ജയ്‌പൂര്‍ : ഐപിഎല്ലില്‍ ഒന്നാം സ്ഥാനത്ത് ലീഡ് ഉയര്‍ത്താൻ രാജസ്ഥാൻ റോയല്‍സ് ഇന്ന് ഇറങ്ങും. ജയം തുടരാനിറങ്ങുന്ന മുംബൈ ഇന്ത്യൻസാണ് സഞ്ജു സാംസണിന്‍റെയും കൂട്ടരുടെയും എതിരാളി. രാജസ്ഥാൻ റോയല്‍സിന്‍റെ തട്ടകമായ ജയ്‌പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം.
ഇരു ടീമുകളും സീസണില്‍ നേര്‍ക്കുനേര്‍ പോരിനിറങ്ങുന്ന രണ്ടാമത്തെ മത്സരമാണിത്. മുംബൈ ഇന്ത്യൻസിന്‍റെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തില്‍ ആതിഥേയരെ പരാജയപ്പെടുത്താൻ രാജസ്ഥാന് സാധിച്ചു. ഈ ജയം ആവര്‍ത്തിക്കാൻ റോയല്‍സും ആ തോല്‍വിയ്‌ക്ക് കണക്കുതീര്‍ക്കാൻ മുംബൈയും ഇറങ്ങുമ്പോള്‍ ഒരു തീപാറും പോരാട്ടം തന്നെ പ്രതീക്ഷിക്കാം.
ബാറ്റിങ്ങിലും ബൗളിങ്ങിലും തകര്‍പ്പൻ ഫോമിലാണ് രാജസ്ഥാൻ റോയല്‍സ്. റിയാൻ പരാഗ്, സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍ എന്നിവര്‍ ബാറ്റുകൊണ്ട് മികച്ച പ്രകടനം തന്നെ റോയല്‍സിനായി കാഴ്‌ചവയ്‌ക്കുന്നു. അവശ്യഘട്ടങ്ങളില്‍ ബാറ്റുകൊണ്ട് തിളങ്ങാൻ ഷിംറോണ്‍ ഹെറ്റ്‌മെയറിനും സാധിക്കുന്നുവെന്നത് അവര്‍ക്ക് ആശ്വാസമാണ്.
രാജസ്ഥാൻ റോയല്‍സിന്‍റെ ഈ ഇൻഫോം ബാറ്റിങ് യൂണിറ്റിനെ തളയ്‌ക്കാൻ ജസ്‌പ്രീത് ബുംറയുടെ പ്രകടനങ്ങള്‍ മാത്രം മതിയാകില്ല മുംബൈ ഇന്ത്യൻസിന്. മറ്റ് ബൗളര്‍മാരും മികവിലേക്ക് വന്നില്ലെങ്കില്‍ അവര്‍ക്ക് ജയ്‌പൂരിലും തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്. ബുംറയ്‌ക്കൊപ്പം പേസര്‍ ജെറാള്‍ഡ് കോട്‌സിയുടെ പ്രകടനവും മുംബൈ ഇന്ത്യൻസിന് ഇന്ന് ഏറെ നിര്‍ണായകമായേക്കും.
രോഹിത് ശര്‍മ - ഇഷാൻ കിഷൻ സഖ്യം ചേര്‍ന്ന് നല്‍കുന്ന തുടക്കമാണ് മുംബൈ ഇന്ത്യൻസിന്‍റെ കരുത്ത്. ഇവര്‍ക്കൊപ്പം സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവും റണ്‍സ് കണ്ടെത്തി തുടങ്ങിയെന്നത് മുംബൈയ്‌ക്ക് ആശ്വാസം. അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്താൻ കെല്‍പ്പുള്ള ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരുടെ പ്രകടനങ്ങളും ഇന്നത്തെ ദിവസം മുംബൈ ഇന്ത്യൻസിന് നിര്‍ണായകമായേക്കും.
ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയ സീസണിലെ ആദ്യ മത്സരത്തില്‍ പേസര്‍ ട്രെന്‍റ് ബോള്‍ട്ടിന്‍റെ പന്തുകള്‍ക്ക് മുംബൈ ബാറ്റര്‍മാര്‍ക്ക് മറുപടി നല്‍കാനായിരുന്നില്ല. ഇന്ന് വീണ്ടും മുംബൈയെ നേരിടാനൊരുങ്ങുമ്പോള്‍ ബോള്‍ട്ടിന്‍റെ സ്പെല്ലുകളെയാണ് രാജസ്ഥാൻ ആരാധകരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. കൂടാതെ, സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന്‍റെ ഫോമും ആതിഥേയര്‍ക്ക് പ്രതീക്ഷ സമ്മാനിക്കുന്നതാണ്.
Also Read: 'അങ്ങനെയെങ്കില്‍ ഹാര്‍ദിക് തെറിക്കും; രോഹിത് വീണ്ടും ക്യാപ്റ്റനാവും' - Suresh Raina On Rohit Sharma
രാജസ്ഥാൻ റോയല്‍സ് സാധ്യത ടീം : യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്‌റ്റൻ/വിക്കറ്റ് കീപ്പര്‍), റിയാൻ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറെല്‍, റോവ്‌മാൻ പവല്‍, രവിചന്ദ്രൻ അശ്വിൻ, കുല്‍ദീപ് സെൻ, ആവേശ് ഖാൻ, ട്രെന്‍റ് ബോള്‍ട്ട്, യുസ്‌വേന്ദ്ര ചാഹല്‍.
മുംബൈ ഇന്ത്യൻസ് സാധ്യത ടീം : രോഹിത് ശര്‍മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്‌റ്റൻ), ടിം ഡേവിഡ്, മുഹമ്മദ് നബി, റൊമാരിയോ ഷെപ്പേര്‍ഡ്, ശ്രേയസ് ഗോപാല്‍, ജസ്‌പ്രീത് ബുംറ, ജെറാള്‍ഡ് കോട്‌സി, ആകാശ് മധ്‌വാള്‍.