പാരീസ്: അട്ടിമറികളുടെ പരമ്പരകളുമായാണ് ഒളിമ്പിക്‌സിൽ വനിതകളുടെ ഗുസ്‌തിയിൽ 50 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഫൈനലിൽ കടന്നത്. സെമിയിൽ പാൻ അമേരിക്കൻ ഗെയിംസ് ചാമ്പ്യൻ ക്യൂബയുടെ യൂസ്നെയ്ലിസ് ലോപ്പസിനെയാണ് വിനേഷ് ഫോഗട്ട് മലർത്തിയടിച്ചത്.
ചാമ്പ്യന്മാരെ മലർത്തിയടിച്ച് മുന്നേറ്റം
ഉക്രെയ്‌നിന്‍റെ ഒക്‌സാന ലിവഞ്ചിനെ ക്വാർട്ടർ ഫൈനലിൽ 7-5 ന് പരാജയപ്പെടുത്തിയാണ് വിനേഷ് സെമിയിലേക്ക് യോഗ്യത നേടിയത്. മുൻ യൂറോപ്യൻ ചാമ്പ്യനും 2018 ലെ ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവുമായ ഉക്രെയ്‌നിന്‍റെ ഒക്‌സാന ലിവഞ്ചിനെ ക്വാർട്ടർ ഫൈനലിൽ 7-5 ന് പരാജയപ്പെടുത്തിയാണ് വിനേഷ് സെമിയിലേക്ക് യോഗ്യത നേടിയത്.
സെമിയിൽ എതിരാളിയായി എത്തിയ ക്യൂബൻ താരത്തിന് ഒരവസരവും നൽകാതെയാണ് വിനീഷ് മൽസരം കൈപ്പിടിയിലൊതുക്കിയത്.ബൌട്ടിൻറെ തുടക്കം തന്നെ ലീഡെടുത്ത വിനീഷ് ഫോഗട്ട് മൽസര സമയം അവസാനിക്കുമ്പോൾ 5-0 ത്തിനാണ് ജയം സ്വന്തമാക്കിയത്.
ഇത് ചരിത്രം
ഇതോടെ ഒളിമ്പിക് വനിതാ ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതി കൂടി വിനേഷ് സ്വന്തമാക്കി. സ്വർണമെഡൽ പോരാട്ടത്തിൽ ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്ക് അമേരിക്കയുടെ ഹിൽഡർബ്രൻഡ് സാറയെയാണ് വിനേഷ് ഫോഗട്ട് നേരിടുക.
ഇതുവരെ ഒരു അന്താരാഷ്ട്ര മത്സരവും തോറ്റിട്ടില്ലാത്ത ജാപ്പനീസ് ഗുസ്‌തി താരം യുയി സുസാക്കിയെയാണ് പ്രീക്വാർട്ടർ മത്സരത്തിൽ വിനേഷ് പരാജയപ്പെടുത്തിയത്. സുസാകി നിലവിലെ ഒളിമ്പിക് ചാമ്പ്യനും 4 തവണ ലോക ചാമ്പ്യനുമാണ്.
ജൂലൈ 6 ന് നടന്ന സ്‌പാനിഷ് ഗ്രാൻഡ് പ്രിക്‌സില്‍ വിനേഷ് ഫോഗട്ട് സ്വർണ്ണ മെഡൽ നേടിയിരുന്നു, ഫൈനലിൽ മരിയ ടൈമെർകോവയെ 10-5 ന് പരാജയപ്പെടുത്തിയാണ് മെഡല്‍ സ്വന്തമാക്കിയത്. പാരീസ് ഒളിമ്പിക്‌സിനായി മികച്ച തയ്യാറെടുപ്പ് നടത്തുകയും ചെയ്‌തിട്ടുണ്ട് താരം.