മൊഹാലി: ഐപിഎല്‍ പതിനേഴാം പതിപ്പില്‍ വിജയവഴിയില്‍ തിരിച്ചെത്താൻ രാജസ്ഥാൻ റോയല്‍സും പഞ്ചാബ് കിങ്‌സും ഇന്നിറങ്ങും. പഞ്ചാബ് കിങ്‌സിന്‍റെ ഹോം ഗ്രൗണ്ടായ മൊഹാലിയില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം തുടങ്ങുന്നത്. സീസണിലെ ആറാം മത്സരത്തില്‍ അഞ്ചാം ജയം തേടി രാജസ്ഥാൻ റോയല്‍സ് ഇറങ്ങുമ്പോള്‍ മൂന്നാം ജയമാണ് പഞ്ചാബ് കിങ്‌സിന്‍റെ ലക്ഷ്യം.
പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് രാജസ്ഥാൻ റോയല്‍സ്. കഴിഞ്ഞ കളിയില്‍ ഗുജറാത്ത് ടൈറ്റൻസിനോട് അവസാന ഓവര്‍ വരെ പൊരുതിയാണ് സഞ്ജുവിനും സംഘത്തിനും തോല്‍വി വഴങ്ങേണ്ടി വന്നത്. ഈ മത്സരത്തിന് പിന്നാലെ കേട്ട പഴികള്‍ക്ക് സഞ്ജുവിന് മറുപടി നല്‍കാൻ കൂടിയുള്ള അവസരമാണ് ഇന്നത്തെ മത്സരം.
ബാറ്റിങ് നിരയില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് രാജസ്ഥാൻ റോയല്‍സ് ഇന്നും തയ്യാറായേക്കില്ല. താളം കണ്ടെത്താൻ വിഷമിക്കുന്ന യശസ്വി ജയ്‌സ്വാളിന് കൂടുതല്‍ അവസരം നല്‍കാനായിരിക്കും ടീമിന്‍റെ ശ്രമം. റിയാൻ പരാഗിന്‍റെ ഫോം ആണ് ടീമിന്‍റെ കരുത്ത്. നായകനൊപ്പം ഷിംറോണ്‍ ഹെറ്റ്‌മെയറും ധ്രുവ് ജുറെലും കൂടി കത്തിക്കയറിയാല്‍ ബാറ്റിങ്ങിന്‍റെ കാര്യത്തില്‍ റോയല്‍സിന് ആശങ്കപ്പെടേണ്ടി വരില്ല.
ട്രെന്‍റ് ബോള്‍ട്ട് നേതൃത്വം നല്‍കുന്ന പേസ് നിരയില്‍ ആവേശ് ഖാൻ, കുല്‍ദീപ് സെൻ എന്നിവരും അണിനിരക്കും. ഇംപാക്‌ട് പ്ലെയറായി നാന്ദ്രെ ബര്‍ഗറിനാണോ കേശവ് മഹാരാജിനാണോ അവസരം ലഭിക്കുക എന്ന് കണ്ടറിയണം. കഴിഞ്ഞ മത്സരത്തില്‍ നിറം മങ്ങിയെങ്കിലും യുസ്‌വേന്ദ്ര ചഹാലിനെ പ്ലേയിങ് ഇലവനില്‍ രാജസ്ഥാൻ നിലനിര്‍ത്തിയേക്കും.
മറുവശത്ത്, നായകൻ ശിഖര്‍ ധാവൻ ഉള്‍പ്പടെയുള്ള പ്രധാന താരങ്ങളുടെ മോശം ഫോമാണ് പഞ്ചാബ് കിങ്‌സിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. മധ്യനിരയില്‍ ശശാങ്ക് സിങും, അഷുതോഷ് ശര്‍മയും റണ്‍സ് കണ്ടെത്തുന്നുണ്ടെങ്കിലും ടോപ് ഓര്‍ഡര്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് അവര്‍ക്ക് തിരിച്ചടിയാകുകയാണ്. അതോടൊപ്പമാണ് ലിയാം ലിവിങ്‌സ്റ്റണിന്‍റെ പരിക്കും.
ഏറെ പ്രതീക്ഷയോടെ ടീമില്‍ എത്തിച്ച ഹര്‍ഷല്‍ പട്ടേലിന്‍റെ പ്രകടനങ്ങളും പഞ്ചാബിന് ഇതുവരെ നിരാശ മാത്രമാണ് സമ്മാനിച്ചിട്ടുള്ളത്. ഹര്‍പ്രീത് ബ്രാറിലാണ് പഞ്ചാബിന്‍റെ ബൗളിങ് പ്രതീക്ഷ.
പഞ്ചാബ് കിങ്‌സ് സാധ്യത ടീം: ശിഖര്‍ ധവാൻ (ക്യാപ്‌റ്റൻ), ജോണി ബെയര്‍സ്റ്റോ, പ്രഭ്‌സിമ്രാൻ സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശശാങ്ക് സിങ്, സിക്കന്ദര്‍ റാസ, അഷുതോഷ് ശര്‍മ, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗിസോ റബാഡ, അര്‍ഷ്‌ദീപ് സിങ്.
രാജസ്ഥാൻ റോയല്‍സ് സാധ്യത ടീം: യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്‌റ്റൻ/വിക്കറ്റ് കീപ്പര്‍), റിയാൻ പരാഗ്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, രവിചന്ദ്രൻ അശ്വിൻ, ട്രെന്‍റ് ബോള്‍ട്ട്, ആവേശ് ഖാൻ, നാന്ദ്രെ ബര്‍ഗര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് സെൻ.