ചെസ് ബോര്‍ഡില്‍ പുതുചരിത്രമെഴുതി ഇന്ത്യയുടെ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി.ഗുകേഷ് ലോക ചാമ്പ്യന്‍ പട്ടം സ്വന്തമാക്കി. ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ചാണ് താരം കിരീടം ചൂടിയത്. ലോക ചെസ് ചാമ്പ്യനാകുന്ന പ്രായം കുറഞ്ഞ താരമാണ് പതിനെട്ടുകാരനായ ഗുകേഷ്. പ്രായക്കണക്കിൽ റഷ്യൻ താരം ഗാരി കാസ്പറോവിന്‍റെ റെക്കോർഡാണ് ഗുകേഷ് തകര്‍ത്തത്.
1985ൽ 22–ാം വയസിലാണ് ഗാരി ആദ്യമായി ലോക ചാമ്പ്യനായത്. 2012ൽ വിശ്വനാഥൻ ആനന്ദിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക ചെസ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കുന്നത്. ചരിത്രത്തില്‍ ആകെ രണ്ടു ഇന്ത്യക്കാര്‍ മാത്രമാണ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത്. ഇതുവരേ ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയ താരങ്ങളെ കുറിച്ചറിയാം.
- 1. വിലെം സ്റ്റൈനിറ്റ്സ് (ഓസ്ട്രിയ): ആദ്യത്തെ ഔദ്യോഗിക ലോക ചാമ്പ്യനായിരുന്നു വിലെം. പൊസിഷണൽ ചെസിന്‍റെ പിതാവായി കണക്കാക്കപ്പെടുന്ന താരത്തിന് "ഓസ്ട്രിയൻ മോർഫി" എന്ന് വിളിപ്പേരുണ്ടായിരുന്നു. 1886, 89, 90, 92 വർഷങ്ങളിലായി നാല് പ്രാവശ്യം ചാമ്പ്യൻ.
- 2. ഇമ്മാനുവൽ ലാസ്‌കര്‍ (ജർമ്മനി): എക്കാലത്തെയും ശക്തനായ കളിക്കാരിൽ ഒരാളാണ് ലാസ്‌കര്‍. ഏറ്റവും കൂടുതൽ കാലം ചാമ്പ്യനായിരുന്നു. 1894, 96, 1907, 1908, 1910, 1910 വർഷങ്ങളിലായി ആറു പ്രാവശ്യം കിരീടം സ്വന്തമാക്കിയിട്ടുണ്ട്.
- 3. ജോസ് റൗൾ കാപബ്ലാങ്ക (ക്യൂബ): മൂന്നാം ലോക ചെസ്സ് ചാമ്പ്യനായിരുന്നു ജോസ്. 1916-1924 വരെയുള്ള 8 വർഷത്തെ കാലയളവിൽ ഒരു ടൂർണമെന്‍റ് ഗെയിമിൽ പോലും കാപാബ്ലാങ്ക തോറ്റില്ല. 1921-ൽ ഒറ്റത്തവണ ലോക ചാമ്പ്യനായി.
- 4. അലക്സാണ്ടർ അലഖൈൻ (സോവ്യറ്റ് യൂണിയൻ): ചാമ്പ്യനായിരിക്കെ മരണപ്പെട്ട താരമാണ്. 1927, 29, 34, 37 വർഷങ്ങളിലായി നാലു തവണ ചാമ്പ്യൻ പട്ടം സ്വന്തമാക്കി. അലഖൈൻ ചെസ്സിനെക്കുറിച്ച് 20 ലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
- 5. മാക്‌സ് യൂവേ (നെതർലന്‍ഡ്): അഞ്ചാമത്തെ ലോക ചെസ് ചാമ്പ്യനായിരുന്നു മാക്സ് യൂവെ. നെതർലൻഡ്സിൽ നിന്നുള്ള ആദ്യ ഗ്രാൻഡ്‌മാസ്റ്റര്‍, ആകെ 12 ഡച്ച് ചാമ്പ്യൻഷിപ്പുകൾ നേടി. 1935-ൽ ഒരു തവണ ലോക ചാമ്പ്യനായി.
