.
യുവനിരയാണ് ഇപ്പോള്‍ ഇന്ത്യയുടേത്. ലഭിക്കുന്ന അവസരങ്ങള്‍ കൃത്യമായി തന്നെ പ്രയോജനപ്പെടുത്താന്‍ അവര്‍ക്കാകണം. ചേതേശ്വര്‍ പുജാര കാത്തുനില്‍ക്കുന്ന കാര്യം ആരും മറക്കരുത്. രഞ്ജി മികച്ച ഫോമില്‍ കളിക്കുന്ന പുജാര സെലക്‌ടര്‍മാരുടെ റാഡറില്‍ നിന്നും ഇതുവരെയും പുറത്തായിട്ടില്ല'- ശാസ്‌ത്രി പറഞ്ഞു.
ഇന്നലെ വിശാഖപട്ടണം ടെസ്‌റ്റില്‍ മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ ശുഭ്‌മാന്‍ ഗില്‍ 46 പന്ത് നേരിട്ടായിരുന്നു 34 റണ്‍സ് നേടി പുറത്തായത് (Shubman Gill Score in India vs England 2nd Test). ടെസ്‌റ്റ് ക്രിക്കറ്റില്‍ സമീപകാലത്തായി മോശം ഫോമിലാണ് 24കാരനായ താരമുള്ളത്. അവസാനം കളിച്ച 11 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്നും ഒരു അര്‍ധ സെഞ്ച്വറി പോലും നേടാന്‍ ഗില്ലിന് സാധിച്ചിട്ടില്ല.
ഇത്രയും മത്സരങ്ങളില്‍ നിന്ന് 18.81 ശരാശരിയില്‍ 207 റണ്‍സ് മാത്രമാണ് താരത്തിന്‍റെ ബാറ്റില്‍ നിന്നും പിറന്നത്. നിലവില്‍, ടെസ്‌റ്റില്‍ ഇന്ത്യയുടെ മൂന്നാം നമ്പര്‍ ബാറ്ററാണ് ഗില്‍. വെറ്ററന്‍ താരം ചേതേശ്വര്‍ പുജാര ടെസ്‌റ്റ് ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെയായിരുന്നു ഗില്‍ ഈ ബാറ്റിങ് പൊസിഷനിലേക്ക് എത്തിയത്.
എന്നാല്‍, ടെസ്‌റ്റ് ടീമില്‍ മൂന്നാം നമ്പറില്‍ പ്രതീക്ഷിച്ച മികവിലേക്ക് ഗില്ലിന് ഉയരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ 36കാരനായ പുജാരയ്‌ക്ക് വീണ്ടും ഇന്ത്യന്‍ ടീമിലേക്കുള്ള സാധ്യതകളാണ് തുറന്നിരിക്കുന്നത്. കഴിഞ്ഞ ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായ പുജാര നിലവില്‍ രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ ഫോമിലാണ്. ഈ സീസണിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഇതുവരെ സൗരാഷ്‌ട്രയ്‌ക്കായി 444 റണ്‍സാണ് താരം അടിച്ചെടുത്തിട്ടുള്ളത്.
Also Read : രോഹിത് അന്നേ പറഞ്ഞു, യശസ്വി അടുത്ത സൂപ്പര്‍ സ്റ്റാറെന്ന്; പഴയ പ്രവചനം വൈറല്‍