പാരീസ്: ഒളിമ്പിക്‌സ് ബഡ്‌മിന്‍റണിലെ തുടര്‍ച്ചയായ പരാജയങ്ങളില്‍ പ്രകാശ് പദുക്കോണ്‍ കളിക്കാരെ വിമർശിച്ചതിനെതിരേ അശ്വിനി പൊന്നപ്പ രംഗത്ത്. കളിക്കാരുടെ മേൽ അന്യായമായി കുറ്റം ചുമത്തിയതിൽ പൊന്നപ്പ നിരാശ പ്രകടിപ്പിച്ചു. മുന്നൊരുക്കത്തിലും തന്ത്രത്തിലും നിർണായക പങ്ക് വഹിച്ച പരിശീലകരെ അതേ രീതിയിൽ പരിശോധിക്കാതെ പരാജയങ്ങൾക്ക് കളിക്കാരെ മാത്രം ഉത്തരവാദിയാക്കുന്നത് എന്തുകൊണ്ടാണെന്ന് പൊന്നപ്പ ചോദിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്‌ത സ്റ്റോറിയിലാണ് പ്രതികരണം.
ഒരു കളിക്കാരൻ ജയിച്ചാൽ ക്രെഡിറ്റ് എടുക്കാൻ എല്ലാവരും മുന്നോട്ടുവരും. തോറ്റാൽ അത് കളിക്കാരന്‍റെ കുറ്റം മാത്രമാണെന്നും പൊന്നപ്പ തന്‍റെ സ്റ്റോറിയിൽ കുറിച്ചു. പരിശീലനത്തിന്‍റെ അഭാവത്തിനും കളിക്കാരെ തയ്യാറാക്കാത്തതിനും എന്തുകൊണ്ട് പരിശീലകർ ഉത്തരവാദികളല്ല? വിജയത്തിന്‍റെ ക്രെഡിറ്റ് ആദ്യം ഏറ്റെടുക്കുന്ന വ്യക്തിയാണ് പരിശീലകര്‍, എന്തുകൊണ്ടാണ് കളിക്കാരുടെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാത്തത്? നിങ്ങൾക്ക് കളിക്കാരനെ പെട്ടെന്ന് താഴേക്ക് തള്ളാനും എല്ലാ കുറ്റവും കളിക്കാരന്‍റെ മേൽ ചുമത്താനും കഴിയില്ലായെന്ന് അശ്വിനി പൊന്നപ്പ പ്രതികരിച്ചു.
നേരത്തെ 'ഒരു മെഡലെങ്കിലും ലഭിച്ചിരുന്നെങ്കില്‍ അതെന്നെ സന്തോഷിപ്പിക്കുമായിരുന്നു. സർക്കാരും ഫെഡറേഷനും എല്ലാം അവർക്ക് സാധ്യമാവുന്നത് ചെയ്യുന്നുണ്ട്, താരങ്ങൾ അവരുടെ മത്സരത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പ്രകാശ് പദുക്കോണ്‍ പറഞ്ഞിരിന്നു. മത്സരത്തിൽ ലക്ഷ്യ സെൻ പരാജയപ്പെട്ടതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.