പാരീസ്: ഇന്ത്യൻ വനിതാ ഗുസ്‌തി താരം വിനേഷ് ഫോഗട്ടിന്‍റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് രാജ്യം. മിന്നുന്ന പ്രകടനത്തിലൂടെ ഫൈനൽ വരെ എത്തിയ വിനേഷ് വെള്ളിമെഡൽ നേടണമെന്നും വെറുംകൈയോടെ രാജ്യത്തേക്ക് മടങ്ങരുതെന്നുമാണ് എല്ലാവരുടെയും ആഗ്രഹം.
നിയമപരമായാണ് വിനേഷ് ഫൈനലിലെത്തിയതെന്നും അതിനാൽ വെള്ളി മെഡലിന് അർഹതയുണ്ടെന്നും വിനേഷും അഭിഭാഷകനും കായിക കോടതിയില്‍ വാദിച്ചു. ഫൈനലിന് ഇറങ്ങേണ്ട ദിവസം രാവിലെ നടത്തിയ ഭാരപരിശോധനയിൽ 100 ഗ്രാം കൂടിപ്പോയെന്നു ചൂണ്ടിക്കാട്ടിയാണ് അധികൃതർ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. ഇതിനെതിരെയാണ് താരം അപ്പീൽ നൽകിയത്. വാദം പൂർണമായും കേട്ടെങ്കിലും തീരുമാനം ഓഗസ്റ്റ് 13 വരെ മാറ്റിവച്ചു.
ഭാരം കൂടുതലായതിന്‍റെ കാരണം കായിക കോടതിയില്‍ താരം വെളിപ്പെടുത്തിയത് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്‌തു. ഒളിമ്പിക് വില്ലേജും മത്സര വേദിയും തമ്മിലുള്ള അകലം കാരണം മത്സരങ്ങൾക്കിടയിലെ തിരക്കിനിടയിൽ ശരീരഭാരം കുറയ്ക്കാൻ തനിക്ക് വേണ്ടത്ര സമയം ലഭിച്ചില്ലെന്ന് വിനേഷ് പറഞ്ഞു. ഷെഡ്യൂൾ തികച്ചും തിരക്കേറിയതായിരുന്നു. ഫൈനലിന് മുമ്പ് ഭാരം 52.7 കിലോയിൽ എത്തിയിരുന്നു.
100 ഗ്രാം തൂക്കം കൂടുന്നത് വളരെ നിസാരമാണെന്നും ഇത് വേനൽക്കാലത്ത് ശരീരം വിയര്‍ക്കുന്നതിനാലാകാമെന്നും കോടതിയില്‍ വാദിച്ചു. വേനൽ കാലത്ത് മനുഷ്യശരീരം സ്വാഭാവികമായി വെള്ളംനിലർത്തുമെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു.അതിനിടെ ഗുസ്‌തി, വെയ്‌റ്റ്‌ലിഫ്റ്റിങ്, ബോക്‌സിങ്, ജൂഡോ തുടങ്ങിയ കായിക ഇനങ്ങളിലെ വെയ്റ്റ് മാനേജ്‌മെന്‍റ് ഓരോ അത്‌ലറ്റിന്‍റേയും അവരുടെ കോച്ചിങ് ടീമിന്‍റേയും മാത്രം ഉത്തരവാദിത്തമാണെന്ന് ഐഒഎ പ്രസ്താവനയിൽ പറഞ്ഞു.