ഓക്‌ലൻഡ് : ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിലും ഓസ്‌ട്രേലിയയ്‌ക്ക് വിജയം. ഓക്‌ലൻഡിലെ ഈഡൻ പാർക്കിൽ 72 റൺസിനാണ് സന്ദര്‍ശകര്‍ വിജയം നേടിയത് (New Zealand vs Australia 2nd T20I Highlights). ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് നേടിയ 174 റൺസ് പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 102 റണ്‍സില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. 35 പന്തില്‍ 42 റണ്‍സെത്തുട്ട ഗ്ലെന്‍ ഫിലിപ്‌സ് ടോപ് (Glenn Phillips) സ്‌കോററായി.
ജോഷ് ക്ലാർക്ക്‌സൺ (13 പന്തില്‍ 10), ട്രെന്‍റ് ബോള്‍ട്ട് (11 പന്തില്‍ 16 റണ്‍സ്) എന്നിവരാണ് കിവീസ് നിരയില്‍ രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍. ഓസീസിനായി ആദം സാംപ നാല് വിക്കറ്റുകള്‍ വീഴ്‌ത്തി. നഥാന്‍ എല്ലിസ് രണ്ടും ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി ഒപ്പം ചേര്‍ന്നതോടെ 17 ഓവറിലാണ് ആതിഥേയരുടെ കഥ തീര്‍ത്തത്.
ആദ്യ ഓവറിലേറ്റ തിരിച്ചടിയില്‍ നിന്നും ഒരിക്കല്‍പ്പോലും കരകയറാന്‍ കിവികള്‍ക്ക് കഴിഞ്ഞില്ല. ഫിൻ അലൻ (6), വിൽ യങ് (5), മിച്ചൽ സാന്‍റ്‌നർ (7), മാർക് ചാപ്‌മാൻ (2), എന്നിവര്‍ മടങ്ങുമ്പോള്‍ വെറും 29 റണ്‍സ് മാത്രമായിരുന്നു കിവികളുടെ സ്‌കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് ഒന്നിച്ച ഗ്ലെന്‍ ഫിലിപ്‌സും ജോഷ് ക്ലാർക്ക്‌സണും 45 റണ്‍സ് ചേര്‍ത്ത് പ്രതീക്ഷ നല്‍കി.
എന്നാല്‍ ക്ലാർക്ക്‌സണെ പുറത്താക്കി ആദം സാംപ ബ്രേക്ക് ത്രൂ നല്‍കി. ആദം മില്‍നെയെ (0) തൊട്ടടുത്ത പന്തില്‍ തന്നെ സാംപ മടക്കി. പിന്നാലെ ഗ്ലെന്‍ ഫിലിപ്‌സും വീണു. തുടര്‍ന്നെത്തിയവരില്‍ ബോള്‍ട്ട് രണ്ടക്കം കണ്ടതാണ് കിവകളെ 100 കടത്തിയത്. ലോക്കി ഫെർഗൂസണാണ് (4) പുറത്തായ മറ്റൊരു കിവീസ് താരം. പരിക്കേറ്റതിനെ തുടര്‍ന്ന് ഡെവോൺ കോൺവെ ബാറ്റിങ്ങിന് എത്താതിരുന്നപ്പോള്‍ ബെൻ സിയേഴ്‌സ് (2) പുറത്താവാതെ നിന്നു.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് 19.5 ഓവറില്‍ ഓള്‍ഔട്ടാവുകയായിരുന്നു. 22 പന്തുകളില്‍ 45 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ടീമിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിക്കുന്നതില്‍ പ്രധാനിയായത്. വാര്‍ണര്‍ക്ക് പകരം ഓപ്പണറായെത്തിയെങ്കിലും സ്റ്റീവ് സ്‌മിത്തിന് (11) അവസരം മുതലാക്കാന്‍ കഴിഞ്ഞില്ല.
മിച്ചല്‍ മാര്‍ഷ് (21 പന്തില്‍ 26), ടിം ഡേവിഡ് (19 പന്തില്‍ 17), പാറ്റ് കമ്മിന്‍സ് (22 പന്തില്‍ 28) എന്നിവരാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍. ഗ്ലെൻ മാക്‌സ്‌വെൽ (6), മിച്ചൽ മാർഷ് (26) ജോഷ് ഇൻഗ്ലിസ് (5), മാത്യു വെയ്‌ഡ് (1) എന്നിവർ നിരാശപ്പെടുത്തി. കിവീസിനായി ലോക്കി ഫെര്‍ഗൂസണ്‍ നാല് വിക്കറ്റുകള്‍ വീഴ്‌ത്തി. ആദം മിൽനെ, ബെൻ സീർസ്, മിച്ചൽ സാന്‍റ്‌നർ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
ബാറ്റുകൊണ്ടും പന്തുകൊണ്ടും നിര്‍ണാകയ പ്രകടനം നടത്തിയ പാറ്റ് കമ്മിന്‍സാണ് (Pat Cummins) മത്സരത്തിലെ താരം. ആദ്യ ടി20യില്‍ ആറ് വിക്കറ്റിന് വിജയിക്കാന്‍ ഓസീസ് കഴിഞ്ഞിരുന്നു. ഇതോടെ മൂന്ന് മത്സര പരമ്പര ഒരു കളി ബാക്കിനില്‍ക്കെ സ്വന്തമാക്കാന്‍ സന്ദര്‍ശകര്‍ക്ക് കഴിഞ്ഞു.