മുംബൈ: രഞ്ജി ട്രോഫി (Ranji Trophy) ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരെ മുംബൈ പിടിമുറുക്കുന്നു (Mumbai vs Vidarbha). ആദ്യ ഇന്നിങ്‌സില്‍ 119 റണ്‍സിന്‍റെ ലീഡുമായി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ മുംബൈ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റിന് 141 റണ്‍സ് എന്ന നിലയിലാണ്. നിലവില്‍ 260 റണ്‍സിന്‍റെ ലീഡാണ് മുംബൈക്കുള്ളത്. ക്യാപ്‌റ്റന്‍ അജിങ്ക്യ രഹാനെ ( Ajinkya Rahane- 58*), യുവതാരം മുഷീര്‍ ഖാന്‍ (Musheer Khan- 51*) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്.
രണ്ടാം ഇന്നിങ്‌സില്‍ മോശം തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. ടീം ടോട്ടലില്‍ 34 റണ്‍സ് മാത്രമുള്ളപ്പോഴേക്കും ഓപ്പണ്‍മാരായ പൃഥ്വി ഷാ (11), ഭുപന്‍ ലാല്‍വാനി (18) എന്നിവരെ ടീമിന് നഷ്‌ടമായിരുന്നു. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച രഹാനെയും മുഷീര്‍ ഖാനും നങ്കൂരമിട്ടു. പിരിയാത്ത മൂന്നാം വിക്കറ്റില്‍ ഇതേവരെ 107 റണ്‍സാണ് ചേര്‍ത്തിട്ടുള്ളത്. 109 പന്തുകള്‍ നേരിട്ട രഹാനെ നാല് ഫോറുകളും ഒരു സിക്‌സുമാണ് നിലവില്‍ നേടിയിട്ടുള്ളത്. 135 പന്തുകളില്‍ കളിച്ച മുഷീറിന്‍റെ അക്കൗണ്ടില്‍ മൂന്ന് ബൗണ്ടറികളാണുള്ളത്.
നേരത്തെ, മൂന്നിന് 31റണ്‍സ് എന്ന നിലയില്‍ ആദ്യ ഇന്നിങ്‌സിന് ഇറങ്ങിയ വിദര്‍ഭയ്‌ക്ക് ഇന്ന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ആകെ 105 റണ്‍സിന് ടീം കൂടാരം കയറി. ആദ്യ ദിനത്തില്‍ പുറത്താവാതെ നിന്നിരുന്ന അഥര്‍വ ടൈഡെ (60 പന്തില്‍ 23), ആദിത്യ തക്കറെ (69 പന്തില്‍ 19) എന്നിവരെ തുടക്കം തന്നെ മുംബൈ ബോളര്‍മാര്‍ പിടിച്ചുകെട്ടി. പിന്നീട് പവലിയനിലേക്ക് വിദര്‍ഭ ബാറ്റര്‍മാരുടെ ഘോഷയാത്രയാണ് കാണാന്‍ കഴിഞ്ഞത്.
യാഷ് റാത്തോഡ് (67 പന്തില്‍ 27), യാഷ് താക്കൂര്‍ (29 പന്തില്‍ 16) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം തൊടാന്‍ കഴിഞ്ഞത്. ധ്രുവ് ഷൊറേ (3 പന്തില്‍ 0), അമന്‍ മൊഖാദെ (15 പന്തില്‍ 8), കരുണ്‍ നായര്‍ (12 പന്തില്‍ 0) എന്നിവരുടെ വിക്കറ്റുകള്‍ ആദ്യ ദിനം തന്നെ ടീമിന് നഷ്‌ടമായിരുന്നു. മുംബൈക്കായി ഷംസ് മുലാനി, ധവാല്‍ കുല്‍ക്കര്‍ണി, തനുഷ് കൊടിയന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.
അതേസമയം വാലറ്റക്കാരെ കൂട്ടുപിടിച്ച് ശാര്‍ദുല്‍ താക്കൂര്‍ (Shardul Thakur) നടത്തിയ പോരാട്ടത്തിന്‍റെ മികവില്‍ ആദ്യ ഇന്നിങ്‌സില്‍ 224 റണ്‍സായിരുന്നു മുംബൈ കണ്ടെത്തിയത്. 69 പന്തില്‍ 75 റണ്‍സായിരുന്നു ശാര്‍ദുല്‍ നേടിയത്. പൃഥ്വി ഷാ (46), ഭുപന്‍ ലാല്‍വാനി (37) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. സീനിയര്‍ താരങ്ങളായ അജിങ്ക്യ രഹാനെ (35 പന്തില്‍ 7), ശ്രേയസ് അയ്യര്‍ ( 1 പന്തില്‍ 7) എന്നിവര്‍ നിരാശപ്പെടുത്തി.