ധര്‍മ്മശാല: ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതിരുന്നതിന്‍റെ പശ്ചാത്തലത്തില്‍ ശ്രേയസ് അയ്യര്‍ (Shreyas Iyer), ഇഷാന്‍ കിഷന്‍ (Ishan Kishan) എന്നിവരെ കരാറില്‍ നിന്നും ബിസിസിഐ ഒഴിവാക്കിയത് ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് (Rahul Dravid). കരാര്‍ തീരുമാനിക്കുന്നത് തങ്ങളല്ലെന്നും എന്നാല്‍ ഇരുവര്‍ക്കും ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്താന്‍ ഇനിയും അവസരമുണ്ടെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
"അവര്‍ രണ്ട് പേരും എപ്പോഴും ഈ കൂട്ടത്തിലുണ്ട്. ക്രിക്കറ്റോ, ആഭ്യന്തര ക്രിക്കറ്റോ കളിക്കുന്ന എല്ലാവരും ഈ കൂട്ടത്തിന്‍റെ ഭാഗമാണ്. ആര്‍ക്ക് കരാര്‍ നല്‍കണമെന്ന് തീരുമാനിക്കുന്നത് ഞാനല്ല. അതു ബോര്‍ഡും സെലക്‌ടര്‍മാരുമാണ്.
സത്യം പറഞ്ഞാല്‍ അതിന്‍റെ മാനദണ്ഡം എന്താണ് എന്ന് പോലും എനിക്ക് അറിയില്ല. 15 അംഗ സ്‌ക്വാഡ് തിരഞ്ഞെടുപ്പില്‍ മാത്രമാണ് എന്നോട് അഭിപ്രായം ചോദിക്കാറുള്ളത്. അതില്‍ നിന്നും പ്ലേയിങ് ഇലവന്‍ തിരഞ്ഞെടുക്കുന്നത് ഞാനും രോഹിത്തും ചേര്‍ന്നാണ്.
അതിനായി ഒരു താരത്തിന് കരാര്‍ ഉണ്ടോ എല്ലയോ എന്നത് ഞങ്ങള്‍ നോക്കാറേയില്ല. കരാര്‍ ഇല്ലെങ്കിലും ക്രിക്കറ്റിന്‍റെ വ്യത്യസ്ത ഫോർമാറ്റില്‍ ഇന്ത്യയ്‌ക്കായി കളിക്കുന്ന താരങ്ങള്‍ക്ക് മതിയായ ഉദാഹരണങ്ങള്‍ തന്നെ നമുക്ക് മുന്നിലുണ്ട്. ഈ തീരുമാനങ്ങൾ എടുക്കുമ്പോൾ കരാർ ലഭിച്ച കളിക്കാരുടെ പട്ടികയിൽ ആരൊക്കെയുണ്ടെന്ന് പോലും എനിക്ക് ചിലപ്പോൾ അറിയാറില്ല.
ആരും പുറത്തല്ല. അവര്‍ ഫിറ്റാണോയെന്നതാണ് ചോദ്യം. ക്രിക്കറ്റ് കളിക്കുകയും മികച്ച പ്രകടനത്തോടെ തങ്ങളെ തിരികെ എടുക്കാന്‍ സെലക്‌ടര്‍മാരെ വീണ്ടും നിര്‍ബന്ധിപ്പിക്കുകയുമാണ് ചെയ്യേണ്ടത്"- രാഹുല്‍ ദ്രാവിഡ് പറഞ്ഞു. ഇംഗ്ളണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന് (India vs England Test) ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു രാഹുല്‍ ദ്രാവിഡിന്‍റെ വാക്കുകള്‍.
ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും അവധിയെടുത്ത ഇഷാന്‍ കിഷന് പിന്നീട് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനായി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ നിരവധി തവണ നിര്‍ദേശം നല്‍കിയെങ്കിലും താരം അകന്നുനിന്നു. തന്‍റെ ടീമായ ജാര്‍ഖണ്ഡിനെ ബന്ധപ്പെടാന്‍ പോലും താരം തയ്യാറായിരുന്നില്ല. ഇതിനിടെ ഇംഗ്ലണ്ടിനെതിരെ കളിക്കാന്‍ താരത്തെ ബിസിസിഐ വിളിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്നാല്‍ മത്സര ക്രിക്കറ്റില്‍ കളിക്കുന്നതിനായി താന്‍ തയ്യാറായിട്ടില്ലെന്നായിരുന്നു ഇഷാന്‍ മറുപടി നല്‍കിയതെന്നായിരുന്നു റിപ്പോര്‍ട്ട്. പരമ്പരയില്‍ വിക്കറ്റ് കീപ്പറായി കളിച്ച ശ്രീകര്‍ ഭരതിന് റണ്‍സ് നേടാന്‍ കഴിയാതെ വന്നതോടെയായിരുന്നു 25-കാരന ബിസിസിഐ ബന്ധപ്പെട്ടത്. താരം വരാതിരുന്നതോടെ യുവതാരം ധ്രുവ് ജുറെലിന് സെലക്‌ടര്‍മാര്‍ അവസരം നല്‍കി.
ALSO READ: ടെസ്റ്റിനിറങ്ങുന്നവര്‍ക്ക് വമ്പന്‍ ചാകര; കാത്തിരിക്കുന്നത് ലക്ഷങ്ങള്‍, പദ്ധതി പ്രഖ്യാപിച്ച് ബിസിസിഐ
മിന്നും പ്രകടനം നടത്തിയ താരം ടെസ്റ്റ് ടീമില്‍ തന്‍റെ സ്ഥാനം ഉറപ്പിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ ശ്രേയസ് കളിച്ചിരുന്നു. നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയ താരത്തിന് രണ്ടാം ടെസ്റ്റിന് ശേഷം മുതുകുവേദന അനുഭവപ്പെട്ടിരുന്നു.
ബാക്കിയുള്ള മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡില്‍ നിന്നും പുറത്തായെങ്കിലും ശ്രേയസ് ഫിറ്റാണെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ മെഡിക്കല്‍ സംഘം വിലയിരുത്തിയിരുന്നു. എന്നാല്‍ രഞ്‌ജി കളിക്കാതിരുന്ന താരം ഐപിഎല്ലില്‍ തന്‍റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ പരിശീലന ക്യാമ്പിനായി പോവുകയാണ് ചെയ്‌തത്.