ചെന്നൈ : ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ തുടര്‍ച്ചയായി കൂടുതല്‍ ജയങ്ങള്‍ എന്ന മുംബൈ ഇന്ത്യൻസിന്‍റെ റെക്കോഡിനൊപ്പമെത്തി പഞ്ചാബ് കിങ്‌സ്. ചെപ്പോക്കില്‍ കഴിഞ്ഞ ദിവസം ചെന്നൈയെ ഏഴ് വിക്കറ്റിന് തകര്‍ത്തതോടെയാണ് പഞ്ചാബ് ഈ നേട്ടത്തിലേക്ക് എത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ തുടര്‍ച്ചയായ അഞ്ചാമത്തെ ജയം ആയിരുന്നു പഞ്ചാബ് കിങ്‌സ് ഇന്നലെ (മെയ് 1) സ്വന്തമാക്കിയത്.
2018-19 വര്‍ഷങ്ങളില്‍ ആയിരുന്നു ചെന്നൈയ്‌ക്കെതിരായ മുംബൈ ഇന്ത്യൻസിന്‍റെ ആധിപത്യം. 2018ല്‍ ഒരു മത്സരത്തില്‍ ആണ് ചെന്നൈയെ മുംബൈ പരാജയപ്പെടുത്തിയത്. 2019ല്‍ ഫൈനല്‍ ഉള്‍പ്പടെ നാല് മത്സരങ്ങളില്‍ ആയിരുന്നു മുംബൈ സൂപ്പര്‍ കിങ്സിനെ തകര്‍ത്തത്.
2021 ഒക്‌ടോബര്‍ ഏഴിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ പഞ്ചാബ് കിങ്‌സിന്‍റെ വിജയപരമ്പരയ്‌ക്ക് തുടക്കമായത്. ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അന്ന് ആറ് വിക്കറ്റിനായിരുന്നു പഞ്ചാബ് ചെന്നൈയെ തകര്‍ത്തത്. 2022ല്‍ തമ്മിലേറ്റുമുട്ടിയ രണ്ട് മത്സരങ്ങളിലും പഞ്ചാബ് ജയം തുടര്‍ന്നു. കഴിഞ്ഞ വര്‍ഷം നേര്‍ക്കുനേര്‍ വന്ന പോരാട്ടത്തില്‍ അവസാന പന്ത് വരെ പോരാടിയാണ് പഞ്ചാബ് കിങ്‌സ് ചെന്നൈയ്‌ക്കെതിരെ ആവേശ ജയം സ്വന്തമാക്കിയത്.
അവസാന അഞ്ച് മത്സരങ്ങളില്‍ പഞ്ചാബിനോട് തോറ്റെങ്കിലും നേര്‍ക്കുനേര്‍ പോരാട്ടങ്ങളുടെ കണക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനാണ് ഇപ്പോഴും നേരിയ മുൻതൂക്കം. ഇരു ടീമുകളും മുഖാമുഖം പോരാടിയ 29 കളികളില്‍ 15 എണ്ണവും ജയിച്ചത് ചെന്നൈയാണ്. 14 മത്സരങ്ങളിലാണ് പഞ്ചാബ് ചെന്നൈയെ തകര്‍ത്തിട്ടുള്ളത്.
അതേസമയം, സ്‌പിന്നര്‍മാരുടെ കരുത്തില്‍ ചെപ്പോക്കില്‍ ചെന്നൈയെ എറിഞ്ഞൊതുക്കിയാണ് പഞ്ചാബ് കിങ്‌സ് ഇന്നലെ വിജയം നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ സൂപ്പര്‍ കിങ്‌സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 162 റണ്‍സായിരുന്നു നേടിയത്. 48 പന്തില്‍ 62 റണ്‍സ് നേടിയ ക്യാപ്‌റ്റൻ റിതുരാജ് ഗെയ്‌ക്‌വാദ് ആയിരുന്നു അവരുടെ ടോപ് സ്കോറര്‍.
രാഹുല്‍ ചാഹര്‍, ഹര്‍പ്രീത് ബ്രാര്‍ എന്നീ സ്‌പിന്നര്‍മാരുടെ പ്രകടനമായിരുന്നു ചെപ്പോക്കില്‍ ചെന്നൈയെ പൂട്ടാൻ പഞ്ചാബിനെ സഹായിച്ചത്. എട്ട് ഓവറില്‍ നാല് വിക്കറ്റ് വീഴ്‌ത്തി 33 റണ്‍സ് മാത്രമായിരുന്നു ഇരുവരും ചേര്‍ന്ന് വഴങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്‌സ് 13 പന്ത് ശേഷിക്കെ വിജയലക്ഷ്യമായ 163 റണ്‍സ് മറികടക്കുകയായിരുന്നു.
ജോണി ബെയര്‍സ്റ്റോ (46), റിലീ റൂസോ (43) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് പഞ്ചാബ് അനായാസ ജയം സ്വന്തമാക്കിയത്. ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകളും നിലനിര്‍ത്താൻ പഞ്ചാബ് കിങ്‌സിനായി. 10 മത്സരങ്ങളില്‍ എട്ട് പോയിന്‍റോടെ ലീഗ് ടേബിളില്‍ ഏഴാം സ്ഥാനക്കാരാണ് നിലവില്‍ പഞ്ചാബ്. സീസണില്‍ ശേഷിക്കുന്ന നാല് മത്സരവും ജയിച്ച് മറ്റ് മത്സരഫലങ്ങളും അനുകൂലമായാല്‍ പഞ്ചാബിന് പ്ലേ ഓഫില്‍ കടക്കാൻ സാധിക്കും.