ന്യൂഡൽഹി : ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് അന്നു റാണിയും ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻ ജ്യോതി യർരാജിയും ലോക റാങ്കിങ്ങിലൂടെ പാരിസ് ഒളിമ്പിക്‌സ് 2024 അത്‌ലറ്റിക്‌സ് ക്വാട്ട ഉറപ്പാക്കി. അത്‌ലറ്റുകൾക്ക് പാരിസ് ഒളിമ്പിക്‌സ് ക്വാട്ടകൾ അതത് ഇവൻ്റുകളുടെ എൻട്രി സ്റ്റാൻഡേർഡ് നേടിയോ അല്ലെങ്കിൽ യോഗ്യത വിൻഡോ അവസാനിച്ചതിന് ശേഷം റോഡ് ടു പാരീസ് റാങ്കിങ്ങിൽ കട്ട്ഓഫിനുള്ളിൽ ഫിനിഷ് ചെയ്തോ നേടാം. അത്‌ലറ്റിക്‌സ് ഇവൻ്റുകളുടെ യോഗ്യത ജാലകം ജൂൺ 30-ന് അവസാനിച്ചിരുന്നു. അവസാന റോഡ് ടു പാരീസിനെ ചൊവ്വാഴ്‌ച ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്‌തു.
ജാവലിൻ ത്രോ താരം അന്നു റാണി റോഡ് ടു പാരീസ് റാങ്കിങ്ങിൽ 21-ാം സ്ഥാനത്തെത്തിയപ്പോള്‍ ഹർഡിൽസ് താരം ജ്യോതി 34-ാം സ്ഥാനത്തെത്തിയാണ് ക്വാട്ട സ്വന്തമാക്കിയത്. വനിതകളുടെ 5000 മീറ്ററിൽ പരുൾ ചൗധരി 34-ാം റാങ്ക് നേടി 42 എന്ന കട്ട്ഓഫിനുള്ളിൽ ഫിനിഷ് ചെയ്‌തു. പാരിസ് ഒളിമ്പിക്‌സിലെ വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് യോഗ്യതയായ 9:23.00 കഴിഞ്ഞ വര്‍ഷം പരുൾ ചൗധരി മറികടന്നിരുന്നു. ഹംഗറിയിൽ നടന്ന മത്സരത്തില്‍ 9:15.31 നേടിയാണ് മറികടന്നത്. പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ രണ്ട് തവണ ഏഷ്യൻ ചാമ്പ്യനായ തജീന്ദർപാൽ സിങ് ടൂര്‍ റാങ്കിങ്ങില്‍ 23-ാം റാങ്ക് നേടിയപ്പോള്‍ വനിതകളുടെ ഷോട്ട്പുട്ടില്‍ ഏഷ്യൻ ചാമ്പ്യൻഷിപ്പ് വെള്ളിമെഡൽ നേടിയ അഭ ഖത്വുവയും റാങ്കിങ്ങില്‍ 23-ാം സ്ഥാനത്തെത്തി. രണ്ട് ഇവൻ്റുകളുടെയും കട്ട്ഓഫ് 32 ആയിരുന്നു.
പുരുഷന്മാരുടെ ട്രിപ്പിൾ ജംപിലെ 32 കട്ട്ഓഫിനുളളില്‍ നിലയുറപ്പിക്കാന്‍ രണ്ട് താരങ്ങള്‍ക്കായി. 21-ാം സ്ഥാനത്തെത്തിയ അബ്‌ദുള്ള അബൂബക്കറും 23-ാം സ്ഥാനത്തെത്തിയ പ്രവീൺ ചിത്രവേലുമാണ് പാരിസ് ഒളിമ്പിക്‌സ് യോഗ്യത നേടിയത്. 32 പേരുടെ കട്ട്ഓഫ് ലിസ്റ്റിൽ 23-ാം സ്ഥാനത്തെത്തിയ സർവേശ് കുഷാരെയും പുരുഷ വിഭാഗം ഹൈജംപിൽ ക്വാട്ട നേടി.
റോഡ് ടു പാരിസ് റാങ്കിങ്ങിലൂടെ പുരുഷന്മാരുടെ 20 കിലോമീറ്റർ റേസ് വാക്ക് ഇനത്തിൽ സൂരജ് പൻവാര്‍ ഇടം നേടി. അക്ഷ്‌ദീപ് സിങ്, പരംജീത് സിങ് ബിഷ്‌ത, രാം ബാബു, വികാഷ് സിങ് എന്നിവർ ഈ ഇവൻ്റിലെ എൻട്രി സ്റ്റാൻഡേർഡ് നേരത്തെ നേടിയിരുന്നു. ഇന്ത്യയ്ക്ക് 20 കിലോമീറ്റർ റേസ് വാക്കില്‍ യോഗ്യത നേടിയ അഞ്ച് പേരിൽ പരമാവധി മൂന്ന് പേരെ പാരിസിലേക്ക് അയക്കാം. പ്രവേശന മാനദണ്ഡങ്ങൾ പാലിച്ചോ നിശ്ചിത യോഗ്യത മത്സരങ്ങളിലൂടെയോ ഇന്ത്യയുടെ 14 അത്‌ലറ്റിക്‌സ് താരങ്ങള്‍ പാരിസ് ഒളിമ്പിക്‌സില്‍ ക്വാട്ട നേടിയിരുന്നു.
പാരീസ് അത്‌ലറ്റിക്‌സ് റാങ്കിങ്ങിലൂടെ ഒളിമ്പിക് ക്വാട്ട നേടിയ ഇന്ത്യക്കാർ: ജ്യോതി യർരാജി - വനിതകളുടെ 100 മീറ്റർ ഹർഡിൽസ്, അന്നു റാണി - വനിത ജാവലിൻ ത്രോ, തജീന്ദർപാൽ സിങ് ടൂര്‍ - ഷോട്ട് പുട്ട്, അഭ ഖതുവ - വനിതകളുടെ ഷോട്ട്പുട്ട്, പ്രവീൺ ചിത്രവേൽ - പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പ്, അബ്‌ദുല്ല അബൂബക്കർ - പുരുഷന്മാരുടെ ട്രിപ്പിൾ ജംപ്, സർവേഷ് കുഷാരെ - പുരുഷന്മാരുടെ ഹൈജംപ്, പരുൾ ചൗധരി - വനിതകളുടെ 5000മീ, സൂരജ് പൻവാർ - പുരുഷന്മാരുടെ 20 കിമീ