ചെന്നൈ: രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോല്‍വി വഴങ്ങിയതോടെ ഐപിഎല്ലിന്‍റെ 17-ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ കിരീട മോഹങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 36 റണ്‍സിനായിരുന്നു സഞ്‌ജു സാംസണിന്‍റെ ടീം തോല്‍വി വഴങ്ങിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 175 റണ്‍സായിരുന്നു നേടിയത്.
ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 139 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതിന് പിന്നാലെ ടീമിന്‍റെ തോല്‍വിയുടെ കാരണം വിശദീകരിച്ചിരിക്കുകയാണ് സഞ്‌ജു. ഹൈദരാബാദ് സ്‌പിന്നര്‍മാര്‍ക്കെതിരെ മികച്ച രീതിയില്‍ കളിക്കാന്‍ കഴിയാതിരുന്നതാണ് തിരിച്ചടിയായതെന്നാണ് രാജസ്ഥാന്‍ നായകന്‍ പറയുന്നത്.
"തീര്‍ച്ചയായും ഇതൊരു വലിയ മത്സരമായിരുന്നു. ആദ്യ ഇന്നിങ്സില്‍ ഞങ്ങള്‍ക്ക് നന്നായി പന്തെറിയാന്‍ സാധിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്. എന്നാല്‍ മധ്യ ഓവറുകളില്‍ അവരുടെ സ്പിന്നര്‍മാര്‍ക്കെതിരെ ഞങ്ങള്‍ക്ക് ഓപ്‌ഷനുകള്‍ കുറവായിരുന്നു. അവിടെയാണ് ഞങ്ങള്‍ക്ക് മത്സരം നഷ്‌ടമായത്.
മഞ്ഞ് വീഴ്‌ച്ച സംബന്ധിച്ച കാര്യങ്ങള്‍ ഊഹിക്കാൻ പ്രയാസമാണ്. രണ്ടാം ഇന്നിംഗ്‌സിൽ വിക്കറ്റ് വ്യത്യസ്‌തമായാണ് പെരുമാറിയത്. പന്തിന് ടേണ്‍ ലഭിച്ചു. അവരത് മികച്ച രീതിയില്‍ ഉപയോഗിക്കുകയും ചെയ്‌തു.
മധ്യ ഓവറുകളില്‍ ഞങ്ങളുടെ വലങ്കയ്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ അവര്‍ നന്നായി പന്തെറിഞ്ഞു. അവിടെ അവര്‍ ഞങ്ങള്‍ക്ക് മേല്‍ മുന്‍തൂക്കം നേടി. അവരുടെ ഇടങ്കയ്യന്‍ സ്‌പിന്നര്‍മാര്‍ക്കെതിരെ ഞങ്ങള്‍ പ്രയാസപ്പെട്ടു. ഞങ്ങള്‍ കുറച്ചുകൂടി റിവേഴ്‌സ് സ്വീപ്പ് അല്ലെങ്കില്‍ ക്രീസ് ഫലപ്രദമായി ഉപയോഗിച്ച് കളിക്കണമായിരുന്നു. അവര്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്"- സഞ്‌ജു സാംസണ്‍ പറഞ്ഞു.
അതേസമയം ആദ്യം ബാറ്റ് ചെയ്‌ത സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഹെൻറിച്ച് ക്ലാസന്‍ (34 പന്തില്‍ 50), രാഹുല്‍ ത്രിപാഠി (15 പന്തില്‍ 37), ട്രാവിസ് ഹെഡ് (28 പന്തില്‍ 34) എന്നിവരുടെ പ്രകടനമാണ് തുണയായത്. രാജസ്ഥാനായി ട്രെന്‍റ് ബോള്‍ട്ട്, ആവേശ് ഖാന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു. ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാനായി 35 പന്തില്‍ 56 റണ്‍സടിച്ച ധ്രുവ് ജുറെല്‍ പുറത്താവാതെ നിന്നു. യശസ്വി ജയ്‌സ്വാള്‍ (21 പന്തില്‍ 42) മാത്രമാണ് കാര്യമായ പോരാട്ടം നടത്തിയ മറ്റൊരു താരം. 11 പന്തില്‍ 10 റണ്‍സാണ് സഞ്‌ജുവിന് നേടാന്‍ കഴിഞ്ഞത്. മൂന്ന് വിക്കറ്റുമായി ഷഹ്‌ബാസ് അഹമ്മദും രണ്ട് വിക്കറ്റുമായി അഭിഷേക് ശര്‍മയുമാണ് രാജസ്ഥാന് കടിഞ്ഞാണിട്ടത്.