- 6. മിഖായേൽ ബോട്ട്വിന്നിക് (സോവ്യറ്റ് യൂണിയൻ): സോവിയറ്റ് ചെസ് സ്‌കൂളിന്‍റെ പിതാവ് എന്നറിയപ്പെടുന്നു. ലോക ചാമ്പ്യൻമാരായ അനറ്റോലി കാർപോവ്, ഗാരി കാസ്പറോവ്, വ്‌ളാഡിമിർ ക്രാംനിക് എന്നിവര്‍ മിഖായേലിന്‍റെ വിദ്യാര്‍ഥികളാണ്. 1948, 1951, 54, 58, 61 എന്നീ വർഷങ്ങളിലായി ആറു പ്രാവശ്യം ചാമ്പ്യൻ.
- 7.വാസിലി സ്‌മിസ്ലോവ് (സോവ്യറ്റ് യൂണിയൻ): ഏഴാമത്തെ ലോക ചെസ് ചാമ്പ്യനായിരുന്നു വാസിലി. (1957-1958). രണ്ട് തവണ സോവിയറ്റ് ചാമ്പ്യൻ കൂടിയായിരുന്നു. ഫൈനലിൽ ഒരിക്കൽ തോറ്റ ശേഷം വീണ്ടും മത്സരിച്ച് ചാമ്പ്യനായ ഒരേയൊരാൾ. 1957-ൽ ഒരു തവണ ലോക കിരീടം നേടി
- 8. മിഖായേൽ ടാൽ (ലാത്വിയ): റിഗയിൽ നിന്നുള്ള മാന്ത്രികൻ എന്നാണ് മിഖായേല്‍ അറിയപ്പെടുന്നത്. 23 വയസ്സിൽ 1960-ൽ ഒരു തവണ ചാമ്പ്യനായി.അദ്ദേഹത്തിന്‍റെ ആത്മകഥ, ദി ലൈഫ് ആൻഡ് ഗെയിംസ് ഓഫ് മിഖായേൽ ടാൽ, ഒരു ക്ലാസിക് ആയി കണക്കാക്കപ്പെടുന്നു.
- 9. ടിഗ്രാൻ വി. പെട്രോസിയൻ (സോവ്യറ്റ് യൂണിയൻ- ജോർജിയ/ആർമീനിയ) മികച്ച ഡിഫൻസ് കളിക്കാരൻ 1963, 1966 വർഷങ്ങളിലായി രണ്ടു പ്രാവശ്യം ചാമ്പ്യൻ. സോവിയറ്റ് അംഗമായിരുന്നു. 'അയൺ ടൈഗ്രാൻ' എന്നറിയപ്പെടുന്ന താരമാണ്.
- 10. ബോറിസ് സ്‌പാസ്‌കി (സോവ്യറ്റ് യൂണിയൻ): 1969-ൽ 10-ാമത്തെ ലോക ചെസ്സ് ചാമ്പ്യനായി. ഏതു പൊസിഷനിലും ജയിക്കാൻ കഴിവുണ്ടെന്ന ഖ്യാതി നേടിയ താരമാണ്.
- 11. ബോബി ഫിഷർ (യുഎസ്എ): ചരിത്രത്തിലെ ആദ്യത്തെ ഏക അമേരിക്കൻ ലോക ചെസ്സ് ചാമ്പ്യനാണ്. രണ്ടാം തവണ ഫൈനൽ കളിക്കാൻ വിസമ്മതിച്ചു. കളിയിൽ നിന്ന് പാടെ വിട്ടുനിന്നു. 1972-ൽ ഒറ്റത്തവണ കിരീടം നേടി.
