ഹെെദരാബാദ്: പാരീസ് ഒളിമ്പിക്‌സില്‍ ഇരട്ട മെഡലുകള്‍ സ്വന്തമാക്കി രാജ്യത്തിന്‍റെ അഭിമാനമായി മാറിയ താരമാണ് മനു ഭാക്കര്‍. ഒരു ഒളിമ്പിക് പതിപ്പിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യക്കാരിയായും മനു ചരിത്രം സൃഷ്‌ടിച്ചു. ഇപ്പോള്‍ താരം സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവച്ച ഒരു ചിത്രമാണ് വൈറലാകുന്നത്.
തന്‍റെ ആദ്യകാല ഷൂട്ടിങ് ചിത്രവും ഇരട്ട വെങ്കല മെഡലുകള്‍ പിടിച്ച് നില്‍ക്കുന്ന ചിത്രവുമാണ് താരം പങ്കുവച്ചത്. ആദ്യചിത്രത്തില്‍ സ്‌കൂള്‍ യൂണിഫോമിലാണ് താരമുള്ളത്. മൂന്ന് വിദ്യാര്‍ഥികളും കൂടെയുണ്ട്. ചിത്രത്തില്‍ ഷൂട്ടിങ് പരിശീലിക്കുന്നതായിട്ടാണ് കാണുന്നത്. അന്ന് മുതലുള്ള താരത്തിന്‍റെ കഠിന പരിശ്രമത്തിന്‍റെ ഫലമാണ് രണ്ടാമത്തെ ചിത്രത്തിലെ മെഡലുകളെന്നാണ് താരം വ്യക്തമാക്കുന്നത്.
How it started vs how it's going, and Grateful for everything in between 💪🥉🇮🇳 pic.twitter.com/z8LzoyoZI2
— Manu Bhaker🇮🇳 (@realmanubhaker) August 20, 2024
പാരിസില്‍ വനിതാ വിഭാഗം 10 മീറ്റർ എയർ പിസ്റ്റൾ, 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനം എന്നിവയിലാണ് മനു വെങ്കലം കരസ്ഥമാക്കിയത്. മെഡൽ നേട്ടത്തിൽ ഹാട്രിക്കടിക്കാന്‍ അവസരമുണ്ടായിരുന്നെങ്കിലും വനിതാ 25 മീറ്റർ പിസ്റ്റൾ ഫൈനലിൽ താരം നാലാമതെത്തുകയായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യമായാണ് ഒരു അത്‌ലറ്റ് ഒരേ ഇനത്തിൽ രണ്ട് മെഡലുകൾ നേടുന്നത്. മുമ്പ്, ബ്രിട്ടീഷ്-ഇന്ത്യൻ അത്‌ലറ്റ് നോർമൻ പ്രിച്ചാർഡ് 1900 ഒളിമ്പിക്‌സിൽ 200 മീറ്റർ സ്പ്രിന്‍റിലും 200 മീറ്റർ ഹർഡിൽസിലും രണ്ട് വെള്ളി മെഡലുകൾ നേടിയിരുന്നു.
അതേസമയം താരത്തെ സമീപിക്കുന്ന വൻകിട ബ്രാൻഡുകളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. താരം പാരീസ് ഒളിമ്പിക്‌സിന് മുമ്പ് 25 ലക്ഷം രൂപ വരെ വാങ്ങിയെങ്കിലും ഒളിമ്പിക്‌സിന് ശേഷം ഇത് 6 മടങ്ങ് വർധിച്ചു. അടുത്തിടെ ഒരു പ്രമുഖ കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ട മനു ഒരു കോടി 50 ലക്ഷം രൂപ വരെ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
Also Read: സ്വര്‍ണം ലക്ഷ്യമിട്ട് നീരജ് ചോപ്ര വീണ്ടും കളത്തിലേക്ക്; ഡയമണ്ട് ലീഗില്‍ മത്സരിക്കും - Diamond League