ന്യൂഡല്‍ഹി : പാരിസ് ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ വെള്ളിമെഡല്‍ നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരമാണ് നീരജ്.
പാകിസ്ഥാന്‍റെ നദീം അർഷദാണ് ഈ വിഭാഗത്തില്‍ സ്വര്‍ണം നേടിയത്. റെക്കോര്‍ഡ് സൃഷ്‌ടിച്ച് കൊണ്ടാണ് അര്‍ഷദിന്‍റെ മെഡല്‍ നേട്ടം. 92.97 മീറ്റര്‍ ദൂരമാണ് രണ്ടാം ശ്രമത്തില്‍ അദ്ദേഹം എറിഞ്ഞത്. നീരജ് രണ്ടാം റൗണ്ടില്‍ 89.45 മീറ്ററിലേക്കാണ് ജാവലിന്‍ നീട്ടിയെറിഞ്ഞ് വെള്ളി വീഴ്‌ത്തിയത്.
Neeraj Chopra is excellence personified! Time and again he’s shown his brilliance. India is elated that he comes back with yet another Olympic success. Congratulations to him on winning the Silver. He will continue to motivate countless upcoming athletes to pursue their dreams… pic.twitter.com/XIjfeDDSeb
— Narendra Modi (@narendramodi) August 8, 2024
വീണ്ടും നീരജ് തന്‍റെ കഴിവ് തെളിയിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. വീണ്ടും ഒരു ഒളിമ്പിക് നേട്ടവുമായി തിരിച്ച് വരുന്ന ചോപ്രയ്ക്കായി രാജ്യം കാത്തിരിക്കുന്നു. അദ്ദേഹത്തിന്‍റെ വെള്ളി മെഡല്‍ നേട്ടത്തില്‍ അഭിനന്ദനങ്ങള്‍. വളര്‍ന്ന് വരുന്ന കായിക താരങ്ങള്‍ക്കുള്ള പ്രചോദനമാണ് നീരജെന്നും പ്രധാനമന്ത്രി പറഞ്ഞു. അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാനും രാജ്യത്തിന് അഭിമാനമാകാനും നീരജിന്‍റെ ഈ നേട്ടത്തിലൂടെ സാധിക്കട്ടെയെന്നും പ്രധാനമന്ത്രി കുറിച്ചു.
144 കോടി ഭാരതീയർ പ്രാർഥനകളോടെ കാത്തിരുന്ന ജാവലിൻ ത്രോ ഫൈനലിൽ സുവർണ താരം നീരജ് ചോപ്ര ആദ്യ ത്രോയ്ക്കിറങ്ങിയത് പുലർച്ചെ 12 06 നായിരുന്നു. ഗ്രാനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ് ചെക്ക് റിപ്പബ്ലിക്കിന്‍റെ ജാക്കൂബ് എന്നിവർ തൊട്ടു പിറകേ കനത്ത മത്സരവുമായി രംഗത്തുണ്ടായിരുന്നു. ഫൈനലിൽ ആദ്യ ത്രോയിൽ താരങ്ങളൊക്കെ സമ്മർദത്തിലായിരുന്നു.
പാക്കിസ്ഥാന്‍റെ നദീം അർഷദിനൊപ്പം നീരജ് ചോപ്രയുടെയും ആദ്യ ത്രോ ഫൗളാവുകയായിരുന്നു. രണ്ടാമത്തെ ത്രോയിൽ നദീം അർഷാദ് 92.97 മീറ്റർ കണ്ടെത്തി പുതിയ ഒളിമ്പിക് റെക്കോർഡ് കുറിച്ചു. സമ്മർദത്തിലായിരുന്നെങ്കിലും 89.54 എന്ന മികച്ച ദൂരം കുറിച്ച് നീരജ് ചോപ്ര രണ്ടാം ത്രോയിൽ നല്ല തിരിച്ചു വരവ് നടത്തി.
നീരജ് ചോപ്രയുടെ സീസൺ ബെസ്റ്റ് ത്രോയായിരുന്നു ഇത്. മൂന്നാം ത്രോയിൽ പാക്ക് താരം 88.72 മീറ്റർ മാത്രമാണ് എറിഞ്ഞത്. നീരജ് ചോപ്രയുടെ മൂന്നാം ത്രോ ഫൗൾ ആയി. 12.50 ന് നീരജ് നാലാം ത്രോയ്ക്കിറങ്ങി പക്ഷേ ഫൗൾ ആയി.
നദീം അർഷാദ് നാലാം ത്രോയിൽ 79.4 മീറ്റർ മാത്രം കണ്ടെത്തി. നീരജിന്‍റെ അഞ്ചാം ത്രോയും ഫൗൾ ആയി. അവസാന ത്രോയിൽ മികച്ച പ്രകടനം പ്രതീക്ഷിച്ച നീരജിന്‍റെ ത്രോ ഫൗളായി വെള്ളിമെഡലിലൊതുങ്ങി. അവസാന ത്രോയും 91.79 കണ്ടെത്തി പാക്ക് താരം അർഷദ് സ്വർണം സ്വന്തമാക്കി.
സ്വാതന്ത്ര്യത്തിനു ശേഷം ഒളിമ്പിക്‌സ് പുരുഷ വിഭാഗത്തിൽ രണ്ടാം വ്യക്തിഗത മെഡൽ സ്വന്തമാക്കുന്ന താരമായി നീരജ്. ടോക്കിയോയിൽ സ്വർണവും പാരിസിൽ വെള്ളിയും നേടി നീരജ് ചോപ്ര ഒളിമ്പിക്‌സിൽ പുതു ചരിത്രമെഴുതി. ആറ് ത്രോകളിൽ ഒന്ന് മാത്രമാണ് പാരിസിൽ നീരജിന് ക്ലീൻ ആക്കാനായത്. ഗുസ്‌തി താരം സുശീൽ കുമാറിന് മാത്രമാണ് ഇതിനു മുമ്പ് ഇന്ത്യയിൽ നിന്ന് പുരുഷ വിഭാഗത്തിൽ രണ്ട് വ്യക്തിഗത ഒളിമ്പിക് മെഡൽ നേടാനായത്.
Also Read: ജാവലിനിൽ നീരജ് ചോപ്രയ്ക്ക് വെള്ളി സ്വർണം എറിഞ്ഞു വീഴ്ത്തി പാക്ക് താരം നദീം അർഷദ്