പാരിസ് : ഒളിമ്പിക് വേദിയില്‍ താന്‍ കഴിവിന്‍റെ പരമാവധി ശ്രമിച്ചെന്ന് ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. എങ്കിലും വെള്ളി മെഡല്‍ കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീമിന്‍റെ ദിവസമായിരുന്നു ഇത്. അദ്ദേഹം സ്വര്‍ണം കരസ്ഥമാക്കി. ഭാവിയില്‍ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
'രാജ്യത്തിന് വേണ്ടി ഒരു മെഡല്‍ നേടാനായതില്‍ സന്തോഷമുണ്ട്. പ്രകടനം ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്. മത്സരം കടുത്തതായിരുന്നു. ഓരോ താരങ്ങള്‍ക്കും ഓരോ ദിവസമുണ്ട്. രാജ്യത്തിന് ഭാവിയില്‍ ഒളിമ്പിക്‌സില്‍ കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ നടത്താനാകുമെ'ന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
'പാരിസില്‍ ഇന്ത്യ നന്നായി കളിച്ചു. നമ്മുടെ ദേശീയ ഗാനം ഇന്ന് പക്ഷേ ഇവിടെ കേള്‍ക്കാനായില്ല. എന്നാല്‍ ഭാവിയില്‍ ഇത് കേള്‍ക്കുമെ'ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാക്കിസ്ഥാന്‍റെ നദീം അർഷാദിനൊപ്പം നീരജ് ചോപ്രയുടെയും ആദ്യ ത്രോ ഫൗളാവുകയായിരുന്നു. രണ്ടാമത്തെ ത്രോയിൽ നദീം അർഷാദ് 92.97 മീറ്റർ കണ്ടെത്തി പുതിയ ഒളിമ്പിക് റെക്കോഡ് കുറിച്ചു. സമ്മർദത്തിലായിരുന്നെങ്കിലും 89.54 എന്ന മികച്ച ദൂരം കുറിച്ച് നീരജ് ചോപ്ര രണ്ടാം ത്രോയിൽ നല്ല തിരിച്ചു വരവ് നടത്തി.
നീരജ് ചോപ്രയുടെ സീസൺ ബെസ്റ്റ് ത്രോയായിരുന്നു ഇത്. മൂന്നാം ത്രോയിൽ പാക്ക് താരം 88.72 മീറ്റർ മാത്രമാണ് എറിഞ്ഞത്. നീരജ് ചോപ്രയുടെ മൂന്നാം ത്രോ ഫൗൾ ആയി. 12.50 ന് നീരജ് നാലാം ത്രോയ്ക്കിറങ്ങി പക്ഷേ ഫൗൾ ആകുകയായിരുന്നു.
നദീം അർഷാദ് നാലാം ത്രോയിൽ 79.4 മീറ്റർ മാത്രമാണ് കണ്ടെത്തിയത്. നീരജിന്‍റെ അഞ്ചാം ത്രോയും ഫൗൾ ആയി. അവസാന ത്രോയിൽ മികച്ച പ്രകടനം പ്രതീക്ഷിച്ച നീരജിന്‍റെ ത്രോ ഫൗളായി വെള്ളിമെഡലിലൊതുങ്ങി. അവസാന ത്രോയും 91.79 കണ്ടെത്തി പാക് താരം അർഷാദ് സ്വർണം സ്വന്തമാക്കി.
സ്വാതന്ത്ര്യത്തിനു ശേഷം ഒളിമ്പിക്‌സ് പുരുഷ വിഭാഗത്തിൽ രണ്ടാം വ്യക്തിഗത മെഡൽ സ്വന്തമാക്കുന്ന താരമായി നീരജ്. ടോക്കിയോയിൽ സ്വർണവും പാരിസിൽ വെള്ളിയും നേടി നീരജ് ചോപ്ര ഒളിമ്പിക്‌സിൽ പുതു ചരിത്രമെഴുതി. ആറ് ത്രോകളിൽ ഒന്ന് മാത്രമാണ് പാരിസിൽ നീരജിന് ക്ലീൻ ആക്കാനായത്. ഗുസ്‌തി താരം സുശീൽ കുമാറിന് മാത്രമാണ് ഇതിനു മുമ്പ് ഇന്ത്യയിൽ നിന്ന് പുരുഷ വിഭാഗത്തിൽ രണ്ട് വ്യക്തിഗത ഒളിമ്പിക് മെഡൽ നേടാനായത്.
Also Read: 'നീരജ് ചോപ്ര മികവിന്‍റെ മൂര്‍ത്തിഭാവം': അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി