പാരിസ് : 2024 ലെ പാരിസ് ഒളിമ്പിക്‌സിലെ ബോക്‌സിങ് മത്സരത്തിന്‍റെ നറുക്കെടുപ്പ് നടന്നു. ഇന്ത്യൻ വനിത ബോക്‌സർമാരായ നിഖാത് സരിനും ലോവ്‌ലിന ബോർഗോഹെയ്‌നും മെഡലിലേക്കുള്ള യാത്ര കടുത്തതാകും. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ 32-ാം റൗണ്ടിൽ ജർമനിയുടെ മാക്‌സി ക്ലോറ്റ്‌സറിനെതിരെയാണ് നിഖാത് മത്സരിക്കുക. രണ്ട് തവണ ലോക ചാമ്പ്യയായ നിഖാത് നിലവിലെ ഏഷ്യൻ ഗെയിംസ് ചാമ്പ്യയായ, ചൈനയുടെ വു യുവുമായി 16-ാം റൗണ്ടിൽ മത്സരിക്കാന്‍ സാധ്യതയുണ്ട്.
വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ ലോവ്‌ലിനയുടെ മത്സരവും കടുത്തതാകും. നോർവേയുടെ സുന്നിവ ഹോഫ്‌സ്റ്റാഡിനോടാണ് ലോവ്‌ലിന ഏറ്റുമുട്ടുക. ചൈനയുടെ ലി ക്വിയാനെതിരെ ക്വാർട്ടർ ഫൈനലിൽ എത്തുക.
നിഖാതിന്‍റെ എതിരാളിയാകാന്‍ സാധ്യതയുള്ള വു യു അവരുടെ വിഭാഗത്തിലെ ടോപ് സീഡ് ബോക്‌സറും 52 കിലോയിൽ നിലവിലെ ലോക ചാമ്പ്യയുമാണ്. ചൈനയെ ഇടിച്ചിട്ടാല്‍ ക്വാർട്ടർ ഫൈനലിൽ തായ്‌ലൻഡിന്‍റെ ചുതമത് രക്‌സത്തിനെയോ ഉസ്‌ബെക്കിസ്ഥാന്‍റെ സബീന ബൊബോകുലോവയെയോ നിഖാത് നേരിടും.
ഈ വർഷം ആദ്യം നടന്ന സ്ട്രാൻഡ്‌ജ മെമ്മോറിയൽ ഫൈനലിൽ ബോബോകുലോവയോട് നിഖാത് തോൽവി വഴങ്ങിയിരുന്നു. കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ ഗെയിംസിന്‍റെ സെമി ഫൈനലിൽ നിഖാത്തിനെ രക്‌സത് പരാജയപ്പെടുത്തിയിരുന്നു.
2020 - ടോക്കിയോ ഒളിമ്പിക്‌സിൽ വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ ജേതാവായ ഫിലിപ്പീൻസിന്‍റെ നെസ്‌തി പെറ്റെസിയോയ്‌ക്കെതിരെയുള്ള മത്സരത്തോടെ ജാസ്‌മിൻ ലംബോറായി തന്‍റെ ഒളിമ്പിക് കാമ്പെയ്ൻ ആരംഭിക്കും. ഈ മത്സരത്തില്‍ വിജയിച്ചാല്‍ അടുത്ത റൗണ്ടിൽ ഫ്രാൻസിന്‍റെ മൂന്നാം സീഡ് താരമായ ആമിന സിദാനിയുമായി ജാസ്‌മിന്‍ മത്സരിക്കും.
ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവ് പ്രീതി പവാർ 32-ാം റൗണ്ടിൽ വിയറ്റ്നാമിന്‍റെ വോ തി കിം അൻഹിനോടാണ് മത്സരിക്കുക. അമിത് പങ്കലും നിശാന്ത് ദേവും നേരിട്ട് പ്രീ-ക്വാര്‍ട്ടറിലാണ് മത്സരിക്കുന്നത്. അമിത് പങ്കല്‍ സാംബിയയുടെ പാട്രിക് ചിൻയെംബയ്‌ക്കെതിരെയാണ് ആദ്യം മത്സരിക്കുന്നത്. നിശാന്ത് ദേവ് ഇക്വഡോറിന്‍റെ ജോസ് റോഡ്രിഗസ് ടെനോറിയോയെ ആണ് നേരിടുക. ജൂലൈ 27-ന് പാരീസ് നോർഡിൽ പ്രാഥമിക റൗണ്ടുകളോടെ ബോക്‌സിങ് മത്സരങ്ങൾ ആരംഭിക്കും.