റാവല്‍പിണ്ടി: പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്‌ക്ക് കാണികളില്ല. തുടര്‍ച്ചയായി സ്റ്റേഡിയം ഒഴിഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ കളി കാണാന്‍ പ്രവേശനം സൗജന്യമാക്കി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്.
വാരാന്ത്യത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും സൗജന്യ ടിക്കറ്റുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിനാൽ ക്രിക്കറ്റ് താരങ്ങളെ പിന്തുണയ്ക്കാൻ വരണമെന്നും പിസിബി പത്രക്കുറിപ്പിൽ അറിയിച്ചു. ഇതിനകം ടിക്കറ്റ് വാങ്ങിയവർക്ക് റീഫണ്ട് ലഭിക്കും. ബംഗ്ലാദേശിനെതിരായ മത്സരം കാണാനുള്ള ടിക്കറ്റ് നിരക്ക് 15 ഇന്ത്യൻ രൂപയ്ക്ക് തുല്യമായ 50 പാകിസ്ഥാൻ രൂപയാണ്. എന്നാല്‍ മാച്ച് ടിക്കറ്റ് ഇത്രയും കുറഞ്ഞതായിട്ടും മത്സരം കാണാൻ ആളെത്തുന്നില്ലാത്ത സാഹചര്യത്തിലാണ് പിസിബിയുടെ സൗജന്യപ്രവേശനം.
2025ലെ ചാമ്പ്യൻസ് ട്രോഫി പാക്കിസ്ഥാനിൽ നടക്കുന്നതിനാല്‍ നവീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നുവരികയാണ്. നേരത്തെ പണം ലാഭിക്കാൻ സ്റ്റേഡിയത്തിൽ പുതിയ ഫ്ലഡ് ലെെറ്റുകള്‍ സ്ഥാപിക്കുന്നതിന് പകരം ഒരു വർഷത്തേക്ക് അവ വാടകയ്ക്ക് സ്ഥാപിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ടെൻഡർ നൽകിയിരുന്നു. കൂടാതെ ജനറേറ്റർ വാടകയ്ക്ക് നൽകാനും തീരുമാനിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി മൊഹ്‌സിൻ നഖ്‌വി ഇവിടെ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരം പുലർത്തുന്നില്ലെന്ന് പറഞ്ഞിരുന്നു.