- 12. അനറ്റോലി കാർപോവ് (സോവ്യറ്റ് യൂണിയൻ): എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണ്. ലോകത്ത് ഏറ്റവും കൂടുതൽ ഓവർ റേറ്റിംഗ് നേടിയ കളിക്കാരനായിരുന്നു. 1975, (ഫിഷർ വിസമ്മതിച്ചതിനാൽ ചാമ്പ്യനായി) പിന്നെ 78, 81, 84 വർഷങ്ങളിൽ മൂന്നു തവണയും കിരീടം സ്വന്തമാക്കി.
- 13. ഗാരി കാസ്‌പറോവ് (സോവ്യറ്റ് യൂണിയൻ/ റഷ്യ): 13-ാമത്തെ ലോക ചാമ്പ്യനായിരുന്നു. 22 വയസ്സിൽ ചാമ്പ്യൻ. മിഖായേൽ ബോട്ട്‌വിന്നിക്കിന്‍റെ വിദ്യാര്‍ഥിയായിരുന്നു. 1985, 87, 90, 93, 95 വർഷങ്ങളിലായി ആറു തവണ ചാമ്പ്യൻ.
- 14. വ്ലാഡിമിർ ക്രാംനിക് (റഷ്യ): 1970-കളിൽ ജനിച്ച ഏക ലോക ചെസ്സ് ചാമ്പ്യനാണ് വ്‌ളാഡിമിർ ക്രാംനിക്. കാസ്‌പറോവിനെ തോല്‍പിച്ച് അട്ടിമറി വിജയം. പിന്നീട് ഫൈഡ് ചാമ്പ്യൻ ടോപ്പലോവിനെ തോല്പിച്ച് വീണ്ടും ചെസ് ലോകത്തെ ഒന്നാക്കി. 2000, 2004, 2006 വർഷങ്ങളിലായി മൂന്നു തവണ ചാമ്പ്യൻ.
- 15. വിശ്വനാഥൻ ആനന്ദ് (ഇന്ത്യ): വേഗമേറിയ ചെസ്സിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റി. 2007, 2008, 2010, 2012 വർഷങ്ങളിലായി നാലു തവണ ചാമ്പ്യൻ.1969 ഡിസംബർ 11 ന് തമിഴ്‌നാട്ടിലെ മയിലാടുതുറൈയിലാണ് ആനന്ദ് ജനിച്ചത്.
- 16. മാഗ്നസ് കാൾസെൻ (നോർവെ): 2013, 2014, 2016, 2018, 2021 വർഷങ്ങളിലായി അഞ്ചു പ്രാവശ്യം ചാമ്പ്യനായി. 2023-ൽ ചാമ്പ്യൻ പട്ടം ഡിഫൻഡ് ചെയ്യുന്നില്ല എന്നു പ്രഖ്യാപിച്ചു. ആറ് നോർവേ ചെസ് വിജയങ്ങളും വിജ്‌കിലെ എട്ട് വിജയങ്ങളും ഉൾപ്പെടെ നിരവധി എലൈറ്റ് ടൂർണമെന്‍റ് വിജയങ്ങളും സ്വന്തമാക്കിയിട്ടുണ്ട്..
- 17. ഡിങ് ലിറന്‍ (ചൈന): ചൈനീസ് ചെസ് ഗ്രാൻഡ് മാസ്റ്ററും 17-ാമത് ഫിഡെ ലോക ചാമ്പ്യനുമാണ്. 2023-ൽ ടൈ-ബ്രേക്കിലാണ് താരം ചാമ്പ്യനായത്.
- 18. ഗുകേഷ് ദൊമ്മരാജു (ഇന്ത്യ): ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യൻ. റഷ്യൻ താരം ഗാരി കാസ്പറോവിന്‍റെ റെക്കോർഡാണ് ഗുകേഷ് തകര്‍ത്തത്. ചൈനീസ് താരം ഡിങ് ലിറനെ പരാജയപ്പെടുത്തി കിരീടം നേടി.