ന്യൂഡൽഹി: ഇന്ത്യയുടെ ഇരട്ട ഒളിമ്പിക്‌സ് മെഡൽ ജേതാവ് മനു ഭാക്കർ പാരീസ് ഒളിമ്പിക്‌സ് സമാപനത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഒളിമ്പിക്‌സിന്‍റെ സമാപന ചടങ്ങിൽ പി.ആർ ശ്രീജേഷിനൊപ്പം ഇന്ത്യയുടെ പതാകവാഹകയായിരുന്നു മനു.
ഇന്ത്യയ്‌ക്കായി ഇനിയും നിരവധി ഒളിമ്പിക്‌സ് മെഡലുകൾ നേടുകയാണ് തന്‍റെ ലക്ഷ്യമെന്ന് മനുഭാക്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മെഡലുകൾ നേടാൻ കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഭാവിയിൽ പ്രകടനം മെച്ചപ്പെടുത്തും. എന്‍റെ എല്ലാ മത്സരങ്ങളിലും ഞാൻ നല്ലവണ്ണം പരിശ്രമിക്കാറുണ്ട്. ഒരുപാട് ശ്രമിച്ചാല്‍ അതിന് ഫലമുണ്ടാകും. എനിക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. മെഡല്‍ നേടുന്നത് ഇവിടെ അവസാനിക്കില്ല, ഇന്ത്യന്‍ താരങ്ങള്‍ കൂടുതൽ മെഡലുകൾ നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പതാകവഹിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ അവസരമായിരുന്നു. ജീവിതത്തിലുടനീളം ഞാൻ അത് വിലമതിക്കുമെന്നും മനു പറഞ്ഞു.
EXCLUSIVE | VIDEO: " i am aiming to win many more olympic medals for india. i think we all work hard to win medals. but if that happens (winning more than 2 individual medals at olympics) then that would be great. the aim is to work hard and better this performance in the future.… pic.twitter.com/qeAVQ4lotG
— Press Trust of India (@PTI_News) August 13, 2024
പി.ആർ ശ്രീജേഷുമായി എനിക്ക് സൗഹൃദബന്ധമുണ്ടെന്ന് മനു പറഞ്ഞു. അദ്ദേഹം വളരെ സീനിയർ കളിക്കാരനാണ്. ചെറുപ്പം മുതലേ ഞാൻ അദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ട്. എനിക്ക് വളരെ ബഹുമാനമുണ്ട്. തുറന്ന മനസ്സുള്ള വ്യക്തിയാണ്. സമാപന ചടങ്ങിൽ അദ്ദേഹം എനിക്ക് കാര്യങ്ങൾ വളരെ എളുപ്പമാക്കിയെന്നും മനു ഭാക്കര്‍ വ്യക്തമാക്കി.
2028 ഒളിമ്പിക്‌സിനായി കൂടുതൽ കഠിനാധ്വാനം ചെയ്യും. എന്‍റെ മൂന്ന് ഇവന്‍റുകളിൽ മാത്രം ഞാൻ പരമാവധി ശ്രമിക്കും. പാരീസില്‍ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ വെങ്കലവും 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ഇനത്തിൽ വെങ്കലവും മനു ഭാക്കർ നേടിയിരുന്നു.