ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മലയാളികളുടെ അഭിമാനമാണ് സഞ്‌ജു സാംസണ്‍. ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെ മികച്ച പ്രകടനത്തോടെ മുന്നില്‍ നിന്നും നയിക്കുകയാണ് സഞ്‌ജു. 17-ാം സീസണിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം കൂടി ബാക്കിയുണ്ടെങ്കിലും ഇതിനകം തന്നെ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ആരാധകരില്‍ നിന്നും തനിക്ക് ലഭിക്കുന്ന പിന്തുണയെക്കുറിച്ച് സംസാരിച്ചിരിക്കുയാണ് 29-കാരന്‍. ഇതു സംബന്ധിച്ച് സഞ്‌ജു മലയാളത്തില്‍ സംസാരിക്കുന്ന വീഡിയോ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്.
"ഞാന്‍ കേരളത്തില്‍ നിന്നാണ്. ഇത്രയും വര്‍ഷങ്ങളായി ലഭിക്കുന്ന പിന്തുണ വളരെ വലുതാണ്. ഇന്ത്യയ്‌ക്കായി കളിക്കുമ്പോഴും ടീമില്‍ നിന്നും പുറത്താവുമ്പോളും ലഭിച്ച പിന്തുണയില്‍ വളരെ സന്തോഷം. ഇതു പറയാന്‍ വാക്കുകളില്ല.
അത്രയും സന്തോഷമാണ്. ഞാന്‍ ക്രിക്കറ്റ് കളിക്കുന്നതാണ് എല്ലാവര്‍ക്കും താല്‍പര്യമെങ്കില്‍ ഇനിയും എന്‍റെ ഏറ്റവും മികച്ചത് നല്‍കാന്‍ ശ്രമിക്കും. എല്ലാവരും നല്‍കുന്ന സ്‌നേഹത്തിനും പിന്തുണയ്‌ക്കും വളരെ നന്ദി"- എന്നാണ് സഞ്‌ജു വീഡിയോയില്‍ പറയുന്നത്.
സഞ്‌ജുവിന്‍റെ പ്രസ്‌തുത വീഡിയോ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഐപിഎല്ലില്‍ ഇതുവരെ കളിച്ച 13 മത്സരങ്ങളില്‍ നിന്നും 504 റണ്‍സാണ് സഞ്‌ജു അടിച്ചുകൂട്ടിയിട്ടുള്ളത്. 156 സ്‌ട്രൈക്ക് റേറ്റിലും 56 ശരാശരിയിലുമാണ് സഞ്‌ജുവിന്‍റെ പ്രകടനം. ഈ മികവോടെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാനും സഞ്‌ജുവിന് കഴിഞ്ഞു. വിക്കറ്റ് കീപ്പറായാണ് 29-കാരനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എസ് ശ്രീശാന്തിന് ശേഷം ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ മാത്രം മലയാളിയാണ് സഞ്‌ജു സാംസണ്‍.
അതേസമയം അവസാന ഗ്രൂപ്പ് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് രാജസ്ഥാന്‍റെ എതിരാളി. ഗുവാഹത്തിയിലെ ബർസാപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. 13 മത്സരങ്ങളില്‍ ഒമ്പത് വിജയം നേടിയ കൊല്‍ക്കത്ത ഇതിനകം തന്നെ പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
13 മത്സങ്ങളില്‍ എട്ട് വിജയവുമായി പോയിന്‍റ് പട്ടികയില്‍ രണ്ടാമതാണ് രാജസ്ഥാന്‍. വിജയിക്കാന്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ ടീമിന് കഴിയും. അവസാനം കളിച്ച നാല് മത്സരങ്ങളിലും രാജസ്ഥാന് വിജയിക്കാനായിട്ടില്ല. ഇതോടെ തുടര്‍തോല്‍വികള്‍ക്ക് വിരാമമിട്ട് മികവിലേക്ക് തിരികെ എത്താനുറച്ചാവും സഞ്‌ജുവും സംഘവും ഇന്ന് ഗുവാഹത്തിയില്‍ ഇറങ്ങുക.