എറണാകുളം: അന്താരാഷ്‌ട്ര ഹോക്കിയില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ വെറ്ററന്‍ ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷ്. പാരിസ് ഒളിമ്പിക്‌സിന് ശേഷം വിരമിക്കുമെന്നാണ് മലയാളി താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. തന്‍റെ നാലാമത്തെ ഒളിമ്പിക്‌സിനാണ് ശ്രീജേഷ് പാരിസില്‍ ഇറങ്ങുന്നത്. 2020-ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ ശ്രീജേഷ് ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം വെങ്കലമെഡല്‍ നേടിയിരുന്നു.
ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യ 41 വർഷങ്ങൾക്ക് ശേഷം വീണ്ടും മെഡല്‍ നേടിയപ്പോള്‍ താരമായത് ഇന്ത്യന്‍ ഗോള്‍ മുഖം കാത്ത ശ്രീജേഷായിരുന്നു. പാറപോലെ ഉറച്ച് നിന്ന് താരം നടത്തിയ മിന്നും സേവുകളായിരുന്നു പലമത്സരങ്ങളും ഇന്ത്യയ്‌ക്ക് അനുകൂലമാക്കിയത്. ഇക്കുറി പാരിസില്‍ മെഡലോടെ തന്നെ തന്‍റെ കരിയര്‍ അവസാനിപ്പിക്കാനാണ് ശ്രീജേഷ് ലക്ഷ്യം വയ്‌ക്കുന്നത്. വിരമിച്ചശേഷം താരം ഇന്ത്യൻ ഹോക്കി ടീമിന്‍റെ സഹപരിശീലകനാകുമെന്നാണ് സൂചന.
വിരമിക്കല്‍ പ്രഖ്യാപിച്ച് ഏറെ വൈകാരികമായ കുറിപ്പാണ് ഇന്ത്യന്‍ ഇതിഹാസം പങ്കുവച്ചിരിക്കുന്നത്. ജിവി രാജ സ്‌പോർട്‌സ് സ്‌കൂളിലെ തുടക്കം മുതല്‍ക്കുള്ള തന്‍റെ യാത്ര ഉള്‍ക്കൊള്ളുന്നതാണ് താരത്തിന്‍റെ കുറിപ്പ്. ആദ്യ കിറ്റ് വാങ്ങുന്നതിനായി അച്ഛന്‍ തങ്ങളുടെ പശുവിനെ വിറ്റതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ താരം അനുസ്‌മരിക്കുന്നുണ്ട്. ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ കഴിഞ്ഞതിലുള്ള അഭിമാനവും താരം വ്യക്തമാക്കുന്നുണ്ട്.
"2020ൽ ടോക്കിയോ ഒളിമ്പിക്‌സില്‍ ഞങ്ങള്‍ നേടിയ വെങ്കല മെഡൽ, ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. കണ്ണീരും സന്തോഷവും അഭിമാനവും അങ്ങനെയെല്ലാം തന്നെ അതില്‍ അടങ്ങിയിരിക്കുന്നു. പാരിസ് ഒളിമ്പിക്‌സിലൂടെ അന്താരാഷ്‌ട്ര ഹോക്കിയിലെ അവസാന അങ്കത്തിന് ഒരുങ്ങുകയാണ്.
ഏറെ അഭിമാനത്തോടെയും പ്രതീക്ഷയോടെയും തിരിഞ്ഞു നോക്കുകയാണ്. ഈ യാത്ര അസാധാരണമായ ഒന്നല്ല. എന്നിൽ വിശ്വസിച്ചതിനും നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും എന്നേക്കും നന്ദിയുള്ളവനാണ്" ശ്രീജേഷ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
2006-ലാണ് മലയാളികളുടെ 'ശ്രീ' ഇന്ത്യയ്‌ക്കായി അരങ്ങേറ്റം നടത്തിയത്. തുടക്ക കാലത്ത് അഡ്രിയാൻ ഡിസൂസയുടെയും ഭരത് ചേത്രിയുടെയും നിഴലിലായിരുന്നു ശ്രീജേഷ്. എന്നാല്‍ 2011-ല്‍ ചൈനയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനെതിരെ നടത്തിയ പ്രകടനം കരിയറില്‍ വഴിത്തിരിവായി. രണ്ട് പെനാല്‍റ്റി തടുത്തിട്ട ശ്രീജേഷിന്‍റെ മികവില്‍ ഇന്ത്യ വിജയം നേടി. പിന്നീട് മിന്നും പ്രകടനങ്ങളുമായി നിരവധി മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിന് മുതല്‍ക്കൂട്ടാവാന്‍ താരത്തിന് കഴിഞ്ഞു. രാജ്യത്തിനായി 328 മത്സരങ്ങളിലാണ് 36-കാരന്‍ കളിച്ചിട്ടുള്ളത്.