ജയ്‌പൂര്‍ : ഐപിഎല്‍ പതിനേഴാം പതിപ്പില്‍ (IPL 2024) തുടര്‍ച്ചയായ രണ്ടാം ജയം തേടി സഞ്ജു സാംസണും (Sanju Samson) സംഘവും ഇന്ന് ഇറങ്ങും. റിഷഭ് പന്തിന്‍റെ (Rishabh Pant) നേതൃത്വത്തില്‍ ഇറങ്ങുന്ന ഡല്‍ഹി കാപിറ്റല്‍സാണ് (Delhi Capitals) രണ്ടാം മത്സരത്തില്‍ രാജസ്ഥാൻ റോയല്‍സിന്‍റെ (Rajasthan Royals) എതിരാളി. രാജസ്ഥാന്‍റെ ഹോം ഗ്രൗണ്ടായ സവായ് മാൻസിങ് സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് കളി തുടങ്ങുക (RR vs DC Match Result).
പതിവ് പോലെ ജയത്തോടെ തന്നെ പുതിയ ഐപിഎല്‍ സീസണും തുടങ്ങാൻ രാജസ്ഥാൻ റോയല്‍സിന് സാധിച്ചിരുന്നു. ആദ്യ കളിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ 20 റണ്‍സിനായിരുന്നു റോയല്‍സിന്‍റെ ജയം. ലഖ്‌നൗവിനെതിരെ സഞ്ജു സാംസണ്‍ തകര്‍പ്പൻ ബാറ്റിങ് പ്രകടനമായിരുന്നു കാഴ്‌ചവച്ചത്.
മത്സരത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു 52 പന്തില്‍ പുറത്താകാതെ 82 റണ്‍സാണ് നേടിയത്. ഇന്ന് രണ്ടാം മത്സരത്തില്‍ ഡല്‍ഹിയെ നേരിടാൻ ഇറങ്ങുമ്പോഴും സഞ്ജു ഇതേ തരത്തിലൊരു പ്രകടനം ആവര്‍ത്തിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. റിയൻ പരാഗിന്‍റെ ഫോം രാജസ്ഥാൻ മധ്യനിരയ്‌ക്ക് കരുത്ത് പകരുന്നു.
ലഖ്‌നൗവിനെതിരെ 43 റണ്‍സായിരുന്നു പരാഗ് അടിച്ചെടുത്തത്. ജോസ് ബട്‌ലറും, ഷിംറോണ്‍ ഹെറ്റ്‌മെയറും താളം കണ്ടെത്തേണ്ടതുണ്ട്. യുവതാരങ്ങളായ യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറെല്‍ എന്നിവരാണ് ടീമിന്‍റെ മറ്റ് പ്രധാന റണ്‍സ് പ്രതീക്ഷകള്‍.
ബൗളര്‍മാരും കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനമാണ് റോയല്‍സിനായി കാഴ്‌ചവച്ചത്. പവര്‍പ്ലേയില്‍ ട്രെന്‍റ് ബോള്‍ട്ടിന്‍റെയും ഡെത്ത് ഓവറുകളില്‍ സന്ദീപ് ശര്‍മയുടെയും പ്രകടനം രാജസ്ഥാൻ റോയല്‍സിന് നിര്‍ണായകമാണ്. മധ്യ ഓവറുകളില്‍ യുസ്‌വേന്ദ്ര ചാഹല്‍, രവിചന്ദ്രൻ അശ്വിൻ എന്നിവരും പിടിമുറുക്കിയാല്‍ ഡല്‍ഹിയെ അനായാസം തന്നെ പൂട്ടാൻ റോയല്‍സിന് സാധിക്കും.
മറുവശത്ത് സീസണിലെ ആദ്യ ജയം തേടിയാണ് ഡല്‍ഹി കാപിറ്റല്‍സിന്‍റെ വരവ്. ആദ്യത്തെ കളിയില്‍ പഞ്ചാബ് കിങ്‌സിനോടായിരുന്നു ഡല്‍ഹി പരാജയപ്പെട്ടത്. ബാറ്റര്‍മാരുടെയും ബൗളര്‍മാരുടെയും നിറം മങ്ങിയ പ്രകടനങ്ങള്‍ ആയിരുന്നു ആദ്യ കളിയില്‍ ഡല്‍ഹിയ്‌ക്ക് തിരിച്ചടിയായത്.
ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ് സഖ്യം വെടിക്കെട്ട് തുടക്കം നല്‍കിയില്ലെങ്കില്‍ അത് ഇന്നും ഡല്‍ഹിയുടെ ബാറ്റിങ്ങിനെ കാര്യമായി തന്നെ ബാധിച്ചേക്കാം. റിഷഭ് പന്ത് റണ്‍സ് കണ്ടെത്തി തുടങ്ങിയത് ആശ്വാസമാണ്. പഞ്ചാബിനെതിരെ ഇംപാക്‌ട് പ്ലെയറായെത്തി 10 പന്തില്‍ 32 റണ്‍സ് അടിച്ച അഭിഷേക് പോറലിന് ഇന്ന് ഒരുപക്ഷേ ആദ്യ ഇലവനില്‍ തന്നെ സ്ഥാനം ലഭിക്കാം.
ബൗളര്‍മാരില്‍ ഇഷാന്ത് ശര്‍മയുടെ പരിക്കാണ് ഡല്‍ഹിക്ക് തലവേദന. ഖലീല്‍ അഹമ്മദ് റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിച്ചില്ലെങ്കില്‍ വീണ്ടും ടീമിന് നിരാശപ്പെടേണ്ടി വരും. സ്‌പിന്നര്‍മാരായ കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍ എന്നിവരുടെ പ്രകടനങ്ങളും ടീമിന് ഇന്ന് നിര്‍ണായകമാകും.
രാജസ്ഥാൻ റോയല്‍സ് സാധ്യത ടീം : ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്‌റ്റൻ/വിക്കറ്റ് കീപ്പര്‍), റിയൻ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറെല്‍, രവിചന്ദ്രൻ അശ്വിൻ, സന്ദീപ് ശര്‍മ, യുസ്‌വേന്ദ്ര ചാഹല്‍, ട്രെന്‍റ് ബോള്‍ട്ട്, ആവേശ് ഖാൻ, നാന്ദ്രെ ബര്‍ഗര്‍.
ഡല്‍ഹി കാപിറ്റല്‍സ് സാധ്യത ടീം : ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഷായ് ഹോപ്പ്, റിഷഭ് പന്ത് (ക്യാപ്‌റ്റൻ/വിക്കറ്റ് കീപ്പര്‍), റിക്കി ഭുയി, അഭിഷേക് പോറല്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, സുമിത് കുമാര്‍, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്, ആൻറിച്ച് നോര്‍ക്യ.